Connect with us

National

നവീന്‍ പട്‌നായികിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍

Published

|

Last Updated

ഭുവനേശ്വര്‍: ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഹിന്‍ഡാല്‍കോക്ക് കല്‍ക്കരി പാടം അനുവദിച്ചതിന്റെ ഉത്തരവാദിത്വം ഒഡീഷാ മുഖ്യമന്ത്രി നവീന്‍ പട്‌നായികില്‍ കെട്ടിവെക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നതിനിടെ അദ്ദേഹത്തെ സമ്മര്‍ദത്തിലാക്കി പുതിയ വിവരങ്ങള്‍. ഹിന്‍ഡാല്‍കോക്ക് തലാബിറാ- രണ്ട് കല്‍ക്കരി ഖനി നല്‍കാന്‍ ശിപാര്‍ശ ചെയ്ത അതേ മാതൃകയില്‍ നവീന്‍ ജിന്‍ഡാലിന്റെ ഉടമസ്ഥതയിലുള്ള ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവറിന് കല്‍ക്കരി പാടം നല്‍കാനും നവീന്‍ പട്‌നായിക് ശിപാര്‍ശ ചെയ്തുവെന്നാണ് വെളിപ്പെടുത്തല്‍.
2005 ആഗസ്റ്റിലാണ് ഹിന്‍ഡാല്‍കോക്ക് തലാബിറാ- രണ്ട് ഖനി നല്‍കണമെന്ന് ശിപാര്‍ശ ചെയ്യുന്ന കത്ത് അന്ന് കല്‍ക്കരി വകുപ്പ് കൈകാര്യം ചെയ്തിരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്, പട്‌നായിക് കൈമാറിയത്. അതിന് മൂന്ന് വര്‍ഷം മുമ്പ്, എന്‍ ഡി എ സര്‍ക്കാറിന്റെ കാലത്ത് 2002 ജൂണ്‍ 22നായിരുന്നു ജിന്‍ഡാല്‍ ഗ്രൂപ്പിന് ഖനി അനുവദിക്കാന്‍ അന്നത്തെ കല്‍ക്കരി മന്ത്രിയായ രവിശങ്കര്‍ പ്രസാദിനോട് പട്‌നായിക് ശിപാര്‍ശ ചെയ്തത്. ഉത്കല്‍ ബി -ഒന്ന് ഖനി അനുവദിക്കണമെന്നായിരുന്നു ശിപാര്‍ശ. ഇതേ പാടം നേരത്തെ താല്‍ച്ചര്‍ മൈനിംഗ് ലിമിറ്റഡിന് അനുവദിച്ചിരുന്നു. ഇത് റദ്ദാക്കി ജിന്‍ഡാലിന് നല്‍കണമെന്നായിരുന്നു നവീന്‍ പട്‌നായികിന്റെ ശിപാര്‍ശ. ഹിന്‍ഡാല്‍കോയുടെ കാര്യത്തിലെന്ന പോലെ ഈ ശിപാര്‍ശയും സ്വീകരിച്ച് ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവറിന് ഖനി അനുവദിച്ചു.
“സംസ്ഥാനത്ത് ഇരുമ്പുരുക്ക് പ്ലാന്റ് സ്ഥാപിക്കുന്നതിന് ഉത്കല്‍ ബി ഒന്ന് കല്‍ക്കരി പാടം അനുവദിക്കുന്നത് അനിവാര്യമായതിനാല്‍ ഈ പാടം ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡിന് നല്‍കാന്‍ അങ്ങയുടെ വ്യക്തിപരമായ ഇടപെടല്‍ ഉണ്ടാകണം. ഇതിനായി താല്‍ച്ചര്‍ മൈനിംഗ് ലിമിറ്റഡിന് അനുവദിച്ച ഉത്തരവ് റദ്ദാക്കുകയും വേണം” എന്നാണ് മന്ത്രി പ്രസാദിന് അയച്ച കത്തില്‍ പട്‌നായിക് ആവശ്യപ്പെടുന്നത്. 2003 സെപ്തംബറില്‍ അടല്‍ ബിഹാരി വാജ്പയിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാര്‍ താല്‍ച്ചര്‍ കല്‍ക്കരി പാടത്തിലുള്‍പ്പെട്ട ഉത്കല്‍ ബി -ഒന്ന് ബ്ലോക്ക് ജെ എസ് പി എല്ലിന് അനുവദിച്ചു കൊടുത്തു.
അതേസമയം, കത്ത് തനിക്ക് ലഭിച്ചിരുന്നുവെന്നും അന്ന് എടുത്ത തീരുമാനം ശരിയായിരുന്നുവെന്നും രവി ശങ്കര്‍ പ്രസാദ് പ്രതികരിച്ചു. നേരത്തെ കല്‍ക്കരി ബ്ലോക്ക് അനുവദിച്ച കമ്പനി, സമയത്തിന് ഖനനം ആരംഭിക്കാത്തതു കൊണ്ടാണ് ജെ എസ് പി എല്ലിന് അനുമതി നല്‍കിയത്. അതില്‍ യാതൊരു ക്രമക്കേടും ഇല്ല. ഹിന്‍ഡാല്‍കോക്ക് കല്‍ക്കരി പാടം അനുവദിച്ചതില്‍ ക്രമക്കേട് ഉണ്ടെന്നാണ് സി ബി ഐ കണ്ടെത്തിയിരിക്കുന്നത്. ഇതും എന്‍ ഡി എ കാലത്തെ അനുമതിയും തമ്മില്‍ യാതൊരു താരതമ്യവും ഇല്ലെന്നും പ്രസാദ് അവകാശപ്പെട്ടു.
ഹിന്‍ഡാല്‍കോക്ക് തലാബിറാ രണ്ട്, തലാബിറാ മൂന്ന് ഖനികള്‍ അനുവദിച്ചതില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി അന്നത്തെ കല്‍ക്കരി സെക്രട്ടറിക്കെതിരെ സി ബി ഐ കേസെടുത്ത സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചയാകും. ഹിന്‍ഡാല്‍കോക്ക് ഖനി അനവദിച്ചതില്‍ യാതൊരു തെറ്റും സംഭവിച്ചിട്ടില്ലെന്നും നവീന്‍ പട്‌നായികിന്റെ ശിപാര്‍ശ അനുസരിച്ചാണ് തീരുമാനം എടുത്തതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.

Latest