Connect with us

Palakkad

ഉദ്ഘാടനം കഴിഞ്ഞു അഞ്ച് വര്‍ഷമായിട്ടും കൊപ്പം ബസ്‌സ്റ്റാന്‍ഡ് നോക്കുകുത്തി

Published

|

Last Updated

പട്ടാമ്പി: ഉദ്ഘാടനം കഴിഞ്ഞ് അഞ്ച് വര്‍ഷം പൂര്‍ത്തിയായിട്ടും കൊപ്പം ബസ്‌സ്റ്റാന്‍ഡ് നോക്കുകുത്തിതന്നെ. 30 ലക്ഷത്തോളം രൂപ മുടക്കി 2008 മാര്‍ച് 22ന് അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയാണ് ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം നടത്തിയത്.
10 മുറികളുള്ള കെട്ടിടസമുച്ചയവും ഇതിനോട്കൂടെ നിര്‍മിച്ചു. കെട്ടിടത്തില്‍ ചില കടമുറികള്‍ ഇപ്പോള്‍ കച്ചവട ആവശ്യത്തിന് വിട്ടുകൊടുത്തിട്ടുണ്ട്. ഇവിടെ കച്ചവടക്കാര്‍ സാധനങ്ങള്‍ സൂക്ഷിക്കുകയാണ്. സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ടായിരുന്ന സ്റ്റാന്‍ഡില്‍ വ്യാപാരികള്‍ താമസമാക്കിയതിനാലും സമീപത്തെ വീട്ടുകാരുടെ ശ്രദ്ധയുണ്ടാകുന്നതിനാലും ഇപ്പോള്‍ ആശ്വാസമാണെന്ന് പരിസരവാസികള്‍ പറഞ്ഞു. മുന്‍പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി. മരക്കാര്‍ സൗജന്യമായി നല്‍കിയ 50സെന്റ് സ്ഥലത്താണ് ബസ് സ്റ്റാന്‍ഡ് നില്‍ക്കുന്നത്. സ്വകാര്യ വ്യക്തിയും പള്ളിക്കമ്മിറ്റിയും സ്റ്റാന്‍ഡിലേക്ക് റോഡിന് സ്ഥലവും വിട്ടുകൊടുത്തു. അര ഏക്കറോളം വരുന്ന സ്ഥലം വെറുതെ കിടക്കുകയാണ്. ബസുകളെ കയറ്റി കെട്ടിടം വിപുലീകരിച്ച് അഭിവൃദ്ധിപ്പെടുത്തിയാല്‍ പഞ്ചായത്തിന് മുതല്‍കൂട്ടാകും.
എന്നാല്‍ ടൗണില്‍ നിന്നും അല്‍പം മാറി പട്ടാമ്പി റോഡിലുള്ള സ്റ്റാന്‍ഡ് തുറക്കുന്നതിനോട് ചിലര്‍ തടസ്സം നില്‍ക്കുന്നതാണ് ബസ് സ്റ്റാന്‍ഡ് തുറക്കാതിരിക്കാന്‍ കാരണമെന്നും പറയുന്നു. ടൗണില്‍ പൊലീസ് നിയമം കര്‍ശനമാക്കിയാല്‍ ബസുകള്‍ സ്റ്റാന്‍ഡില്‍ കയറുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
ബസ്‌സ്റ്റാന്‍ഡില്‍ കയറിഇറങ്ങുന്നത് സമയനഷ്ടമാണെന്നാണ് ബസുടമകളുടെ വാദം. സമാന്തരസര്‍വീസുകള്‍ നിര്‍ത്തിയാല്‍ ബസുകള്‍ സ്റ്റാന്‍ഡില്‍ കയറ്റാമെന്നും ഇവര്‍ പറയുന്നു. സ്റ്റാന്‍ഡ് കെട്ടിടത്തിലെ മുറികളില്‍ വ്യാപാര സ്ഥാപനങ്ങള്‍ വന്നതോടെ സ്റ്റാന്‍ില്‍ ഇപ്പോള്‍ പൊതുജനം ഇറങ്ങുന്നുണ്ട്.
നാട്ടുകാര്‍ക്കും, യാത്രക്കാര്‍ക്കും ബസ് സ്റ്റാന്‍ഡ് തുറക്കണമെന്നാണ് ആവശ്യം. ടൗണിലെ വ്യാപാരികളുടെ എതിര്‍പ്പിനെതുടര്‍ന്നാണ് ബസ് സ്റ്റാന്‍ഡ് തുറക്കാന്‍ പഞ്ചായത്തും, പൊലീസും നടപടിയെടുക്കാത്തതെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.

Latest