Connect with us

Ongoing News

വിക്കിപീഡിയ ഉപയോഗിച്ചും അഴിമതി; 250 അക്കൗണ്ടുകള്‍ റദ്ദാക്കി

Published

|

Last Updated

ന്യൂയോര്‍ക്ക്: സ്വതന്ത്ര വിജ്ഞാന കോശമായ വിക്കിപീഡിയ ഉപയോഗിച്ചും അഴിമതി. വിക്കിപീഡിയയില്‍ കാശിന് വിവരങ്ങള്‍ ചേര്‍ക്കുന്നുവെന്ന് കണ്ടെത്തിയ 250ലേറെ യൂസര്‍ അക്കൗണ്ടുകള്‍ വിക്കിപീഡിയ റദ്ദാക്കി. ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് വിക്കിപീഡിയ വന്‍തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായി കണ്ടെത്തിയത്.

വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുകയും അതുപയോഗിച്ച് പണം വാങ്ങി വാണിജ്യ ഉത്പന്നങ്ങളും മറ്റും പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതിമാസം 50 കോടി വായനക്കാരുള്ള വിക്കിപീഡിയക്ക് രണ്ടര ലക്ഷം വോളണ്ടിയര്‍ എഡിറ്റര്‍മാരുണ്ട്. ഇവരില്‍പ്പെട്ട 250 എഡിറ്റര്‍മാരുടെ അക്കൗണ്ടുകളാണ് റദ്ദാക്കിയിരിക്കുന്നത്.

പണത്തിനായുള്ള വിക്കിപീഡിയ എഡിറ്റിംഗ് സംബന്ധിച്ച അന്വേഷണത്തില്‍ കണ്ടെത്തിയ ഭൂരിഭാഗം ലേഖനങ്ങളും വിക്കി-പി ആര്‍ എന്ന അമേരിക്കന്‍ കമ്പനിയുടേതാണ്. ഇത്തരം കമ്പനികള്‍ എഴുതുകാരില്‍ നിന്നും സംഗീതജ്ഞരില്‍ നിന്നുമെല്ലാം പണം വാങ്ങി വിക്കിപീഡിയയിലൂടെ പ്രചാര വേല നടത്തുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിവാദ ലേഖനങ്ങളുടെ പട്ടിക വിക്കിപീഡിയ പ്രസിദ്ദീകരിച്ചിട്ടുണ്ട്.

“വിക്കിപീഡിയ കുറ്റമറ്റ ഒന്നല്ലെന്ന് ഞങ്ങളുടെ വായനക്കാര്‍ക്കറിയാം. എങ്കിലും ഏതെങ്കിലും ഉത്പന്നങ്ങള്‍ വില്‍ക്കാനോ പ്രചരിപ്പിക്കാനോ വിക്കിപീഡിയ ശ്രമിക്കില്ല. ഇതിന് ഭീഷണിയാകുന്ന എന്തും വലിയ പ്രശ്‌നമാണ്” – വിക്കിമീഡിയ ഫൗണ്ടേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സ്യൂ ഗാര്‍ഡ്‌നര്‍ പറഞ്ഞു.

അതേസമയം, മലയാളം വിക്കിപീഡിയയില്‍ ഇതുവരേ ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മലയാളം വിക്കിപീഡിയ അംബാസഡര്‍ നതാ ഹുസൈന്‍ സിറാജ്‌ലൈവിനോട് പറഞ്ഞു. വിക്കിപീഡിയയെ ഉപയോഗിച്ച് പണമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് സംശയമുള്ളവരെയും തെറ്റായ വിവരങ്ങള്‍ ചേര്‍ക്കുന്നവരേയും ഉടന്‍ തന്നെ പിടി കൂടി ബ്ലോക്ക് ചെയ്യാറുണ്ട്. ഒരു യൂസര്‍ തുടര്‍ച്ചയായി ഒരു ലേഖനത്തില്‍ തിരുത്തല്‍ വരുത്തുന്നത് ശ്രദ്ധയില്‍പെടുമ്പോഴാണ് ഇത് സംബന്ധിച്ച് അന്വേഷിക്കാറ്. ഇത്തരത്തില്‍ സംശയം തോന്നിയാല്‍ വിക്കിപഞ്ചായത്തില്‍ (വിക്കിപീഡിയ യൂസര്‍മാര്‍ വിവരങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യുന്ന വേദി) വിഷയം ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയുമാണ് ചെയ്യാറുള്ളത്. മലയാളത്തില്‍ മുമ്പ് “സംഹാരമൂര്‍ത്തി” എന്ന പേരില്‍ തുടങ്ങിയ ഒരു അക്കൗണ്ടിന് ഇത്തരത്തില്‍ ലേഖനങ്ങള്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി എഡിറ്റ് ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നുവെന്നും നെത ഹുസൈന്‍ പറഞ്ഞു.