Connect with us

Palakkad

കുന്നിടിക്കല്‍; പരിശോധന തീര്‍ക്കാതെ ഉദ്യോഗസ്ഥര്‍ മടങ്ങി

Published

|

Last Updated

എടപ്പാള്‍: മേഖലയിലെ രൂക്ഷമായ കുന്നിടിക്കലും വയല്‍ നികത്തലും നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനെത്തിയ വനിതാ ജിയോളജിസ്റ്റ് ഉദ്യോഗസ്ഥര്‍ പത്രപ്രവര്‍ത്തകരുടെയും ചാനല്‍ പ്രവര്‍ത്തകരുടെയും ക്യാമറകള്‍ കണ്ടപ്പോള്‍ പ്രതിഷേധിച്ച് പരിശോധന നടത്താതെ സ്ഥലംവിട്ടു.
ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് മഞ്ചേരി മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍ നിന്നും രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വാഹനത്തില്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയത്. പ്രകൃതി സംരക്ഷണസേന നേതാക്കളായ സൂരജ് എടപ്പാള്‍, മനേഷ് കുറ്റിപ്പാല എന്നിവര്‍ ജിയോളജി വകുപ്പിന് ഇതുസംബന്ധിച്ച് നല്‍കിയ പരാതികളെ തുടര്‍ന്നാണ് ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദര്‍ശിക്കാനെത്തിയത്.
സ്ഥലങ്ങള്‍ കാണിച്ചുകൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം സൂരജും മനേഷും ഉണ്ടായിരുന്നു. ആദ്യം മാണൂരിലെ സ്വകാര്യ ഡെന്റല്‍ കോളജിന് സമീപത്തെ കുന്നിടിക്കല്‍ പ്രദേശമാണ് സംഘം സന്ദര്‍ശിച്ചത്.
അതിന് ശേഷമാണ് അതിരൂക്ഷമായ മണ്ണെടുപ്പ് നടന്ന കവുപ്രയിലെ മുക്കുന്ന് സന്ദര്‍ശിക്കാന്‍ സംഘം എത്തിയത്. ഉദ്യോഗസ്ഥ സംഘത്തെ കാത്ത് മുക്കുന്നില്‍ പത്ര, ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ നിന്നിരുന്നു. ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ബാഗുകളില്‍ നിന്നും ക്യാമറകള്‍ മാധ്യമപ്രവര്‍ത്തകര്‍ എടുത്തതോടെയാണ് പ്രതിഷേധവുമായി ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയത്.
ഫോട്ടോയെടുത്താല്‍ പരിശോധന നടത്തില്ലെന്ന് ഉദ്യോഗസ്ഥരും പരിശോധന നടത്തുമ്പോള്‍ ഫോട്ടോയെടുക്കുമെന്ന് പത്രപ്രവര്‍ത്തകരും പ്രഖ്യാപിച്ചതോടെ പ്രതിഷേധിച്ച് ഉദ്യോഗസ്ഥര്‍ പരിശോധന നടത്താതെമടങ്ങിപോവുകയായിരുന്നു.
ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പരാതി നല്‍കുമെന്ന് പ്രകൃതി സംരക്ഷണസേന ഭാരവാഹികള്‍ അറിയിച്ചു.

Latest