Connect with us

International

കാശ്മീര്‍: പാക്കിസ്ഥാന്റെ അഭ്യര്‍ഥന അമേരിക്ക തള്ളി

Published

|

Last Updated

വാഷിംഗ്ടണ്‍: കാശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന പാക്കിസ്ഥാന്റെ അഭ്യര്‍ഥന അമേരിക്ക തള്ളി. പാക് പ്രധാനമന്ത്രി നവാസ് ശരീഫ് നാല് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് വാഷിംഗ്ടണിലെത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അഭ്യര്‍ഥന തള്ളിക്കൊണ്ടുള്ള പ്രസ്താവന മുതിര്‍ന്ന യു എസ് നയതന്ത്ര ഉദ്യോഗസ്ഥന്‍ നടത്തിയത്. കാശ്മീര്‍ വിഷയത്തില്‍ അമേരിക്കയുടെ പ്രഖ്യാപിത നിലപാടില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. കാശ്മീര്‍ പ്രശ്‌നപരിഹാരത്തിന്റെ ഗതി, സാധ്യത, സ്വഭാവം എന്നിവ ഇന്ത്യയും പാക്കിസ്ഥാനുമാണ് തീരുമാനിക്കേണ്ടതെന്നും നയതന്ത്ര വൃത്തങ്ങള്‍ പറഞ്ഞു. വാഷിംഗ്ടണിലെത്തിയ ശരീഫ് നാളെ യു എസ് പ്രസിഡന്റ് ബരാക്ക് ഒബാമയുമായി കൂടിക്കാഴ്ച നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
കാശ്മീര്‍ പ്രശ്‌ന പരിഹാരത്തിന് അമേരിക്ക ഇടപെടണമെന്ന് കഴിഞ്ഞ ദിവസമാണ് നവാസ് ശരീഫ് പ്രസ്താവന നടത്തിയത്. ഈ വിഷയത്തില്‍ ഇടപെടാമെന്ന് മുന്‍ യു എസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിയുകയായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ലണ്ടനില്‍ വെച്ച് നടത്തിയ പ്രസ്താവനയില്‍ ശരീഫ് അവകാശപ്പെട്ടിരുന്നു. അതേസമയം, ഇത്തരം വാദങ്ങളെയെല്ലാമാണ് അമേരിക്ക തള്ളിക്കളഞ്ഞിരിക്കുന്നത്.
ഊര്‍ജം, സാമ്പത്തികം, തീവ്രവാദം തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിക്കൊണ്ട് ഉഭയകക്ഷി ചര്‍ച്ചകളാണ് ശരീഫുമായുള്ള ചര്‍ച്ചകളുടെ മുഖ്യ അജന്‍ഡയെന്നും ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇടയില്‍ വന്നേക്കാം എന്നുമാണ് ഇതു സംബന്ധിച്ച് അമേരിക്കന്‍ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Latest