Connect with us

Kasargod

വിവരാവകാശ അപേക്ഷ ഇനി അക്ഷയകേന്ദ്രം വഴിയും

Published

|

Last Updated

കാസര്‍കോട്: സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിവരവകാശ അപേക്ഷകളും പൊതുജനങ്ങള്‍ക്കുള്ള പരാതികളും ഇനി അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കാം. സംസ്ഥാനതലത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പിലാണ് നടപ്പാക്കിയത്. മറ്റു ജില്ലകളിലും ഇതര വകുപ്പുകളിലും ഈ സേവനം വൈകാതെ ലഭ്യമാകും.
2005ലെ വിവരവകാശ നിയമ പ്രകാരം ലഭിക്കേണ്ട വിവരങ്ങളുടെ അപേക്ഷകളും അപ്പീല്‍ അപേക്ഷകളും അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായി അതാത് ഓഫീസിലെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കാം. അപേക്ഷക്കും സേവനത്തിനും പൊതുവിഭാഗത്തില്‍ 20 രൂപയും ബി പി എല്‍ വിഭാഗത്തില്‍ 10 രൂപയുമാണ് ഫീസ്. വിവരങ്ങള്‍ സി ഡിയിലും കോപ്പികളായും ലഭ്യമാക്കുന്നതിന് സേവനത്തിന് നിയമപ്രകാരം ഈടാക്കുന്ന അധിക തുകയും അക്ഷയ കേന്ദ്രങ്ങളിലൂടെ നല്‍കാം. ഇ ഡിസ്ട്രിക്ട് സംവിധാനത്തിലൂടെയാണ് അക്ഷയകേന്ദ്രങ്ങളില്‍നിന്ന് അപേക്ഷ സമര്‍പ്പിക്കുന്നത്. സമര്‍പ്പിക്കുന്ന അപേക്ഷക്ക് 30 ദിവസത്തിനകം മറുപടി ലഭിക്കണം. മറുപടി ലഭിച്ചില്ലെങ്കിലും തൃപ്തികരമല്ലെങ്കിലും അപ്പീല്‍ അധികാരിക്ക് അപേക്ഷ അക്ഷയകേന്ദ്രം വഴി സമര്‍പ്പിക്കാം. അപേക്ഷ നല്‍കിയതിന്റെ രശീത് അക്ഷയ കേന്ദ്രത്തില്‍നിന്ന് ലഭിക്കും.
ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ ഉന്നതാധികാരികള്‍ക്ക് പൊതുജനങ്ങള്‍ നല്‍കുന്ന പരാതികളും നിവേദനങ്ങളും ഇനി അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കാം. ഓണ്‍ലൈനായി മലയാളത്തിലും ഇംഗ്ലീഷിലും അപേക്ഷ സമര്‍പ്പിക്കാന്‍ സംവിധാനമുണ്ട്. ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി വിവരാവകാശവും പൊതുപരാതികളും സമര്‍പ്പിക്കുന്നതിനുള്ള സംവിധാനത്തെപ്പറ്റി അക്ഷയ സംരംഭകര്‍ക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കി. പരിപാടി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. അക്ഷയകേന്ദ്രം ജില്ലാ കോര്‍ഡിനേറ്റര്‍ കരീം കോയക്കീല്‍ അധ്യക്ഷത വഹിച്ചു. ഐ ടി മിഷന്‍ മാസ്റ്റര്‍ ട്രയിനര്‍ പ്രബീഷ,് ചിയാക് ജില്ലാ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ സതീശന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.

 

---- facebook comment plugin here -----

Latest