Connect with us

Malappuram

പൊന്നാനിയില്‍ മഅ്ദനിയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി നീക്കം

Published

|

Last Updated

മലപ്പുറം: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ നിന്ന് അബ്ദുന്നാസര്‍ മഅ്ദനിയെ മത്സരിപ്പിക്കാന്‍ പി ഡി പിയില്‍ ആലോചന. പ്രവര്‍ത്തകരില്‍ നിന്നുള്ള ശക്തമായ ആവശ്യമാണ് ഇത്തരമൊരു നീക്കത്തിന് നേതൃത്വത്തെ പ്രേരിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം മഅ്ദനിയെ നേരിട്ട് അറിയിക്കുകയും അദ്ദേഹം അനുകൂലമായ മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ശ്രമം.

വിചാരണ തടവുകാരനായതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അദ്ദേഹത്തിന് തടസ്സമുണ്ടാകില്ലെന്ന നിയമോപദേശവും ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം, സ്ത്രീ വോട്ടര്‍മാരുമുള്ള മണ്ഡലമെന്നതിനാലാണ് പൊന്നാനി തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് രണ്ടും തിരഞ്ഞെടുപ്പില്‍ മഅ്ദനിക്ക് ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് പി ഡി പി നേതൃത്വം. വിവിധ മുസ്‌ലിം സമുദായ സംഘടനകളുടെ വോട്ടും പ്രതീക്ഷിക്കുന്നുണ്ട്. മഅ്ദനിയോട് ഭരണകൂടങ്ങള്‍ തുടരുന്ന നീതിനിഷേധത്തിനെതിരെ പ്രതികരിക്കാനുള്ള അവസരമായാണ് പി ഡി പി ഇതിനെ കാണുന്നത്.
മഅ്ദനിയെ പോലെ മുസ്‌ലിം സമൂഹത്തിലെ നിരവധി പേര്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ കാലങ്ങളായി പീഡിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള നീതിനിഷേധങ്ങള്‍ തന്നെയാകും തിരഞ്ഞെടുപ്പില്‍ പി ഡി പി മുഖ്യമായും പ്രചാരണായുധമാക്കുക. 2004ല്‍ പി ഡി പി സ്ഥാനാര്‍ഥിയായി പൊന്നാനി മണ്ഡലത്തില്‍ മത്സരിച്ച യു കുഞ്ഞുമുഹമ്മദിന് 45,720 വോട്ടുകള്‍ ലഭിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ വോട്ട് നേടാനാകുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. ഈ വിഷയം ഇന്ന് എറണാകുളത്ത് ചേരുന്ന പി ഡി പി സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റിയുടെയും ജില്ലാ സെക്രേട്ടറിയറ്റ്, പോഷക സംഘടനാ ഭാരവാഹികളുടെയും യോഗം ചര്‍ച്ച ചെയ്യും. തീരുമാനം അടുത്ത ദിവസം തന്നെ ചെയര്‍മാന്‍ മഅ്ദനിക്ക് കൈമാറുകയും ചെയ്യും. ഇത്തവണയും ഇ ടി മുഹമ്മദ് ബഷീര്‍ തന്നെയാകും പൊന്നാനിയില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ ഥി എന്നാണ് കരുതുന്നത്. മഅ്ദനിയുടെ മോചനത്തിനായി അദ്ദേഹം ഇടപെടല്‍ നടത്തിയിരുന്നെങ്കിലും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കൃത്യമായ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതില്‍ പി ഡി പിക്ക് അമര്‍ഷമുണ്ട്. അതുകൊണ്ട് തന്നെ എതിരാളിയെ നോക്കാതെ തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതുവായ ആവശ്യം. പൊന്നാനിയെ കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ഏതാനും മണ്ഡലങ്ങളിലും പി ഡി പി ഒറ്റക്ക് മത്സരിക്കും. എന്നാല്‍ മഅ്ദനി മത്സരിക്കുന്നതിനോട് യോജിപ്പില്ലാത്ത ചിലരും പി ഡി പിയുടെ സംസ്ഥാന നേതൃത്വത്തിലുള്ളതായാണ് അറിയുന്നത്.

 

Latest