Connect with us

Kozhikode

പശ്ചിമഘട്ട ഹര്‍ത്താല്‍ ഭാഗികം

Published

|

Last Updated

താമരശ്ശേരി: കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് പശ്ചിമഘട്ട ജനകീയ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ താമരശ്ശേരി മേഖലയില്‍ ഭാഗികം.
താമരശ്ശേരി ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തേണ്ട 64 ഷെഡ്യൂളില്‍ 40 ഷെഡ്യൂള്‍ സര്‍വീസ് നടത്തി. ഹര്‍ത്താല്‍ പൂര്‍ണമായിരിക്കുമെന്ന് കരുതി പുറത്തിറങ്ങാതിരുന്നവര്‍ ഉച്ചയോടെ പുറത്തിറങ്ങിയതിനാല്‍ താമരശ്ശേരി മേഖലയില്‍ ഹര്‍ത്താലിന്റെ പ്രതീതി ദൃശ്യമായില്ല. വ്യാപാര സ്ഥാപനങ്ങള്‍ ഏറെകുറെ തുറന്നു പ്രവര്‍ത്തിച്ചു.
എന്നാല്‍ കോടഞ്ചേരി, പുതുപ്പാടി, കട്ടിപ്പാറ പഞ്ചായത്തുകളില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നു. മിക്ക സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിച്ചില്ല. സ്വകാര്യ വാഹനങ്ങളും ഏതാനും കെ എസ് ആര്‍ ടി സി ബസുകളും മാത്രമാണ് റോഡിലിറങ്ങിയത്. പുതുപ്പാടി, ഈങ്ങാപ്പുഴ, കോടഞ്ചേരി വില്ലേജ് ഓഫീസുകള്‍ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങള്‍ക്കും മറ്റും തടസ്സമുണ്ടായിരുന്നില്ലെങ്കിലും മിക്കയിടങ്ങളും ഉദ്യോഗസ്ഥര്‍ ജോലിക്കെത്തിയില്ല. ജനകീയ സമിതിയുടെ നേതൃത്വത്തില്‍ അടിവാരത്ത് അരമണിക്കൂറോളം ദേശീയ പാത ഉപരോധിച്ചു. അടിവാരം-കോഴിക്കോട് റൂട്ടിലും വയനാട് റൂട്ടിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല.

Latest