Connect with us

Wayanad

വൈത്തിരി ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസുകള്‍ കയറുന്നില്ല

Published

|

Last Updated

വൈത്തിരി: താലൂക്ക് ആസ്ഥാനമായ വൈത്തിരിയില്‍ ലക്ഷങ്ങള്‍ മുടക്കി പഞ്ചായത്ത് നിര്‍മിച്ച ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസുകള്‍ കയറുന്നില്ലെന്ന് പരാതി.
പലപ്പോഴും സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് സ്ഥലമായി ബസ്സ്റ്റാന്‍ഡ് മാറുകയാണ്. പൊഴുതന-ആറാംമൈല്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസുകള്‍ ബസ്സ്റ്റാന്‍ഡില്‍ കയറാറെയില്ല. മറ്റുബസുകളാവട്ടെ സ്റ്റാന്‍ഡിന് പുറത്ത് നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ബസ്സ്റ്റാന്‍ഡില്‍ നിന്ന് 200 മീറ്റര്‍ മാറിയുള്ള താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിലെ ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞുപോവുകയാണ് പൊഴുതന, ആറാംമൈല്‍ റൂട്ടിലേക്കുള്ള ബസുകളെല്ലാം. അതിനാല്‍ ലഗേജുമായി പൊഴുതനയിലേക്ക് പോവേണ്ട യാത്രക്കാര്‍ പഞ്ചായത്ത് ബസ്സ്റ്റാന്‍ഡില്‍ ഇറങ്ങി ഓട്ടോറിക്ഷ വിളിച്ച് താലൂക്ക് സപ്ലൈ ഓഫീസിന് സമീപത്തെ ജംഗ്ഷനില്‍ എത്തേണ്ട ഗതികേടിലാണ്.
നേരത്തെ പൊഴുതന റൂട്ടിലേക്കുള്ള സ്വകാര്യ ബസുകള്‍ സ്റ്റാന്‍ഡില്‍ എത്തിയിരുന്നു. എന്നാല്‍ ചില സംഘടനകളുടെ ഇടപെടല്‍ മൂലം പിന്നീട് ഇത് മുടങ്ങി. ടി എസ് ഒ ഓഫീസിന് സമീപത്തെ ജംഗ്ഷനില്‍ സ്വകാര്യ ബസുകള്‍ സ്ഥിരമായി നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് മൂലം ഇവിടെ ഗതാഗത തടസവും പതിവാണ്. പൊഴുതന, ആറാംമൈല്‍, അച്ചൂര്‍ പ്രദേശങ്ങളില്‍ നിന്ന് താലൂക്ക് ആശുപത്രിയിലേക്ക് ബസില്‍ വരുന്ന രോഗികളും ഈ ജംഗ്ഷനില്‍ ഇറങ്ങി ഓട്ടോറിക്ഷ വിളിക്കേണ്ട ഗതികേടിലാണ്. വൈത്തിരി ഗവ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള വിദ്യാര്‍ഥികള്‍, താലൂക്ക് ഓഫീസിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി പോവുന്നവര്‍ എന്നിവരെല്ലാം ഇതുമൂലം വലയുകയാണ്. പൊഴുതന റൂട്ടിലേക്കുള്ള സ്വകാര്യ ബസുകള്‍ പഞ്ചായത്ത് ബസ്സ്റ്റാന്‍ഡില്‍ കയറാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് അധികൃതര്‍ക്ക് നിവേദനം നല്‍കി.

Latest