Connect with us

National

ഗാന്ധിജിയുടെ ജയില്‍ ചര്‍ക്ക ലേലം ചെയ്യുന്നു

Published

|

Last Updated

ലണ്ടന്‍: യര്‍വാദ ജയിലില്‍ രാഷ്ട്രീയ തടവുകാരനായിരിക്കെ മഹാത്മാ ഗാന്ധി ഉപയോഗിച്ച ചര്‍ക്ക അടുത്ത മാസം അഞ്ചിന് ലേലം ചെയ്യും. ബ്രിട്ടീഷ് ലേല കമ്പനിയായ മുള്ളോക്‌സ് ആയിരിക്കും ലേലം നടത്തുക. 60,000 പൗണ്ടിലധികം തുകക്ക് ചര്‍ക്ക ലേലത്തില്‍ പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ വിദ്യാഭ്യാസ, വ്യവസായ സഹകരണ സംഘം പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അമേരിക്കന്‍ മെതേഡിസ്റ്റ് മിഷനറി റവ. ഫ്‌ളോയിഡ് എ പഫറിന് ഗാന്ധിജി സമ്മാനിച്ചതാണ് ഈ ചര്‍ക്ക. പഫറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്ന നിലയിലാണ് ഗാന്ധിജി അദ്ദേഹത്തിന് ചര്‍ക്ക സമ്മാനിച്ചത്.
ചര്‍ക്കയിലെ നൂല്‍നൂല്‍പ്പ് ഗാന്ധിജിക്ക് രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നുവെന്നും ലോകത്തുള്ള ഗാന്ധിയന്‍ ശേഷിപ്പുകളില്‍ ഏറ്റവും വിലപിടിപ്പുള്ളതാണ് യര്‍വാദ ജയിലിലെ ചര്‍ക്കയെന്നും ലേല കമ്പനി വക്താവ് റിച്ചാര്‍ഡ് വെസ്റ്റ്വുഡ് ബ്രൂക്‌സ് പറഞ്ഞു. ചര്‍ക്കക്ക് പുറമെ ഗാന്ധിജിയുമായി ബന്ധപ്പെട്ട 60 വസ്തുക്കള്‍ മുള്ളോക്‌സ് ലേലത്തില്‍ വെക്കുന്നുണ്ട്. ഹോളോകോസ്റ്റ് പീഡന സമയത്ത് ജൂത പ്രമുഖര്‍ക്ക് ഗാന്ധിജി അയച്ച കത്ത് ഇതില്‍ പ്രധാനമാണ്. ഹിറ്റ്‌ലറുടെ ക്രൂരതകളെ പ്രതിരോധിക്കാന്‍ ജൂതന്‍മാര്‍ സത്യഗ്രഹത്തിന്റെ വഴി തേടണമെന്നാണ് ഗാന്ധിജി നിര്‍ദേശിച്ചത്.

---- facebook comment plugin here -----

Latest