Connect with us

Malappuram

കനത്ത മഴ; കുറുപൊയിലില്‍ നെല്‍പാടങ്ങള്‍ നശിച്ചു

Published

|

Last Updated

കാളികാവ്: കനത്ത മഴയെ തുടര്‍ന്ന് കുറുപൊയിലില്‍ നെല്‍പാടങ്ങള്‍ നശിച്ചു. ശനിയാഴ്ച ഉച്ചക്ക് ശേഷം കാളികാവ് മേഖലയില്‍ പെയ്ത മഴയെ തുടര്‍ന്നാണ് നെല്‍പാടങ്ങള്‍ വെള്ളത്തിനടിയിലായത്. ഇന്നലെ പുലരുന്നത് വരേ പ്രദേശത്ത് കനത്ത മഴയായിരുന്നു. വെള്ളത്തില്‍ വീണ്കിടക്കുന്നതിനാല്‍ നെല്ല് പാകമാകുനാനതിന് മുമ്പെ കൊയ്യാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.
കാട്ടുപന്നികളും, കിളികളും നെല്ല് നശിപ്പിച്ചതിന് പുറമെ കനത്ത മഴകാരണം നെല്‍പാടങ്ങള്‍ വെള്ളത്തിനടിയിലാടത് കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടാക്കിയത്. പുറ്റമണ്ണ കുറുപൊയിലിലാണ് എട്ട് പേര്‍ നടത്തുന്ന സംഘകൃഷി വെള്ളം മൂടിയത്. അഞ്ച് ഏക്കര്‍ കൊയ്യാനായ നെല്‍പാടങ്ങളാണ് വെള്ളത്തിനടിയിലായത്. പള്ളിശ്ശേരി സ്വദേശികളായ പാമ്പുകടിയന്‍ കരീം, മമ്മോട്ടി, കറുത്താര്‍തൊടിക ബീരാന്‍, കട്ടക്കാടന്‍ അലവി, അബ്ദു പഴേടത്ത്, മണ്ണില്‍ നൂറേങ്ങര മുഹമ്മദ് കുട്ടി, അബ്ദുല്‍ നാസര്‍ പൊണാറത്ത്, അമ്പലപ്പറമ്പന്‍ രായിന്‍ എന്നിവര്‍ ചേര്‍ന്നാണ് സംഘകൃഷി നടത്തുന്നത്. ചുള്ളിക്കുളവന്‍ കമ്മു എന്നയാളില്‍ നിന്ന് പാട്ടത്തിനെടുത്ത സ്ഥലത്താണ് നെല്‍കൃഷി നടത്തുന്നത്.
ട്രാക്ടര്‍ ഇറങ്ങാന്‍ വഴിയില്ലാത്തതിനാല്‍ പാടശേഖരം കൃഷിചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. ഇന്നലെ പകല്‍ മഴ പെയ്യാത്തത് ആശ്വാസമായിട്ടുണ്ട്. എന്നാല്‍ വെള്ളത്തില്‍ വീണ് കിടക്കുന്ന നെല്ല് കൊയ്‌തെടുത്തില്ലെങ്കില്‍ നെല്ല് മുഴുവന്‍ നശിക്കുമെന്നതിനാല്‍ കര്‍ഷകര്‍ നെല്ല് കൊയ്‌തെടുക്കാനാണ് തീരുമാനം. കനത്ത മഴയില്‍ പുറ്റമണ്ണ-തണ്ടുകോട് റോഡ് കുറുപൊയിലില്‍ വെള്ളത്തിനടയിലായിരുന്നു.