Connect with us

Kerala

സിനിമ, സംഗീത ലോകം രാഘവന്‍ മാസ്റ്ററെ അവഗണിച്ചു

Published

|

Last Updated

തലശ്ശേരി: താരപരിവേഷത്തിന്റെ നെറ്റിപ്പട്ടം കെട്ടിയ സിനിമാ, സംഗീത ലോകത്തെ വരേണ്യവര്‍ഗം ജീവിതത്തിലൊരിക്കലും താരമാകാന്‍ ആഗ്രഹിക്കാത്ത സംഗീതജ്ഞന്‍ കെ രാഘവന്‍ മാസ്റ്റരെ മരണാനന്തരവും അവഗണിച്ചു. ശനിയാഴ്ച പുലര്‍ച്ചെ അന്തരിച്ച മാസ്റ്റരുടെ ഭൗതിക ശരീരം ഞായറാഴ്ച വൈകീട്ട് എരിഞ്ഞടങ്ങുന്നതുവരെ സിനിമാ, സംഗീത ലോകത്തെ പ്രമുഖരാരും തലശ്ശേരിയിലെത്തിയില്ല.

രാഘവന്‍ മാസ്റ്റര്‍ ഈണമിട്ട മധുരിത ഗാനങ്ങള്‍ ഊണിലും ഉറക്കിലും മൂളുന്ന സാധാരണക്കാരായ ആസ്വാദകരുള്‍പ്പെടുന്ന വന്‍ ജനാവലി അന്ത്യയാത്രയില്‍ നിറഞ്ഞു നിന്നെങ്കിലും പലരുടെയും കണ്ണുകള്‍ അപ്പോഴും തേടിയത് സിനിമാരംഗത്തെ “താരങ്ങളെ”യായിരുന്നു. പൊറുക്കാനാകാത്ത തെറ്റാണെന്നും നിരാശയാണെന്നും രാഘവന്‍ മാസ്റ്ററുടെ കുടുംബാംഗങ്ങളും കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പടെയുള്ളവരും പ്രതികരിച്ചതോടെ സംഭവം വിവാദമായി. എന്നാല്‍ ആദരവ് മനസ്സിലുണ്ടെന്ന മുടന്തന്‍ ന്യായം നിരത്തി താരസംഘടനാ ഭാരവാഹികള്‍ തടിയൂരുകയായിരുന്നു.
ഏഴ് പതിറ്റാണ്ട് കാലം മലയാളിയെ സര്‍ഗാനന്ദത്തിന്റെ നെറുകയിലെത്തിച്ച രാഘവന്‍ മാസ്റ്ററെ ചലച്ചിത്ര ലോകം പാടേ തഴഞ്ഞത് പൊതുജനങ്ങളിലും കടുത്ത അമര്‍ഷത്തിനിടയാക്കി. ഞായറാഴ്ച രാവിലെ കെ പി എ സിയുടെ ഭാരവാഹികളും സിനിമാ സംവിധായകന്‍ രഞ്ജിത്തും ഉച്ചയോടെ നടന്‍ മാമുക്കോയയും മാത്രമാണ് വീട്ടിലും മൃതദേഹം പൊതു ദര്‍ശനത്തിനുവെച്ച സ്‌കൂളിലും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.
യേശുദാസ് ഉള്‍പ്പടെയുള്ള പ്രമുഖ ഗായകരും സംഗീത സംവിധായകരും സിനിമാ നടന്‍മാരുടെ സംഘടനയായ “അമ്മ”യുടെ ഭാരവാഹികളും എത്തുമെന്ന പ്രതീക്ഷയില്‍ പോലീസ് സുരക്ഷാ സംവിധാനങ്ങളൊരുക്കിയിരുന്നു. എന്നാല്‍ ആരും എത്തിയില്ല. പ്രമുഖ മലയാളി താരങ്ങളെത്തിയില്ലെങ്കിലും തലശേരി മേഖലയിലുള്ള ശ്രീനിവാസന്‍, വിനീത് എന്നിവരെ പ്രതീക്ഷിച്ചെങ്കിലും അവരും തിരിഞ്ഞു നോക്കിയില്ല.
അതേസമയം ചലച്ചിത്ര ലോകം രാഘവന്‍ മാസ്റ്ററെ അപമാനിച്ചതില്‍ ദു:ഖമുണ്ടെന്ന് മകന്‍ കനകാംബരന്‍ പറഞ്ഞു. താരങ്ങളോ സംഗീത ലോകത്തെ ആളുകളോ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്താതിരുന്നത് കടുത്ത അനാദരവാണെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. വരേണ്യവര്‍ഗത്തിന്റെ ഭാഗത്തുനിന്നുണ്ടായ അവഗണന എതിര്‍ക്കപ്പെടേണ്ടതാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു.
രാഘവന്‍ മാസ്റ്റര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ചലച്ചിത്ര ലോകത്ത് നിന്ന് ആരുമെത്താത്തത് ശരിയായില്ലെന്ന് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞു. മലയാള സിനിമയുടെ നൂറാം വാര്‍ഷികത്തിന് മദിരാശിയിലേക്ക് പെട്ടിയും കിടക്കയുമെടുത്ത് പോകാന്‍ കാണിച്ച താരങ്ങളുടെ ഉത്സാഹം ഇവിടെ കണ്ടില്ലല്ലോ എന്നും രഞ്ജിത്ത് പറഞ്ഞു.
ആരുടെ ആദരവ് കിട്ടിയില്ലെങ്കിലും മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ആളാണ് രാഘവന്‍ മാസ്റ്ററെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. നന്ദിയും കടപ്പാടുമൊന്നുമില്ലാത്ത മേഖലയാണ് സിനിമാ രംഗമെന്ന് സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി പറഞ്ഞു. അന്നന്നത്തെ രാജാക്കന്‍മാരുടെ ലോകമാണ് സിനിമയെന്നും ശ്രീകുമാരന്‍ തമ്പി ആരോപിച്ചു.
അതേ സമയം അവഗണിച്ചതല്ലെന്നും ദൂരക്കൂടുതലായതിനാലാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പോകാതിരുന്നതെന്നും അമ്മ പ്രസിഡന്റ് ഇന്നസെന്റ് അറിയിച്ചു. സിനിമാ സംഘടനയുടെ പ്രതിനിധിയായി നടന്‍ അനൂപ് ചന്ദ്രന്‍ ചടങ്ങില്‍ പങ്കെടുത്തതായും അദ്ദേഹം പറഞ്ഞു.

 

Latest