Connect with us

Gulf

ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ മടക്ക യാത്ര തുടങ്ങി

Published

|

Last Updated

ഹജ്ജ് കമ്മിറ്റി കീഴില്‍ വന്ന 930 ഹാജിമാര്‍ മൂന്ന് വിമാനങ്ങളിലായി നാട്ടിലേക്ക് തിരിച്ചു. കേരളത്തില്‍ നിന്നുള്ള സ്വകാര്യ ഗ്രൂപ്പുകളും മടക്ക യാത്ര ആരംഭിച്ചു. സൗദി സമയം ഉച്ചയ്ക്ക് 12.10നായിരുന്നു ഹാജിമാരെയും കൊണ്ടുള്ള ആദ്യ വിമാനം ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും യാത്ര തിരിച്ചത്. ഗോവയിലേക്കും മംഗലാപുരത്തേക്കുമുള്ള 235 യാത്രക്കാരാണ് ആദ്യ വിമാനത്തിലുണ്ടായിരുന്നത്. 275 ഹാജിമാരുമായി രണ്ടാമത്തെ വിമാനം വൈകീട്ട് ഗുഹാവത്തിയിലേക്കും പുറപ്പെട്ടു. മൂന്നാമത്തെ വിമാനം 420 യാത്രക്കാരുമായി കൊല്‍ക്കത്തയിലേക്കുമായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ത്വവാഫുല്‍ വിദാഅ് നിര്‍വഹിച്ച് ഹാജിമാര്‍ മക്കയില്‍ നിന്ന് ജിദ്ദയിലേക്ക് യാത്ര തിരിച്ചിരുന്നു. വിമാനം പുറപ്പെടുന്നതിന് 8 മണിക്കൂര്‍ മുമ്പ് ഹാജിമാര്‍ വിമാനത്താവളത്തില്‍ എത്തേണ്ടതുണ്ട്. നവംബര്‍ 19നാണ് ഇന്ത്യയിലേക്കുള്ള അവസാന വിമാനം.

ജിദ്ദയില്‍ നിന്നുള്ള സര്‍വീസ് നവംബര്‍ 15ന് അവസാനിക്കും. സൗദി എയര്‍ലൈന്‍സും എയര്‍ ഇന്ത്യയുമാണ് ഹാജിമാരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ മടക്കം നവംബര്‍ 31 നാണ് ആരംഭിക്കുക. മദീനയില്‍ നിന്നാണ് കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ മടക്കം. രാവിലെ 7മണിക്ക് പുറപ്പെടുന്ന വിമാനം വൈകീട്ട് മൂന്നരയോടെ കരിപ്പൂരിലെത്തും. നവംബര്‍ 14ന് രാത്രിയാണ് കോഴിക്കോടേക്കുള്ള അവസാന സര്‍വീസ്.

Latest