Connect with us

Editorial

കുട്ടികളോട് ക്രൂരത

Published

|

Last Updated

വാഗമണ്ണില്‍ പ്രസവിച്ച ഉടനെ അമ്മ ഇരട്ടക്കുഞ്ഞുങ്ങളെ കഴുത്തറത്തു കൊന്നതും കൊല്ലം കുളത്തൂപ്പുഴയില്‍ ആറ് വയസ്സുകാരനെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചതിന് മാതാവും എറണാകുളം ജില്ലയിലെ മരടില്‍ ഒന്നര വയസ്സുകാരനെ മര്‍ദിച്ചതിന് മുത്തച്ഛന്‍ അറസ്റ്റിലായതും ഒരേ ദിവസത്തെ വാര്‍ത്തകളാണ്. സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണെന്നാണ് ഇത്തരം വാര്‍ത്തകളുടെ പെരുപ്പം കാണിക്കുന്നത്. മുന്‍കാലങ്ങളില്‍ രണ്ടാനമ്മയോ ഭിക്ഷാടന മാഫിയയോ അകന്ന ബന്ധുക്കളോ ആയിരുന്നു കുട്ടികളെ പീഡിപ്പക്കുകയും ദ്രോഹിക്കുകയും ചെയ്തിരുന്നതെങ്കില്‍ ഇന്ന് നൊന്തുപെറ്റ മാതാവിന്റെയും ലാളനയോടെ വളര്‍ത്തേണ്ട പിതാവിന്റെയും മുത്തച്ഛന്മാരുടെയും കരങ്ങളാല്‍ പീഡിപ്പിക്കപ്പെടുന്ന കുരുന്നുകളുടെ എണ്ണം പെരുകുകയാണ്. മുന്ന് മാസം മുമ്പ് ഇടുക്കി ജില്ലയിലെ ചെങ്കരയില്‍ ശഫീഖ് എന്ന അഞ്ച് വയസ്സുകാരന്‍ അനുഭവിച്ച പീഡനങ്ങളുടെ കഥ കേട്ട് കേരളീയ മനസ്സാക്ഷി നടുങ്ങുകയുണ്ടായി. ഇരുമ്പ് കുഴല്‍ കൊണ്ട് കുഞ്ഞിക്കാല്‍ അടിച്ചൊടിക്കുക, മലദ്വാരത്തിലൂടെ ഈര്‍ക്കില്‍ കുത്തിക്കയറ്റുക, മണല്‍ പഴുപ്പിച്ച് അതില്‍ കിടത്തി പൊള്ളിക്കുക. ഒടിഞ്ഞ കാല്‍കൊണ്ടു നടക്കാനാകാതെ വേദനയാല്‍ പുളയുമ്പോള്‍ നിര്‍ബന്ധിച്ചു നടത്തിക്കുക. നടക്കാനാകാതെ അവശനായി നിലത്തുവീഴുമ്പോള്‍ അതിന്റെ പേരില്‍ പിന്നെയും ക്രൂരമായി മര്‍ദിക്കുക തുടങ്ങി അതിക്രൂരമായ പീഡനങ്ങളായിരുന്നു ശഫീഖിനേല്‍ക്കേണ്ടി വന്നത്. പിതാവും രണ്ടാനമ്മയും ചേര്‍ന്നാണ് ഈ പീഡനങ്ങള്‍ നടത്തിയത്.
പോലീസ് ലോക്കപ്പിലെ മുന്നാം മുറയെ വെല്ലുന്ന തരത്തിലുള്ള പീഡനങ്ങളാണ് പല കുട്ടികളും വീടുകളില്‍ നിന്ന് അനുഭവിക്കുന്നത്. പുറത്തു പറഞ്ഞാല്‍ കുടുതല്‍ അതിക്രമത്തിന് ഇരയാകേണ്ടി വരുമെന്നതിനാല്‍ നിശ്ശബ്ദം സഹിക്കാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാകുന്നതിനാല്‍ ഇത്തരം മിക്ക സംഭവങ്ങളും പുറം ലോകം അറിയാതെ പോകുന്നു. പീഡനം അസഹ്യമാകുകയും കുട്ടികളുടെ ആരോഗ്യ സ്ഥിതി വഷളാകുകയും ചെയ്യുമ്പോഴാണ് വെളിച്ചത്ത് വരുന്നത്. ഇന്ത്യയില്‍ ഓരോ എട്ട് മിനിറ്റിലും ഒരു കുട്ടിയെ കാണാതാകുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ചാനലായ സി എന്‍ എന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. അപ്രത്യക്ഷരാകുന്ന കുട്ടികളില്‍ ഗണ്യമായൊരു ഭാഗവും വീട്ടിലെ പീഡനവും സ്‌നേഹം നിഷേധിക്കപ്പെട്ട ചുറ്റുപാടും കാരണം ഒളിച്ചോടുന്നവരാണ്. കാണാതായ കുട്ടികളുടെ മാതാപിതാക്കളില്‍ പലരും പോലീസില്‍ പരാതിപ്പെടുന്നില്ലെന്ന സി എന്‍ എന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശം നല്‍കുന്ന സൂചനയും അതാണ്.
1956ലെ ബാലാധ്വാന നിരോധ നിയമം, 2006 ലെ ദേശീയ ബാല്യാവകാശ കമ്മീഷന്‍ നിയമം, 1986ല്‍ നിലവില്‍ വന്നതും പിന്നീട് പരിഷ്‌കരിക്കപ്പെട്ടതുമായ ബാലനീതി നിയമം തുടങ്ങി കുട്ടികള്‍ക്കെതിരായ അതിക്രമം തടയാന്‍ രാജ്യത്ത് നിയമങ്ങള്‍ പലതുമുണ്ടെങ്കിലും അവയൊക്കെ നോക്കുകുത്തികളാണെന്നതാണ് അനുഭവം. കേരളത്തില്‍ ബാലപീഡനം തടയുന്നതിന് വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബാലാവകാശ കമ്മീഷന്‍, ജാഗ്രതാ സമിതികള്‍, അങ്കണ്‍വാടികള്‍, സ്‌കൂള്‍ അധികൃതര്‍, ശിശുക്ഷേമ സമിതികള്‍, സംയോജിത ശിശുസംരക്ഷണ പദ്ധതി, ഇതര ഏജന്‍സികള്‍ എന്നിവയുടെ ഏകോപനം സംബന്ധിച്ചു റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കാന്‍ സമൂഹിക നീതി അഡീഷനല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനും ആഭ്യന്തര, ആരോഗ്യ, തദ്ദേശസ്വയംഭരണ, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ അംഗങ്ങളുമായ സമിതിയെ നിയോഗിച്ചിരുന്നെങ്കിലും അതിന്റെ പ്രവര്‍ത്തനം എങ്ങുമെത്തിയിട്ടില്ല.
കുട്ടികള്‍ ഭാവിയുടെ വാഗ്ദാനങ്ങളാണ്. മാതാപിതാക്കളുടെയോ കുടുംബത്തിന്റെയോ മാത്രം സ്വത്തല്ല, അവര്‍ രാഷ്ട്രത്തിന്റെത് കുടിയാണ്. അവരുടെ സംരക്ഷണം മാതാപിതാക്കളുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സര്‍ക്കാറിന്റെയും കൂട്ടുത്തരവാദിത്വമാണ്. കുട്ടികള്‍ക്കു നേരെയുണ്ടാകുന്ന പീഡനങ്ങളെയും അതിക്രമങ്ങളെയും സംബന്ധിച്ചു പരാതിപ്പെടാന്‍ ഓരോ ജില്ലയിലും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ശിശുസംരക്ഷണ സമിതികളും പോലീസുമുണ്ട്. എന്നാല്‍ അടുത്ത വീട്ടില്‍ ഒരു കുട്ടി പീഡനത്തിനോ അതിക്രമത്തിനോ ഇരയാകുന്നത് കണ്ടാല്‍ അത് തടയാനോ ബന്ധപ്പെട്ടവരെ അറിയിക്കാനോ സന്നദ്ധരാകുന്നത് വിരളമാണ്. അപരന്റെ കാര്യത്തില്‍ തനിക്കെന്ത് എന്ന മനോഭാവമാണ് മിക്ക പേര്‍ക്കും. ഈ കുടുസ്സായ മനോഭാവം ഉപേക്ഷിച്ചു കുട്ടികള്‍ ആരുടെതായാലും അവരെ സ്‌നേഹിക്കാനും അവരുടെ പ്രശ്‌നങ്ങളോട് അനുഭാവപൂര്‍വം പ്രതികരിക്കാനുമുള്ള മാനസികാവസ്ഥ സമൂഹത്തില്‍ വളരേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സമൂഹത്തെ ബോധവത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്.