Connect with us

Wayanad

അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്ക് പിന്തുണയേകി 'ഭൂമിക'

Published

|

Last Updated

കല്‍പറ്റ: അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന സ്ത്രീകള്‍ക്ക് പിന്തുണ നല്‍കാനായി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഭൂമിക കേന്ദ്രങ്ങള്‍ നാലാം വര്‍ഷത്തിലേക്ക് കടക്കുന്നു.
ഗാര്‍ഹിക പീഢനങ്ങള്‍,ലൈംഗികാതിക്രമങ്ങള്‍ എന്നിവയ്ക്കിരയായ സ്ത്രീകള്‍ക്ക് ആവശ്യമായ വൈദ്യസഹായവും കണ്‍സിലിംഗും നല്‍കുന്നതിനായി 2009 ഡിസംബറിലാണ് ഭൂമിക (ജെന്‍ഡര്‍ ബേസ്ഡ് വയലന്‍സ് മാനേജ്‌മെന്റ് സെന്റര്‍) പ്രവര്‍ത്തനം ആരംഭിച്ചത്. അതിക്രമത്തിന് ഇരയായവര്‍ക്ക് പിന്തുണയും നീതിയും ഉറപ്പാക്കുന്നതിന് സാമൂഹിക നീതി വകുപ്പ്, ലീഗല്‍ സര്‍വ്വീസ് അതോറിറ്റി, വനിതാസെല്‍, ഷെല്‍ട്ടര്‍ഹോം, ജാഗ്രതാസമിതി, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണം ഭൂമിക ഉറപ്പാക്കും. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം, നിയമസഹായം, താമസ സൗകര്യം എന്നിവയും ഭൂമികയുടെ നേതൃത്വത്തില്‍ ഒരുക്കും.
ഭൂമിക സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഓരോ കേന്ദ്രത്തിലും ഒരു വനിതാ കൗണ്‍സിലറെ നിയമിച്ചിട്ടുണ്ട്. ഭൂമികയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചുവരികയാണെന്ന് ഡി എം ഒ നീതാവിജയന്‍ അറിയിച്ചു.
24 മണിക്കൂറും ലഭ്യമാവുന്ന സേവനം ഭൂമിക മുഖാന്തിരം സജ്ജമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു. ഇതുകൂടാതെ, ഭൂമികയില്‍ റിപ്പോര്‍ട്ടു ചെയ്യുന്ന കേസുകള്‍ക്ക് പ്രത്യേകിച്ച് ലൈംഗിതാതിക്രമ കേസുകളില്‍ ആവശ്യമായ നിയമസഹായങ്ങള്‍ നല്‍കുന്നതിന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള പോലീസുദ്യോഗസ്ഥരുടെയും വക്കീല്‍മാരുടെയും മുഴുവന്‍ സമയ സേവനം എല്ലാ ഭൂമിക കേന്ദ്രങ്ങളിലും ഉടന്‍ ലഭ്യമാക്കുമെന്നും ഡി എം ഒ അറിയിച്ചു. ഭൂമികയുടെ സേവനം ലഭിക്കുന്നതിന് താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഭൂമിക സെന്റര്‍, പോലീസ് സ്റ്റേഷന്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍/പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലയിലെ സര്‍വ്വീസ് പ്രൊവൈഡിംഗ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04936-227200, 221200, 225811.

Latest