Connect with us

Malappuram

മലയോര മേഖലയിലെ ആയിരങ്ങള്‍ കുടിയൊഴിയല്‍ ഭീഷണിയില്‍

Published

|

Last Updated

മലപ്പുറം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ജില്ലയിലെ മലയോര മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ വീട് വിട്ടിറങ്ങേണ്ടി വരും.
നിലമ്പൂര്‍ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ് കുടിയൊഴിയേണ്ടി വരിക. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായി നിയോഗിച്ച കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളാണ് ജില്ലയിലെ നിലമ്പൂര്‍ വനാതിര്‍ത്തി പങ്കിടുന്ന കുടുംബങ്ങളെ ആശങ്കയിലാഴ്ത്തുന്നത്.
അയ്യായിരത്തോളം കുടുംബങ്ങളെയും അമ്പതിനായിരത്തോളം ജനങ്ങളേയും നേരിട്ട് ബാധിക്കും. വനത്തോട് അതിര്‍ത്തി പങ്കിടുന്ന സ്ഥലത്ത് വന്‍തോതില്‍ കുടിയേറ്റ കര്‍ഷകരെ കുടിയൊഴിപ്പിക്കും. നിലവില്‍ വനംവകുപ്പ് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയ കുടുംബങ്ങളാണ് എറെ ഭീതിയില്‍ കഴിയുന്നത്.
കമ്മറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കിയാല്‍ ഈ പഞ്ചായത്തുകളില്‍ ഒരുവിധ നിര്‍മാണ പ്രവൃത്തികളും അനുവദിക്കില്ല. വെള്ളം വലിച്ചെടുക്കുന്ന മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ പാടില്ലായെന്നതാണ് പ്രധാന ശുപാര്‍ശ.
എന്നാല്‍ ഈ പഞ്ചായത്തുകളില്‍ 90 ശതമാനം കര്‍ഷകരും അമിതമായി വെള്ളം വലിച്ചെടുക്കുന്ന റബ്ബര്‍ മരങ്ങള്‍ കൃഷിചെയ്യുന്നവരാണെന്നാണ് കമ്മറ്റിയുടെ റിപ്പോര്‍ട്ടിലുള്ളത്. വീടിന് ചുറ്റുമുള്ള കല്ല് കൈയാലക്ക് പകരം ജൈവവേലി സ്ഥാപിക്കണം, പുഴകളിലെ മണലെടുപ്പ് പൂര്‍ണമായി നിരോധിക്കണം, ജനിതക വ്യതിയാനം നടത്തിയ വിളകളെ അനുവദിക്കരുത്, എല്ലാതരം കീടനാശിനികളുടേയും, കളനാശിനികളുടേയും ഉപയോഗം അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇല്ലാതാക്കുക, കടകളിലും, സ്ഥാപനങ്ങളിലും, വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം പൂര്‍ണമായും നിരോധിക്കുക, നീര്‍ത്തടങ്ങള്‍, പ്രത്യേക ആവാസ വ്യവസ്ഥകള്‍, ജൈവവൈവിധ്യ മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജനവാസവും നിര്‍മാണങ്ങളും പൂര്‍ണമായി നിരോധിക്കുക തുടങ്ങി ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഒട്ടേറെ കാര്യങ്ങളാണ് കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത് .
1986ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരമുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അതിരുകള്‍ പശ്ചിമഘട്ട പ്രദേശങ്ങളില്‍ കണ്ടെത്തി അവയെ സോണുകളാക്കി വിജ്ഞാപനം ചെയ്യുകയാണ് കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ ചെയ്യുന്നത്. പാരിസ്ഥിതിക ലോല പ്രദേശങ്ങളെ പ്രധാനമായും നാലുതരമായാണ് തിരിച്ചത്.
ജില്ലയില്‍നിന്ന് 29 ഗ്രാമപഞ്ചായത്തുകളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ പോത്തുകല്ല്, കരുളായി പഞ്ചായത്തുകളിലെ 95 ശതമാനവും സംരക്ഷിത മേഖലയിലാണ് ഉള്‍പ്പെടുക. കരുളായി, അമരമ്പലം, ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട് പഞ്ചായത്തുകളിലെ ഭൂരിഭാഗവും പരിസ്ഥിതികമായി അതീവലോല പ്രദേശമായും സംരക്ഷിത മേഖലയായും പ്രഖ്യാപിക്കണമെന്നാണ് കമ്മിറ്റിയുടെ ശുപാര്‍ശയുള്ളത്. വയനാട് വനത്തോട് അതിര്‍ത്തി പങ്കിടുന്ന ജില്ലയിലെ പോത്തുകല്ല്, ചുങ്കത്തറ, ചാലിയാര്‍ എന്നീ പഞ്ചായത്തുകളും പാരിസ്ഥിതികമായി അതീവ ലോലപ്രദേശത്തിലുള്‍പ്പെടുന്നുണ്ട്. വനാതിര്‍ത്തിയോട് ചേര്‍ന്ന് കഴിയുന്ന കുടിയേറ്റ കര്‍ഷകരെ നിയന്ത്രണത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കും.