Connect with us

Thrissur

അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ പിന്നോട്ട് നയിക്കുന്നു: ജസ്റ്റിസ് സി കെ അബ്ദുര്‍റഹീം

Published

|

Last Updated

തൃശൂര്‍: ഇന്ന് നടക്കുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങളും അഴിമതിയും വിധ്വംസക പ്രവര്‍ത്തനങ്ങളും രാജ്യ പുരോഗതിയെ പിന്നോട്ടു നയിക്കുന്നതായി കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി കെ അബ്ദുര്‍റഹീം പറഞ്ഞു. എസ് വൈ എസ് തൃശൂര്‍ ജില്ലാ സാന്ത്വനം-മീലാദ് കോണ്‍ഫറന്‍സ്, എക്‌സലന്‍സ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാര്‍മികതയുടെ അടിസ്ഥാന തത്വങ്ങള്‍ നാം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. എന്നാല്‍ മാത്രമേ സമൂഹത്തെ നന്‍മയിലേക്ക് നയിക്കാന്‍ കഴിയൂ.
സമൂഹത്തോടുള്ള പ്രതിബദ്ധത കുടുംബാന്തരീക്ഷത്തില്‍ നിന്ന് തന്നെ തുടങ്ങണമെന്നും അതാണ് വിശുദ്ധ ഖുര്‍ആനും പ്രവാചക വചനങ്ങളും നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്‌ലിംകള്‍ വിദ്യാഭ്യാസ പുരോഗതി കൈവരിച്ചുവെങ്കിലും ഉന്നതിയിലേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. വിധ്വംസക പ്രവര്‍ത്തനവും വിഘടന വാദവും ഒന്നിനും പരിഹാരമല്ല. ഇത് മനുഷ്യനെ തകര്‍ച്ചയിലേക്കാണ് നയിക്കുന്നത്.
ആതുര സേവന രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് സമൂഹത്തിലെ പിന്നാക്കം നില്‍ക്കുന്നവരുടെ പ്രയാസങ്ങള്‍ കണ്ടെത്താന്‍ കഴിയണം. അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്ത് ഉന്നതിയിലേക്ക് എത്തിക്കണം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ ചില സ്ഥാപനങ്ങളും സംഘടനകളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്.
പണ്ഡിതന്‍മാരുടെ നേതൃത്വം ഉള്‍ക്കൊണ്ടുകൊണ്ട് ധാര്‍മിക വിജയത്തിലൂടെ സമൂഹത്തെയും സമുദായത്തെയും നയിച്ചാല്‍ മാത്രമേ വിജയിക്കാന്‍ കഴിയൂവെന്നും അബ്ദുര്‍റഹീം പറഞ്ഞു.