Connect with us

Kerala

അമിതാഘോഷങ്ങളില്ലാതെ വി എസിന് നവതി

Published

|

Last Updated

തിരുവനന്തപുരം: വലിയ ആഘോഷങ്ങളൊന്നുമില്ലാതെ സമരനായകന്റെ തൊണ്ണൂറാം പിറന്നാള്‍. ചെറിയൊരു ആള്‍ക്കൂട്ടവും കേക്ക് മുറിയും ഒഴിച്ചാല്‍ പതിവ് പോലെ തന്നെയായിരുന്നു ഇന്നലെയും കന്റോണ്‍മെന്റ് ഹൗസ്. ആഘോഷങ്ങളില്‍ നിന്ന് മാറിനിന്ന വി എസ് അച്യുതാനന്ദന്‍ കുടുംബാംഗങ്ങള്‍ക്കും അടുപ്പക്കാര്‍ക്കുമൊപ്പം പിറന്നാള്‍ മധുരം പങ്ക് വെച്ചു. ഫോണിലൂടെ ആശംസകള്‍ പറഞ്ഞ് വിളിച്ചവരോടെല്ലാം നന്ദിയെന്ന ഒറ്റ വാക്കില്‍ മറുപടി ഒതുക്കി. നേരിട്ട് കന്റോണ്‍മെന്റ് ഹൗസിലെത്തിയവരെ സ്‌നേഹത്തോടെ വരവേറ്റ് സന്തോഷം പങ്ക് വെച്ചു.
പുലര്‍ച്ചെ പതിവുള്ള അര മണിക്കൂര്‍ നടത്തം. പിന്നെ യോഗ, പത്രം വായന, ലഘു ഭക്ഷണം എല്ലാം മുറക്കു നടന്നു. പ്രഭാതകൃത്യങ്ങള്‍ തീരും മുമ്പ് തന്നെ വി എസിന്റെ ഫോണ്‍ ശബ്ദിച്ച് തുടങ്ങിയിരുന്നു. ആദ്യം വിളിച്ചത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. പിന്നാലെ കേന്ദ്രമന്ത്രിമാരായ എ കെ ആന്റണിയും വയലാര്‍ രവിയും വിളിച്ച് ആശംസകളറിയിച്ചു. കേന്ദ്ര നേതൃത്വത്തില്‍ വി എസുമായി കൂടുതല്‍ അടുപ്പമുള്ള സീതാറാം യെച്ചൂരിയും പി ബി അംഗം കോടിയേരി ബാലകൃഷ്ണനും ഫോണില്‍ വിളിച്ച് ആശംസകള്‍ നേര്‍ന്നു. ഇടക്ക് ഇ കെ നായനാരുടെ പത്‌നി ശാരദ ടീച്ചറുടെ വിളി എത്തിയപ്പോള്‍ അല്‍പ്പം കുശലാന്വേഷണം.
ആലപ്പുഴയില്‍ നിന്ന് സഹോദരി ആയക്കുട്ടിയും മറ്റു ബന്ധുക്കളും ആഘോഷത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തി. മുണ്ടും ജുബ്ബയുമായിരുന്നു ഏട്ടന് ആയക്കുട്ടിയുടെ പിറന്നാള്‍ സമ്മാനം. പതിനൊന്ന് മണിയായതോടെ കേക്ക് മുറിക്കാമെന്ന് സന്തത സഹചാരികള്‍ അറിയിച്ചപ്പോള്‍ “നിങ്ങള്‍ തന്നെ മുറിക്കൂ”യെന്ന് ആദ്യ മറുപടി. സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിനൊടുവില്‍ സകുടുംബം വി എസ് കേക്ക് മുറിക്കാനെത്തി. തൊണ്ണൂറെന്നു ആലേഖനം ചെയ്ത കേക്ക് വി എസ് തന്നെ പേരക്കുട്ടി അരവിന്ദിനും ഭാര്യ വസുമതിക്കും നല്‍കി. പിന്നെ കൂടിയവര്‍ക്കെല്ലാം പായസം നല്‍കി. ഒടുവില്‍ പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ലെന്ന പിറന്നാള്‍ സന്ദേശവും.
മന്ത്രി കെ എം മാണി, മേയര്‍ കെ ചന്ദ്രിക, ടി ജെ ചന്ദ്രചൂഡന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി ടി ശരത്ചന്ദ്ര പ്രസാദ്, ശോഭന ജോര്‍ജ് തുടങ്ങിയവര്‍ വീട്ടിലെത്തി ആശംസകള്‍ നേര്‍ന്നു. വി എസിന്റെ പഴയ സന്തതസഹചാരിയായിരുന്ന സുരേഷിന്റെ ഭാര്യ ഷീബയും പേഴ്‌സനല്‍ സ്റ്റാഫില്‍ നിന്ന് നീക്കിയ വി കെ ശശിധരനും ജോസഫ് സി മാത്യുവുമെല്ലാം രാവിലെ മുതല്‍ തന്നെ കന്റോണ്‍മെന്റ് ഹൗസിലുണ്ടായിരുന്നു.
ചെന്നൈയിലുള്ള സ്പീക്കര്‍ ജി കാര്‍ത്തികേയനും കണ്ണൂരിലായിരുന്ന കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കേന്ദ്രമന്ത്രിമാരായ ശശി തരൂരും കെ സി വേണുഗോപാലും മുല്ലപ്പള്ളി രാമചന്ദ്രനും പിറന്നാള്‍ ആശംസകള്‍ നേരാന്‍ വി എസിനെ ഫോണില്‍ വിളിച്ചു. യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, പി കെ അബ്ദുര്‍റബ്ബ്, കെ പി മോഹനന്‍ തുടങ്ങിയവരും ഫോണില്‍ വി എസിനെ ആശംസകള്‍ അറിയിച്ചു.

അഴിമതിക്കെതിരായ പോരാട്ടം തുടരും: വി എസ്‌

തിരുവനന്തപുരം: അഴിമതിക്കും ജനദ്രോഹനടപടികള്‍ക്കുമെതിരായ പോരാട്ടം തുടരുമെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കന്റോണ്‍മെന്റ് ഹൗസില്‍ നവതി ആഘോഷങ്ങള്‍ക്കിടെ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു വി എസ്. സോളാര്‍ കേസില്‍ സരിതാ എസ് നായരും ബിജു രാധാകൃഷ്ണനുമായി ചേര്‍ന്ന് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ അതിവിപുലമായ തട്ടിപ്പാണ് നടന്നത്.
രാജ്യത്തിന്റെ സ്വത്ത് തട്ടിയെടുക്കുന്നതിനു വേണ്ടിയുളള തട്ടിപ്പായിരുന്നു അത്. കേസ് ഇല്ലാതാക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നത്. പാര്‍ട്ടിയും ഇടതുമുന്നണിയും നടത്തി വന്ന സമരം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ സമരം ഉടന്‍ ശക്തമാകും. ഉമ്മന്‍ ചാണ്ടി രാജി വെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടുന്നതു വരെ സമരം തുടരുമെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest