Connect with us

Gulf

തലസ്ഥാനത്ത് സ്വദേശി സ്ത്രീകളുടെ വിവാഹ പ്രായം കൂടുന്നു

Published

|

Last Updated

അബുദാബി: തലസ്ഥാനത്ത് സ്വദേശി സ്ത്രീകളുടെ വിവാഹ പ്രായം കൂടുന്നതായി റിപ്പോര്‍ട്ട്. 1995ല്‍ സ്വദേശി സ്ത്രീകളുടെ വിവാഹ പ്രായം ശരാശരി 23.7 വയസായിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷം 25.9 ആയി വര്‍ധിച്ചതായി അബുദാബി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ പുറത്തുവിട്ട റിപോര്‍ട്ട് വ്യക്തമാക്കുന്നു. പുരുഷന്‍മാരുടെ വിവാഹപ്രായത്തിലും രാജ്യത്ത് ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. 1995ല്‍ 26.8 ആയിരുന്നത് കഴിഞ്ഞ വര്‍ഷം 28.8 ആയാണ് ഉയര്‍ന്നു. യോജിച്ച ഇണയെ കണ്ടെത്താനുള്ള അന്വേഷണവും പല വിവാഹങ്ങളും വിവാഹമോചനത്തില്‍ കലാശിക്കുന്നതുമെല്ലാം പ്രായം വര്‍ധിക്കുന്നതിന് ഇടയാക്കുന്നുണ്ട്.
സ്വദേശി സമൂഹത്തിലുണ്ടായ വലിയ മാറ്റമാണ് വിവാഹ പ്രായത്തില്‍ സംഭവിച്ചിരിക്കുന്ന ഉയര്‍ച്ചയെന്ന് ഷാര്‍ജ യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി വിഭാഗം ചെയര്‍മാന്‍ ഡോ. അഹമ്മദ് അലോമോഷ് അഭിപ്രായപ്പെട്ടു. മുമ്പ് വിവാഹത്തിനായി കുടുംബങ്ങളില്‍ നിന്നും യുവാക്കള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടാവാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സ്ത്രീയും പുരുഷനും സ്വന്തമായാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളുന്നത്. ഇന്ന് കല്ല്യാണത്തേക്കാള്‍ പ്രാധാന്യം യൂവജനത പഠനത്തിനും ജോലിക്കും നല്‍കുന്നുണ്ട്. ഇത് രാജ്യത്തെ മാത്രം അവസ്ഥയല്ല. മൊത്തം അറബ് ലോകത്തും ഈ മാറ്റം ദൃശ്യമാണെന്നും ഇതെല്ലാം വിവാഹം പ്രായം ഉയരാന്‍ ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു.