Connect with us

Kozhikode

റെയില്‍വേ സ്‌റ്റേഷനിലെ എസ്‌കലേറ്ററില്‍ കയറാന്‍ കാത്തിരിപ്പ് നീളുന്നു

Published

|

Last Updated

കോഴിക്കോട്: റെയില്‍വേ സ്റ്റേഷന്‍ ഒരുക്കുന്ന എസ്‌കലേറ്റര്‍ ലിഫ്റ്റ് സംവിധാനമുപയോഗിച്ച് പടികള്‍ എന്ന കടമ്പ കടക്കാനുള്ള യാത്രക്കാരുടെ കാത്തിരിപ്പ് നീളുന്നു. റെയില്‍വേ സ്റ്റേഷന്റെ പ്രധാന കവാടത്തിലെ കെട്ടിടത്തിന്റെ വടക്കേയറ്റത്ത് നടപ്പാലത്തോട് ചേര്‍ന്നാണ് എസ്‌കലേറ്റര്‍ നിര്‍മിച്ചത്.
നിര്‍മാണം കഴിഞ്ഞ് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായെങ്കിലും ഉദ്ഘാടന സമയനിര്‍ണയത്തിലെ അവ്യക്തതമൂലം യാത്രക്കാരുടെ യന്ത്രക്കോവണി എന്ന സ്വപ്‌നം പൂവണിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.
ഈ മാസം ഏഴിന് ഇവ രണ്ടും യാത്രക്കാര്‍ക്കു തുറന്നുകൊടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഉദ്ഘാടകന്റെ പിന്മാറ്റം കാരണം ചടങ്ങ് മാറ്റിവെച്ചു. നിര്‍മാണം പൂര്‍ത്തിയാക്കി ലിഫ്റ്റ് റെയില്‍വേക്ക് കൈമാറിയിട്ട് മാസങ്ങളായി. എസ്‌കലേറ്റര്‍ പരീക്ഷണ പ്രവര്‍ത്തനം നടത്തി ഉദ്ഘാടനം കാത്തിരിക്കുകയാണ്. തിരക്കേറിയ റെയില്‍വേ സ്‌റ്റേഷനില്‍ മൂന്ന് ലിഫ്റ്റുകളോടെയാണ് എസ്‌കലേറ്റര്‍ നിര്‍മിച്ചിരിക്കുന്നത്. ഒന്നാം ഫഌറ്റ്‌ഫോമിന്റെ വടക്കു ഭാഗത്തു നിന്ന് ഫൂട്ട് ഓവര്‍ ബ്രിഡ്ജിനോട് ബന്ധിപ്പിച്ചുകൊണ്ടാണ് ഇത് നിര്‍മിച്ചത്. മണിക്കൂറില്‍ ഒമ്പതിനായിരം പേര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയിലുള്ള എസ്‌കലേറ്ററാണ് ഇപ്പോഴത്തേത്.
റെയില്‍വേ സ്റ്റേഷനിലെ നാല് പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിക്കുന്ന നടപ്പാലങ്ങളോട് ചേര്‍ന്ന് മൂന്ന് എസ്‌കലേറ്റര്‍ യൂനിറ്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനം ഉണ്ടെങ്കിലും ആദ്യഘട്ടത്തില്‍ ഒന്നാം പ്ലാറ്റ്‌ഫോമില്‍ മാത്രമേയുള്ളൂ. എന്നാല്‍ ലിഫ്റ്റ് സൗകര്യം നാല് ഫഌറ്റ് ഫോമിലും ഒരുക്കിയിട്ടുണ്ട്. രണ്ട് മൂന്നും പ്ലാറ്റ്‌ഫോമുകള്‍ ചേരുന്നിടത്തും നാലാം പ്ലാറ്റ്‌ഫോമിലുമുള്ള എസ്‌കലേറ്റര്‍ പിന്നീട് നിര്‍മിക്കും. ഒരു മീറ്റര്‍ വീതിയുള്ള എസ്‌കലേറ്റര്‍ മുപ്പത് ഡിഗ്രി ചരിവിലാണ് പൂര്‍ത്തീകരിച്ചത്.
മൂന്ന് വര്‍ഷം മുമ്പ് എസ്‌കലേറ്റര്‍ നിര്‍മിക്കുന്നതിന് ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചെങ്കിലും ഫയലില്‍ കുരുങ്ങി പ്രവൃത്തി നീണ്ടുപോകുകയായിരുന്നു. അഞ്ച് വര്‍ഷത്തെ വാര്‍ഷിക അറ്റകുറ്റപ്പണിയുടെ കരാറോടെ 1.23 കോടി രൂപക്കാണ് എസ്‌കലേറ്റര്‍ സ്ഥാപിച്ചിരിക്കുന്നത്. വികസനം കൊതിക്കുന്ന റെയില്‍വേ സ്‌റ്റേഷന്റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു എസ്‌കലേറ്റര്‍ നിര്‍മാണം. ലിഫ്റ്റിന്റെയും എസ്‌കലേറ്ററിന്റെയും ഉദ്ഘാടനം നവംബര്‍ ആദ്യാവാരത്തോടെ നടക്കുമെന്നാണ് നിലവിലെ വിവരം.
ശാരീരിക ബുദ്ധിമുട്ട് നേരിടുന്നവര്‍ ഒന്നാം ഫഌറ്റ്‌ഫോമില്‍ നിന്ന് മറ്റു ഫഌറ്റുഫോമുകളിലേക്ക് പോകാന്‍ ഏറെ പ്രയാസമനുഭവിക്കുന്നുണ്ട്. എസ്‌കലേറ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇത്തരം ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസമാകുമായിരുന്നു. പക്ഷേ, പണിപൂര്‍ത്തിയായിട്ടും ഉദ്ഘാടനം കാത്തിരിക്കേണ്ട ഗതികേടിലാണ് യാത്രക്കാര്‍.