Connect with us

Gulf

ടാക്‌സികളുടെ ഗതാഗത നിയമലംഘനങ്ങള്‍ വര്‍ധിക്കുന്നു

Published

|

Last Updated

അബുദാബി: ഒമ്പത് മാസത്തിനിടെ ടാക്‌സി വാഹനങ്ങളുടെ 22,843 നിയമലംഘനങ്ങള്‍ പിടികൂടിയതായി പോലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ഹുസൈന്‍ അഹ്മദ് അല്‍ ഹാരിസി അറിയിച്ചു.
ചുവപ്പു സിഗ്‌നല്‍ മറികടക്കുന്നതടക്കമുള്ള ഗുരുതരമായ നിയമലംഘനങ്ങളില്‍ ടാക്‌സി വാഹനങ്ങളുമുണ്ട്. 156 തവണയാണു ടാക്‌സി വാഹനങ്ങള്‍ ചുവപ്പു സിഗ്‌നല്‍ കടന്നത്. വേഗപരിധിയില്‍നിന്നും മണിക്കൂറില്‍ 50 കിലോമീറ്റര്‍ കടന്നും ടാക്‌സി കാറുകള്‍ അബുദാബി റോഡിലൂടെ യാത്രക്കാരെയും വഹിച്ചോടി. ഈ ഗണത്തില്‍പെട്ട 250 നിയമലംഘനങ്ങളും രേഖപ്പെടുത്തി.
അഗ്നിശമന സംവിധാനങ്ങള്‍ക്കു തടസ്സമുണ്ടാക്കിയും പ്രത്യേക പരിചരണം വേണ്ടവര്‍ക്കുള്ള പാര്‍ക്കിങ്ങുകളിലും നിരോധിത മേഖലകളിലും വണ്ടികള്‍ നിര്‍ത്തിയിട്ടതിനും 18 വാഹനങ്ങള്‍ക്കു പിഴ വിധിച്ചു. റോഡില്‍ ദിശമാറി ഓടിച്ച കേസില്‍ 153 ടാക്‌സി കാറുകള്‍ക്കാണു പിഴ. കുട്ടികളെ മുന്‍സീറ്റിലിരുത്തി യാത്ര ചെയ്തതിന് അഞ്ചു ഡ്രൈവര്‍മാര്‍ക്കു പിഴ നല്‍കി.
വാഹനങ്ങള്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങള്‍ക്കു പ്രധാന കാരണമാകുന്നതു മുന്നിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കാത്തതാണ്. ഈ നിയമം 86 ടാക്‌സികളാണു തെറ്റിച്ചത്. സര്‍വീസ് റോഡുകളില്‍നിന്നു പ്രധാന പാതകളിലേക്കു പ്രവേശിക്കുമ്പോഴുള്ള ഗതാഗതനിയമം ലംഘിച്ചതിന് 186 വാഹനങ്ങള്‍ പിടിയിലായി.
വാഹനം വൃത്തിയായി സൂക്ഷിക്കണമെന്ന നിര്‍ദേശം പാലിക്കാത്ത 150 വാഹനങ്ങളും കുടുങ്ങിയിട്ടുണ്ട്.
റോഡ് മുറിച്ചുകടക്കാന്‍ കാല്‍നട യാത്രക്കാര്‍ക്കു മുന്‍ഗണന നല്‍കണമെന്ന നിയമം പാലിക്കാനും ടാക്‌സികള്‍ വിമുഖരാണ്. ഈ നിയമലംഘനത്തിന് 508 ഡ്രൈവര്‍മാര്‍ക്കാണു പിഴ ലഭിച്ചത്.
സിഗ്‌നലുകള്‍ നല്‍കാതെ ലൈന്‍ മാറിയ കേസില്‍ 445 വാഹനങ്ങള്‍ പിടിക്കപ്പെട്ടപ്പോള്‍ മാര്‍ഗതടസ്സമുണ്ടാക്കുന്നവിധം വാഹനങ്ങള്‍ നിര്‍ത്തിയതിനു 3654 നിയമലംഘനങ്ങളും ഒന്‍പതു മാസത്തിനിടെ രേഖപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും നിശ്ചയിച്ച സുരക്ഷാ നിയമങ്ങളും പലപ്പോഴും ഡ്രൈവര്‍മാര്‍ പാലിക്കാറില്ല. ഈ ഇനത്തില്‍ 209 നിയമലംഘനങ്ങളാണ് അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്.

Latest