Connect with us

Articles

രാജ്യം പാര്‍ലിമെന്റ് കാന്റീനല്ല

Published

|

Last Updated

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനോട് റേഡിയോ അവതാരകന്‍ ഒരു ചോദ്യം ചോദിച്ചു. സിറിയയിലെ ഇടപെടലിനെ കുറിച്ചോ മറ്റേതെങ്കിലും ആഗോള പ്രതിസന്ധിയെ കുറിച്ചായിരുന്നില്ല അത്. റൊട്ടിക്കെന്ത് വില വരുമെന്ന ലളിതമായ സംശയമായിരുന്നു എല്‍ ബി സി 97.3 റേഡിയോ അവതാരകന്‍ നിക്ക് ഫെറാരിയുടെത്. ഒരു പൗണ്ട് വരുമെന്ന് ഉടന്‍ മറുപടി. ഏറിയാല്‍ 47 പെന്നിയേ റൊട്ടിക്ക് വിലയുള്ളൂവെന്ന് ബ്രിട്ടനിലെ ഏത് കുട്ടിക്കുമറിയാം. പറഞ്ഞത് കൂടിപ്പോയിയെന്ന് അവതാരകന്റെ ഭാവങ്ങളില്‍ നിന്ന് മനസ്സിലായ കാമറൂണ്‍ വീണിടത്ത് ഉരുണ്ടുരുണ്ട് ആകെ ചേറില്‍ കുളിച്ചു. “റൊട്ടി വാങ്ങാറില്ലെന്നും വീട്ടില്‍ പാചകക്കാരനുണ്ടെന്നും വിവിധ തരത്തിലുള്ള റൊട്ടി ലഭിക്കാറുണ്ടെ”ന്നും വിശദീകരണം വന്നു. കുട്ടികള്‍ക്കടക്കം വീട്ടിലെല്ലാവര്‍ക്കും പാചകപ്പുരയിലെ റൊട്ടിയാണ് ഇഷ്ടമെന്നും രാവിലെ അതിന്റെ ഗന്ധം പരക്കുമ്പോഴേക്ക് ഉറക്കമുണരുമെന്നും അദ്ദേഹം തട്ടിവിട്ടു. പിന്നെ റൊട്ടിയുണ്ടാക്കുന്നതിന്റെ രീതിശാസ്ത്ര വിശദീകരണമായി. ഏതായാലും ശ്രോതാക്കള്‍ക്ക് പ്രധാനമന്ത്രിയുടെ റൊട്ടിപുരാണം കേട്ട് തലതല്ലി ചിരിക്കാനും വകയായി.

പ്രധാനമന്ത്രി വെട്ടിലാകുന്നതിന് മുമ്പ് ലണ്ടന്‍ മേയറും ഇത്തരമൊരു ചോദ്യത്തിന് മുമ്പില്‍ വിയര്‍ത്തിരുന്നു. പാലിന്റെ വിലയെന്തെന്നായിരുന്നു ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സനോടുള്ള ചോദ്യം. ന്യൂസ്‌നൈറ്റിന്റെ റിപ്പോര്‍ട്ടര്‍ ജെറിമി പാക്‌സ്മാന്റെ ചോദ്യത്തോട് അദ്ദേഹം ഇങ്ങനെ മറുപടി നല്‍കി. ഏകദേശം 80 പെന്നി വരും. എന്നാല്‍, ഇതിന്റെ പകുതി മാത്രമാണ് മാര്‍ക്കറ്റിലെ വിലയെന്ന് റിപ്പോര്‍ട്ടര്‍ തിരുത്തിയപ്പോള്‍ ജാള്യം മറച്ചുവെക്കാനായി തത്രപ്പാട്. “അങ്ങനെയെങ്കില്‍ അങ്ങനെ. പാലിന്റെ വിലയൊന്നും എനിക്കറിയല്ല. അതിലെന്താണ് ഹേ?”
രാഷ്ട്രീയ നേതാക്കളോട് അവശ്യവസ്തുക്കളുടെ വിലയും മറ്റും ചോദിക്കുന്നത് ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകരുടെ ഹോബിയായിരിക്കുകയാണ്. മാര്‍ഗരറ്റ് താച്ചറെന്ന, ഷോപ്പ്കീപ്പറുടെ മകളല്ലല്ലോ ഭരിക്കുന്നത്. അവശ്യവസ്തുക്കളുടെ വില ബ്രിട്ടനിലും കുതിച്ചുയരുകയാണ്. സാധാരണ ജനങ്ങള്‍ക്കിടയില്‍ അതൃപ്തി പുകയുന്നു. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും വെള്ളിക്കരണ്ടിയുമായി ജനങ്ങളെ നോക്കി പല്ലിളിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് റൊട്ടിയുടെയും പാലിന്റെയും വില രാഷ്ട്രത്തെ നയിക്കുന്നവരുടെ വായില്‍ നിന്ന് തന്നെ കേള്‍ക്കാന്‍ മാധ്യമങ്ങള്‍ ആഗ്രഹിച്ചത്.

ഇനി ഇന്ത്യയിലേക്ക് വരാം. ഇവിടെ രാഷ്ട്രീയ നേതാക്കളോടും ഭരണാധികാരികളോടും ഇത്തരം ചോദ്യം ചോദിക്കേണ്ട ആവശ്യമില്ല. അപഹാസ്യരാകാന്‍ തുനിഞ്ഞിറങ്ങിയ ഒരു പറ്റം രാഷ്ട്രീയ നേതാക്കളുണ്ടാകുമ്പോള്‍ ജനങ്ങള്‍ക്ക് അവരുടെ നിലവാരമോര്‍ത്ത് നെഞ്ചത്ത് കൈവെക്കേണ്ട കാര്യമേയുള്ളൂ. മുംബൈയില്‍ 12 രൂപക്ക് കുശാലായ ഉച്ചയൂണ് ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് വക്താവ് രാജ് ബബ്ബാര്‍ പറഞ്ഞത്. രണ്ട് ദിവസം കഴിഞ്ഞ് കോണ്‍ഗ്രസിന്റെ രാജ്യസഭാംഗം റഷീദ് മസ്ഊദ് പറഞ്ഞത് ഡല്‍ഹിയില്‍ അഞ്ച് രൂപക്ക് ഊണ് ലഭിക്കുമെന്നാണ്. ബബ്ബാറുടെ അഭിപ്രായത്തെ സാധൂകരിച്ചാണ് മസ്ഊദ് ഒരു ബോംബ് തന്നെയിട്ടത്. “മുംബൈയിലെ കാര്യമെനിക്കറിയില്ല. പക്ഷെ ജുമാ മസ്ജിദിനടുത്ത് അഞ്ച് രൂപക്ക് ഉച്ചഭക്ഷണം ലഭിക്കും.” യൂറോപ്യന്‍ നഗരമായ ബൊഹീമിയയിലാണോ ഇവര്‍ കഴിയുന്നതെന്ന് അന്ന് ചില മാധ്യമങ്ങള്‍ പരിഹസിച്ചു. വേറെയുമുണ്ട് നേതാക്കളുടെ വീരഗാഥകള്‍. 600 രൂപക്ക് ആറംഗ കുടുംബത്തിന് കുശാലായി കഴിയാമെന്ന ഗംഭീര തത്വം സമ്മാനിച്ചത്, ഇന്ദ്രപ്രസ്ഥത്തില്‍ ഹാട്രിക് വിജയം നേടി നാലാം ജയത്തിന് സാരിയുടുത്ത ഷീലാ ദീക്ഷിതാണ്. ഡല്‍ഹിയിലേക്ക് ടിക്കറ്റെടുത്താലോയെന്ന് അന്ന് പലരും ചിന്തിച്ചിരുന്നു. പിന്നെ പറഞ്ഞയാളെ കുറിച്ച് ആലോചിച്ചപ്പോള്‍ ചിരിച്ചുതള്ളി.

പിന്നെപ്പിന്നെ സര്‍ക്കാറിന്റെ ഔദ്യോഗിക ഭാഷ്യവും ഇത്തരത്തില്‍ വന്നു. നഗരത്തില്‍ ദിവസം 33 രൂപ സമ്പാദിക്കുന്നവരും ഗ്രാമത്തില്‍ 27.20 രൂപ സമ്പാദിക്കുന്നവരും ദരിദ്രരല്ലെന്ന് ആസൂത്രണ കമ്മീഷന്‍ ഗംഭീര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദാരിദ്ര്യം തുടുച്ചുനീക്കുമെന്ന് യു പി എ ഇടക്കിടക്ക് പ്രഖ്യാപിക്കുമ്പോള്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. 33 ഉം 27ഉം രൂപക്ക് യഥാക്രമം നഗരത്തിലും ഗ്രാമത്തിലും ഉച്ചയൂണെങ്കിലും ലഭിക്കുമോയെന്ന് സാധാരണ ജനങ്ങള്‍ ചോദിച്ചു.
ഇത്തരം അഭിപ്രായപ്രകടനങ്ങളും ഔദ്യോഗിക കണക്കുകളും വന്നത് പാര്‍ലിമെന്റ് കാന്റീനിന്റെ വിശാലതയില്‍ രാജ്യത്തെ കണ്ടതിനാലാകണം. കാരണം 20 വര്‍ഷം മുമ്പ് നമ്മുടെ നാട്ടിന്‍പുറത്തെ തട്ടുകടയില്‍ കിട്ടിയിരുന്ന ഭക്ഷണങ്ങളുടെ വിലയേ പാര്‍ലിമെന്റ് മന്ദിരത്തിലെ ഭക്ഷണശാലയില്‍ ഉള്ളൂ. ഇപ്രകാരമാണ് ജനാധിപത്യത്തിന്റെ ഈറ്റില്ലം ഇവിടുത്തെ “ജനസേവകരെ” തീറ്റിപ്പോറ്റുന്ന വിധം:
ചായ : ഒരു രൂപ
സൂപ്പ് : 5.50
പരിപ്പ് : 1.50
വെജിറ്റേറിയന്‍ താലി
(പരിപ്പ്, സബ്‌സി, നാല് ചപ്പാത്തി, ചോറ്, സ ലാഡ്): 12.50
നോണ്‍ വെജ് താലി: 22
നെയ്‌ച്ചോറ്: 11
വെജിറ്റേറിയന്‍ പുലാവ്: 8
ചിക്കന്‍ ബിരിയാണി: 34
മത്സ്യക്കറിയും ചോറും: 13
രജ്മ റൈസ്: 7
ടൊമാറ്റോ റൈസ്: 7
ചിക്കന്‍ കറി: 20.50
ചിക്കന്‍ മസാല: 24.50
പാര്‍ലിമെന്റില്‍ ഇത്ര വിലയാണെങ്കില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന ചോറിന്റെയും മറ്റും വില അഞ്ച് രൂപയും അതിലും കുറച്ചല്ലേ ആകുകയുള്ളൂ. ഈ ലളിത യുക്തിയാണ് ബബ്ബാറും മസ്ഊദും പങ്ക് വെച്ചത്. ഷീലാ ദീക്ഷിതും മൊണ്ടേക് സിംഗ് അലുവാലിയയും മുന്നോട്ടുവെച്ചതും ഈയൊരു മാതൃക അനുസരിച്ച് തന്നെയാണ്. സാധാരണ മനുഷ്യരുമായി ഇവര്‍ക്കൊന്നും യാതൊരു ബന്ധവുമില്ലല്ലോ. എല്ലാം പൊതുഖജനാവിന്റെ ചെലവിലല്ലേ?

മുമ്പും ഇത്തരം പല ജീവിതതത്വങ്ങളും ഇത്തരക്കാര്‍ സംഭാവന ചെയ്തിട്ടുണ്ട്. “അരി, പച്ചക്കറി, പരിപ്പ്, ആട്ട തുടങ്ങി എല്ലാത്തിന്റെയും വില ഉയരുകയാണ്. കര്‍ഷകര്‍ക്ക് ഇത് ഗുണം ചെയ്യുന്നതിനാല്‍ ഈ വിലപ്പെരുപ്പത്തില്‍ തനിക്ക് സന്തോഷമുണ്ട്. വിലക്കയറ്റത്തെച്ചൊല്ലി മാധ്യമങ്ങള്‍ വിലപിക്കുകയാണ്. എന്നാല്‍ സര്‍ക്കാറിന്റെത് കര്‍ഷകര്‍ക്ക് അനുകൂലമായ സമീപനമാണ്.” കോണ്‍ഗ്രസിന്റെ ഉരുക്കുമനുഷ്യന്‍ ബേനിപ്രസാദ് വര്‍മയാണ് ഈ മഹാ തത്വം അവതരിപ്പിച്ചത്. അരി ഭക്ഷണം കഴിക്കുന്നവരാരും ഇത് വിശ്വസിക്കില്ല. സമാനമായതൊന്ന് സാമ്പത്തികശാസ്ത്ര സിദ്ധാന്തങ്ങളും കലക്കിക്കുടിച്ച പളനിയപ്പന്‍ ചിദംബരത്തിന്റെതാണ്. “കുപ്പി വെള്ളത്തിന് 15 രൂപയും ഐസ്‌ക്രീമിന് 20 രൂപയും മുടക്കാന്‍ മടിയില്ലാത്തവരാണ് അരിക്കും ഗോതമ്പിനും ഒന്നോ രണ്ടോ രൂപ കൂടുമ്പോള്‍ ഒച്ചപ്പാടുണ്ടാക്കുന്നത്”.
ജീവിതച്ചെലവ് കുത്തനെ കൂടുന്നതും സാധാരണ ജനജീവിതം ദുസ്സഹമാകുന്നതും ഒച്ചപ്പാടുണ്ടാക്കാന്‍ വകുപ്പില്ലാത്ത പ്രതിഭാസങ്ങളാണെന്നാണ് സര്‍ക്കാറിന്റെ മനോഭാവം. പ്രകൃതിദുരന്തം പോലെ ഇതിനെ കണ്ടാല്‍ മതിയെന്നാണ് ജനപ്രതിനിധികള്‍ പറയുന്നു. തങ്ങള്‍ക്ക് ചെയ്യാനാകുന്നതെല്ലാം ചെയ്തു. ഇനി അനുഭവിക്കാനുള്ളത് നിങ്ങളാണ്. പക്ഷേ ആരുടെ വിഷയങ്ങളിലാണ് അതീവ താത്പര്യത്തോടെ ചെയ്യാനുള്ളതെല്ലാം ചെയ്തതെന്ന് പരിശോധിക്കേണ്ടതുണ്ട്. വന്‍കിട വ്യവസായികളുടെ ഇംഗിതത്തിനനുസരിച്ച് സാമ്പത്തിക നയങ്ങള്‍ രൂപവത്കരിച്ചും കൂട്ടിച്ചേര്‍ത്തും മാറ്റിത്തിരുത്തിയും ചെയ്യേണ്ടതും അതിലപ്പുറവും ചെയ്തു. “കടക്കെണിയില്‍ ഉഴലുന്ന” വിജയ് മല്യയുടെയും മറ്റും കടം എഴുതിത്തള്ളി. അതിന് പ്രത്യേക പാക്കേജുകള്‍ കൊണ്ടുവന്നു. അപ്പോഴും, വിദര്‍ഭയിലും മറ്റ് കാര്‍ഷിക മേഖലയിലും കൃഷിക്ക് വേണ്ടി കടമെടുത്ത് തുലഞ്ഞ കര്‍ഷകര്‍ ഒരു തുണ്ടം കയറിലും ഒരു തുള്ളി വിഷത്തിലും മറ്റും ജീവിതം അവസാനിപ്പിക്കുന്നുണ്ടായിരുന്നു. പക്ഷേ അത്തരം അലോസരങ്ങള്‍ക്ക് നേരെ സര്‍ക്കാറിന്റെ കണ്ണുകള്‍ മുറുക്കിച്ചിമ്മി. വെവ്വേറെ വിഷയങ്ങള്‍ ഇട്ട് ജനശ്രദ്ധ തിരിച്ചു. ഇത്രയൊക്കെയേ നമ്മുടെ നാട്ടിലെ ജനപ്രതിനിധികള്‍ക്ക് ചെയ്യാനാകൂ. വരാനിരിക്കുന്ന ഏത് മുന്നണികളായാലും ഭരണാസനത്തില്‍ ഉപവിഷ്ടരായാല്‍ ജനങ്ങളെ മറക്കും. പിന്നെ വികസനവും വ്യവസായവും ജി ഡി പിയും കറന്‍സിയുടെ മൂല്യമുയര്‍ത്തലുമായിരിക്കും പ്രധാന അജന്‍ഡ. കാലാവധി പൂര്‍ത്തിയാക്കുന്നതിന്റെ തൊട്ടുതലേന്നാണ് സ്വപ്‌ന യാത്രയില്‍ നിന്ന് ഉണരുക. പിന്നെ പ്രഖ്യാപനങ്ങളായി. നടപടികളില്ല. പ്രഖ്യാപനങ്ങള്‍ മാത്രം. ജനം എല്ലാം മറക്കും. ഇനി നിഷേധ വോട്ടുള്ളതു കൊണ്ട് അതിന്റെ പിന്‍ബലത്തിലായിരിക്കും ഭരണത്തിലിരുന്നവര്‍ ജയിച്ചുകയറുക.

പക്ഷേ, എല്ലാവരും അങ്ങനെയല്ല. പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി ഓഫീസിലേക്കുള്ള യാത്ര മെട്രോയിലാക്കിയിരിക്കുകയാണ്. മന്ത്രിമാരുടെയും പരിവാരങ്ങളുടെയും കാറുകളില്‍ അടിക്കുന്ന ഇന്ധനം ലാഭിക്കാനാണിത്. ആ മെട്രോ യാത്രക്ക് ഒരു ദിവസത്തെ ആയുസ്സേ ഉണ്ടായിരുന്നുവുള്ളൂ. ഓഫീസ് സമയത്തെ മെട്രോയിലെ തിരക്കില്‍ ആള്‍ക്കാരുടെ വിയര്‍പ്പുനാറ്റവും മറ്റും സഹിച്ച് നിന്ന് യാത്ര ചെയ്യാന്‍ എത്ര നേതാക്കള്‍ തയ്യാറാകും? യാത്ര അഞ്ച് മിനിട്ടേയുള്ളൂവെങ്കിലും അത്തരം “സാഹസങ്ങള്‍ക്ക്” നേതാക്കള്‍ തയ്യാറാകുകയില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചന്ദ്രബാബു നായിഡു ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ യാത്ര സൈക്കിളിലാക്കിയിരുന്നു. എന്നാല്‍, മുന്നില്‍ സൈക്കിളില്‍ നീങ്ങുന്ന നായിഡുവും പിന്നാലെ കാക്കക്കൂട്ടം ഇളകിയത് മാതിരി സുരക്ഷാ ജീവനക്കാരുടെ വാഹനപ്പടയാണ് ഉണ്ടായിരുന്നത്. (ഗാന്ധിജിയുടെ ലളിത ജീവിതം ഉറപ്പ് വരുത്താന്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് വന്‍ തുക ചെലവായിരുന്നല്ലോ).
പ്രധാനമന്ത്രി കുപ്പായം തുന്നുന്ന രാഹുല്‍ജിയും ഇത്തരം ബഫൂണ്‍ കുപ്പായം അണിയാറുണ്ട്. യു പിയിലെ കുഗ്രാമത്തിലെ ആദിവാസിനിയുടെ വീട്ടില്‍ അന്തിയുറങ്ങുന്നതാണ് അദ്ദേഹത്തിന്റെ ദരിദ്രരോടുള്ള ഐക്യദാര്‍ഢ്യം. പക്ഷേ, അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മാത്രം. ഇത്തരം വേഷംകെട്ടലുകള്‍ക്ക് വേണ്ട ഊര്‍ജം ചെലവഴിക്കുന്ന സമയത്ത് നേരാംവണ്ണം പാര്‍ലിമെന്റില്‍ ഹാജരായി ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ അവതരിപ്പിച്ചിരുന്നെങ്കില്‍! അധികാരം ജന്മാവകാശമായി കാണുന്ന നേതാക്കളുടെ ഭാഗത്തു നിന്ന് അത്തരം അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. എന്‍ ഡി എ ആണെങ്കിലും യു പി എ ആണെങ്കിലും അധികാരം കൈയില്‍ കിട്ടിയാല്‍ നടാടെ സൂചിപ്പിച്ച ജി ഡി പിയും വികസനവും മറ്റുമാണ് ഏക ജീവല്‍പ്രശ്‌നം. മോഡി നടത്തുന്ന ശംഖൊലിയും അത്തരത്തില്‍ തന്നെ. കോര്‍പറേറ്റ്‌പ്രേമവും ഹിന്ദുത്വവും സമം ചേര്‍ത്ത ഭരണം. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണെങ്കില്‍ ഹിന്ദുത്വത്തിന് പകരം അവസരവാദ വര്‍ഗീയത. മൂന്നാം മുന്നണിയോ നാലാം മുന്നണിയോ ആണെങ്കില്‍ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന അമ്മായിയമ്മ- മരുമകള്‍ പോരിന്റെ പദവിയിലുള്ള ദേശീയ പോര്. ഇതിനിടയില്‍ പൊതുജനങ്ങളും അവരുടെ ജീവല്‍പ്രശ്‌നങ്ങളും ആര് ശ്രദ്ധിക്കാന്‍! ഇവര്‍ക്കൊക്കെ ഖലീഫ ഉമറും ഇബ്‌നു ഉമറും ഔറംഗസീബും ഗാന്ധിജിയും മറ്റും പ്രസംഗത്തിന് കൊഴുപ്പേകാനുള്ള വെറും ചരിത്രപുരുഷര്‍ മാത്രം.

Latest