Connect with us

Ongoing News

സംസ്ഥാനത്ത് മുഴുവന്‍ പേര്‍ക്കും പട്ടയം വിതരണം ചെയ്യും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമി ലഭ്യമാക്കാന്‍ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തൈക്കാട് ഗസ്റ്റ് ഹൗസില്‍ ജില്ലാ കലക്ടര്‍മാരുടെയും വകുപ്പുതല മേധാവിമാരുടെയും വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രണ്ടാം ഘട്ടം അപേക്ഷ ക്ഷണിക്കുന്നതിന് മുമ്പ് ഒന്നാം ഘട്ടം അപേക്ഷ ലഭിച്ചവര്‍ക്ക് ഭൂമി നല്‍കുന്ന നടപടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഒന്നാം ഘട്ടത്തില്‍ സര്‍ക്കാറിന്റെ കൈവശമുള്ള ഭൂമിയാണ് ഏറെക്കുറെ വിതരണം ചെയ്തത്. എന്നാല്‍ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്കായി പുറത്ത് നിന്ന് ഭൂമി കണ്ടെത്തേണ്ടി വരും.
ഭൂരഹിതരല്ലാത്ത കേരളം പദ്ധതിയെക്കുറിച്ച് ഇനിയും ബോധവാന്മാരല്ലാത്ത പലരും ഭൂരഹിതരായി കേരളത്തിലുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച ചില പരാതികള്‍ ഇത് വ്യക്തമാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ ഇത്തരക്കാര്‍ക്കുകൂടി രജിസ്റ്റര്‍ ചെയ്ത് ഭൂമി സ്വന്തമാക്കാന്‍ അവസരം നല്‍കുന്നതിന് പദ്ധതിയുടെ രണ്ടാം ഘട്ടം സഹായിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ഭൂമിയുടെ വര്‍ധിച്ച വിലകാരണം ഭൂമി വാങ്ങി വീടുവെക്കാന്‍ സാധാരണക്കാര്‍ക്ക് കഴിയുന്നില്ല. വീടുവെക്കാനാവശ്യമായ മൂന്ന് സെന്റ് ഭൂമിയെങ്കിലും എല്ലാവര്‍ക്കും ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി കൂടുതല്‍ ഭൂമി കണ്ടെത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മാലിന്യ നിര്‍മാര്‍ജനത്തിലെ അപര്യാപ്തതകളും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലം ഏറ്റെടുക്കാനുള്ള പ്രതിസന്ധികളുമാണ് സര്‍ക്കാര്‍ നേരിടുന്ന കടുത്ത വെല്ലുവിളികളെന്നും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യ നിര്‍മാര്‍ജനത്തിന് നല്ല മാതൃകകള്‍ കണ്ടെത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. മാലിന്യ പ്ലാന്റ് വരുന്നുവെന്ന് അറിയുമ്പോള്‍ തന്നെ അതിനെതിരെ എതിര്‍പ്പുകളും ഉണ്ടാകുന്നു. വെല്ലുവിളികളെ അതിജീവിച്ച് കൂടുതല്‍ മാലിന്യ നിര്‍മാര്‍ജന പ്ലാന്റുകള്‍ സ്ഥാപിക്കേണ്ടത് ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമാനമായ ബുദ്ധിമുട്ടുകളാണ് ഭൂമിയേറ്റെടുക്കലിന്റെ കാര്യത്തിലും നേരിടേണ്ടി വരുന്നത്. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് മാത്രമേ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താവൂ. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് കലക്ടര്‍മാര്‍ ശ്രമിക്കണം. വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് അര്‍ഹിക്കുന്ന വില നല്‍കാന്‍ കലക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്നും മഖ്യമന്ത്രി പറഞ്ഞു. റെയിവേ പദ്ധതികള്‍ക്കായി സ്ഥലം കണ്ടെത്താനോ അടിസ്ഥാന സൗകര്യം ഒരുക്കാനോ സംസ്ഥാന സര്‍ക്കാറിന് സാധിക്കുന്നില്ല.
പാത ഇരട്ടിപ്പിക്കുന്നതിന് റെയില്‍വേ കഴിഞ്ഞ വര്‍ഷം അനുവദിച്ച തുക പൂര്‍ണമായി ഉപയോഗിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടില്ല. പാത ഇരട്ടിപ്പിക്കലിന് ആവശ്യമായ മണ്ണും മെറ്റലും എത്തിക്കാന്‍ സാധിക്കാതിരുന്നതാണ് ഇതിന് കാരണം. പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്തുമ്പോള്‍ തന്നെ വികസനവും നമുക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമി കണ്ടെത്തുന്ന കാര്യം എത്രയും വേഗം പൂര്‍ത്തിയാക്കി ഭൂമി എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറണം. ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കാന്‍ ജില്ലാ വകുപ്പ് തലങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ വായ്പകള്‍ക്ക് പലിശ ഇളവ് നല്‍കുന്നത് സംബന്ധിച്ച ബജറ്റ് പ്രഖ്യാപനം ജില്ലാ തലത്തില്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കണം. വിദ്യാഭ്യാസ വായ്പാ പ്രശ്‌നം കാര്‍ഷിക വായ്പ പോലെ സാമൂഹിക വിപത്തിലേക്ക് നീങ്ങുകയാണ്. ബി പി എല്‍ വിഭാഗങ്ങള്‍ക്ക് പുറമെ മൂന്ന് ലക്ഷം രൂപ വാര്‍ഷിക വരുമാന പരിധിയില്‍ വരുന്ന എ പി എല്‍ വിഭാഗത്തെയും സര്‍ക്കാര്‍ വിദ്യാഭ്യാസ വായ്പാ പലിശ ഇളവ് പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. ജില്ലാ തലത്തില്‍ നിയോഗിക്കപ്പെടുന്ന പ്രത്യേക ഉദ്യോഗസ്ഥര്‍ ബേങ്കുകളുമായി ചര്‍ച്ച നടത്തി എത്രയും വേഗം വായ്പകള്‍ സംബന്ധിച്ച കാര്യത്തില്‍ പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഇ-ഡിസ്ട്രിക് പദ്ധതി നടപ്പിലാക്കിയതിന്റെ പ്രയോജനം ജനങ്ങളില്‍ എത്തണം. കമ്പ്യൂട്ടര്‍വത്കരണത്തില്‍ നമ്മുടെ സംസ്ഥാനത്ത് ആദ്യ കാലത്ത് ചില സമരങ്ങള്‍ കാരണം തടസ്സം നേരിട്ടെങ്കിലും ഇന്ന് ഇ-ഗവണന്‍സ് പദ്ധതി നടപ്പിലാക്കുന്ന കാര്യത്തില്‍ രാജ്യത്തിന് മാതൃകാപരമായ നേട്ടം കൈവരിക്കാന്‍ കേരളത്തിന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്മേളനത്തില്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ്, കെ സി ജോസഫ്, അബ്ദുര്‍റബ്, അനൂപ് ജേക്കബ്, ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ എം ചന്ദ്രശേഖര്‍, ജില്ലാ കലക്ടര്‍മാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിവര്‍ പങ്കെടുത്തു.

Latest