Connect with us

Palakkad

പട്ടികജാതി പെണ്‍കുട്ടികള്‍ക്ക് വിവാഹ ധന സഹായം കിട്ടിയിട്ട് അഞ്ച് മാസമായി; ഫണ്ടില്ലാത്തതിനാല്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു

Published

|

Last Updated

പട്ടാമ്പി: ജില്ലയില്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വിവാഹധന സഹായം പ്രതിസന്ധിയിലാണെന്ന് പരാതി. കഴിഞ്ഞ അഞ്ച് മാസമായി ധന സഹായവിതരണം നടന്നില്ല. നിലവില്‍ 1300 അപേക്ഷകളാണ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ കെട്ടികിടക്കുന്നത്.
50,000 രൂപയാണ് സഹായമായി വിതരണം ചെയ്തിരുന്നത്. ആറരകോടിയോളം രൂപയുടെ ഫണ്ട് ഉണ്ടെങ്കില്‍ മാത്രമേ നിലവിലെ പ്രതിസന്ധി മറികടക്കാനാകൂ. ബ്ലോക്ക് പഞ്ചായത്തുകള്‍ വഴി 50,000 രൂപയും ഗ്രാമപഞ്ചായത്ത് വഴി 30,000 രൂപയുമാണ് പട്ടികജാതി വികസന വകുപ്പ് നല്‍കുന്നത്.
ധനസഹായത്തിനുള്ള തുക അധികവും ബ്ലോക്കിനു കീഴിലായതിനാല്‍ ജില്ലയിലെ ബ്ലോക്കുകളിലാണ് അപേക്ഷകര്‍ കൂടുതലുള്ളത്. ബ്ലോക്ക് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയാല്‍ ജില്ലാ പട്ടിക ജാതി വികസന വകുപ്പിനു കൈമാറുകയാണ് പതിവ്.
പിന്നീട് അനുമതി ലഭിച്ചാല്‍ ബ്ലോക്ക് ഓഫീസ് ട്രഷറിയില്‍ നിന്ന് ബില്ലെഴുതിയെടുത്ത് ധനസഹായം വിതരണം ചെയ്യണം. അപേക്ഷ നല്‍കി രണ്ട് മാസത്തിനുള്ളില്‍ വിവാഹധന സഹായം ലഭിക്കാറുണ്ട്. ധനസഹായം മുടങ്ങിയതിനാല്‍ കടം വാങ്ങിയും വായ്പ എടുത്തും വിവാഹം നടത്തുന്ന പാവപ്പെട്ടവരാണ് ദുരിതത്തിലായിരിക്കുന്നത്. ജില്ലയില്‍ ഓരോ മാസവും നിരവധി പേര്‍ വിവാഹധന സഹായത്തിനു അപേക്ഷിക്കുന്നുണ്ട്.
പ്രതിസന്ധിയെ കുറിച്ച് ജില്ലാ പട്ടികജാതി വികസന വകുപ്പ് സംസ്ഥാന ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ പരിഹാരമായില്ല. കഴിഞ്ഞ മാസം 10ന് വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഫണ്ട് ലഭ്യമാക്കി ഒരാഴ്ചക്കകം വിതരണം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ പട്ടിക ജാതി വികസന വകുപ്പ് ഓഫീസര്‍ മുഹമ്മദ് ഇബ്‌റാഹിം പറഞ്ഞു. അതേസമയം പട്ടികജാതി പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായ വിതരണം വൈകുന്നതില്‍ കേരള ദളിത് ഫോറം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
ധനസഹായം ലഭിക്കാത്തതിനാല്‍ ലോണെടുത്തും മറ്റും പെണ്‍കുട്ടികളുടെ വിവാഹം നടത്തിയവര്‍ പ്രയാസപ്പെടുന്ന അവസ്ഥക്ക് പരിഹാരം കാണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ചോലയില്‍ വേലായുധന്‍ അധ്യക്ഷത വഹിച്ചു.