Connect with us

Gulf

ജൈറ്റെക്‌സ് സാങ്കേതികവാരത്തിന് ഉജ്വല തുടക്കം

Published

|

Last Updated

ദുബൈ: ആധുനിക വിവര സാങ്കേതിക വിദ്യയുടെ വൈവിധ്യമാര്‍ന്ന ജാലകം തുറന്ന് ജൈറ്റെക്‌സ് ടെക്‌നോളജി വീക് ആരംഭിച്ചു. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഈ മാസം 24 വരെ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനവും സമ്മേളനവും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്്തൂമാണ് ഉദ്ഘാടനം ചെയ്തത്. ജനങ്ങള്‍ക്ക് സുഗമമായ ജീവിതം ഒരുക്കാനും അവര്‍ക്ക് സന്തോഷം പ്രദാനം ചെയ്യാനുമാണ് ശ്രമമെന്ന് ദുബൈ സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം ചെയ്ത് ശൈഖ് മുഹമ്മദ് പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഐ ടി പ്രദര്‍ശകരും സാങ്കേതിക വിദഗ്ധരും രാവിലെ തന്നെ എത്തിയിരുന്നു. കേരളത്തില്‍ നിന്നുള്ള പവലിയനും ഉണ്ടായിരുന്നു.
ഇത്തവണ 3,500 കമ്പനികല്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 61 രാജ്യങ്ങളില്‍ നിന്ന് പവലിയനുകള്‍ എത്തി. ബെലാറസ്, ബ്രസീല്‍, ഫിന്‍ലാന്‍ഡ്, കെനിയ, ലിത്വാനിയ, സെര്‍ബിയ, സ്ലോവേനിയ, ടുണീഷ്യ, ഉക്രൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ പുതുതായി രംഗപ്രവേശം ചെയ്തു. കാനന്‍, ഫ്യുജിറ്റ്‌സു, ഗൂഗിള്‍ ഹിറ്റാച്ചി, സീമെന്‍സ് തുടങ്ങിയ കമ്പനികളുടെയും യു എ ഇ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സാന്നിധ്യമുണ്ട്. 150 രാജ്യങ്ങളില്‍ നിന്ന് ഒന്നര ലക്ഷത്തോളം സന്ദര്‍ശകര്‍ എത്തുമെന്നാണ് അനുമാനം. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളിലെ ഏറ്റവും നൂതന സാങ്കേതികവിദ്യകള്‍ ഇവിടെ കാണാനാവും. കൂറ്റന്‍ ടെലിവിഷനുകള്‍, ശക്തിയേറിയ ആന്റിവൈറസ് ഉത്പന്നങ്ങള്‍ തുടങ്ങിയവ അവതരിപ്പിക്കപ്പെട്ടു.

Latest