Connect with us

National

യു പിയിലെ ഖനനം: ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ ഉന്നാവോ ജില്ലയില്‍ 19ാം നൂറ്റാണ്ടില്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് കരുതുന്ന നിധി തേടിയുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ഐ എസ് ഐ)യുടെ ഖനന നടപടിയില്‍ ഇടപെടണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. വെറും അനുമാനപ്രകാരമുള്ള നടപടിയില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ സാധ്യമല്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
ദൗണ്ടിയ ഖേര ഗ്രാമത്തില്‍ നടക്കുന്ന ഖനനത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്ന പൊതു താത്പര്യ ഹരജി ചീഫ് ജസ്റ്റിസ് പി സദാശിവം, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് എന്നിവരടങ്ങിയ ബഞ്ച് വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചിട്ടുണ്ട്. ഹരജി തള്ളരുതെന്ന് ഹരജിക്കാരന്‍ അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണിത്. എല്ലാ ഉദ്വേഗജനകമായ വിഷയങ്ങളിലും ഇടപെടാന്‍ കോടതിക്ക് സാധിക്കില്ല. അനുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള കാര്യങ്ങളെ കുറിച്ച് ഉത്തരവ് പുറപ്പെടിക്കുവാനും സാധ്യമല്ല. നിധി അനര്‍ഹരുടെ കൈകളില്‍ എത്തിപ്പെടാതിരിക്കാന്‍ സുരക്ഷ ഉറപ്പ് വരുത്തുന്ന സംവിധാനമൊരുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം എല്‍ ശര്‍മയാണ് ഹരജി സമര്‍പ്പിച്ചത്. 1857ലെ ബ്രിട്ടീഷുകാര്‍ക്കെതിരായ കലാപത്തില്‍ രക്തസാക്ഷിയായ രാജാ റാവു രാം ബക്‌സ് സിംഗ് കോട്ടക്കുള്ളില്‍ ആയിരം ടണ്‍ സ്വര്‍ണം കുഴിച്ചിട്ടുണ്ടെന്ന് താന്‍ സ്വപ്‌നം കണ്ടതായി ശോഭന്‍ സര്‍ക്കാറെന്ന പൂജാരി അവകാശവാദവുമായി രംഗത്തെത്തിയതിനെ തുടര്‍ന്നാണ് ഖനനം നടത്തുന്നത്. എന്നാല്‍ സ്വപ്‌നത്തിന്റെ അടിസ്ഥാനത്തിലല്ല ഖനനമെന്നും ശാസ്ത്രീയമായ അടിത്തറയുണ്ടെന്നും പുരാവസ്തു വകുപ്പ് വ്യക്തമാക്കയിട്ടുണ്ട്.
അതേസമയം, സ്വര്‍ണ ഖനനത്തെ പരിഹസിച്ച ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി സ്വരം മാറ്റി. സ്വപ്‌നം കണ്ട ശോഭന്‍ സര്‍ക്കാര്‍ സ്വാമിയെ പുകഴ്ത്തി മോഡി ട്വീറ്റ് ചെയ്തു. നേരത്തെ ഖനനത്തെയും സ്വപ്‌നത്തെയും പരിഹസിച്ച് മോഡി നടത്തിയ പ്രസ്താവനകളില്‍ പ്രതിഷേധിച്ച് ശോഭന്റെ അനുയായികള്‍ കത്തയച്ചിരുന്നു.