Connect with us

National

യു പി എക്ക് പിന്തുണ: എസ് പി പുനരാലോചിക്കും

Published

|

Last Updated

ലക്‌നോ: യു പി എ സര്‍ക്കാറിനെ പുറത്തു നിന്ന് പിന്തുണക്കുന്ന സമാജ്‌വാദി പാര്‍ട്ടി ഈ ബന്ധം പുനഃപരിശോധിക്കാനൊരുങ്ങുന്നു. യു പി എ സര്‍ക്കാറിനുള്ള പിന്തുണ തുടരണമോ വേണ്ടയോ എന്ന കാര്യം വിശദമായി ചര്‍ച്ച ചെയ്യുമെന്ന് എസ് പി നേതാവ് നരേഷ് അഗര്‍വാള്‍ പറഞ്ഞു. സഖ്യത്തിനുള്ള പിന്തുണ തുടരുന്നതു കൊണ്ട് എന്തെങ്കിലും നേട്ടമുണ്ടോ എന്ന് പാര്‍ട്ടി നേതൃത്വം പരിശോധിക്കുമെന്ന് അഗര്‍വാള്‍ പറഞ്ഞു.
യു പി എയിലെ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുന്ന തരത്തിലാണ്. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള യു പി സര്‍ക്കാറിനെ വിമര്‍ശിക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് കേന്ദ്ര മന്ത്രിമാരെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോക്‌സഭയില്‍ 22 അംഗങ്ങളുള്ള എസ് പി നിര്‍ണായക ഘട്ടങ്ങളിലെല്ലാം കേന്ദ്ര സര്‍ക്കാറിന്റെ രക്ഷക്കെത്തിയിട്ടുണ്ട്. പിന്തുണ പിന്‍വലിക്കുമെന്ന് പുറത്ത് പറയുമ്പോഴും അത്തരമൊരു നടപടിക്ക് തത്കാലം മുതിരില്ലെന്ന് തന്നെയാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. പാര്‍ട്ടി മേധാവി മുലായം സിംഗിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് സി ബി ഐ അവസാനിപ്പിച്ച പശ്ചാത്തലത്തില്‍ ഇങ്ങനെയൊരു നീക്കം എസ് പിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാനിടയില്ല. എന്നാല്‍ ബദല്‍ മുന്നണി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ പുറത്ത് ഇത്തരം പ്രസ്താവനകള്‍ നടത്തുകയെന്ന തന്ത്രമാണ് പയറ്റുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

---- facebook comment plugin here -----

Latest