Connect with us

Wayanad

ജില്ലയില്‍ പുകവലി നിയന്ത്രണ നിയമം കര്‍ശനമാക്കുന്നു

Published

|

Last Updated

കല്‍പറ്റ: ജില്ലയില്‍ പുകവലി നിയന്ത്രണ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമായി നടപ്പാക്കാന്‍ പൊലീസ് തീരുമാനിച്ചു. ഇന്ത്യയിലെ പുകയില നിയന്ത്രണ നിയമമായ കോട്പയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ ജില്ലയിലെ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ മുതല്‍ മുകളിലേക്കുള്ള 35 പൊലീസ് ഓഫീസര്‍മാര്‍ പങ്കെടുത്തു.
റീജണല്‍ കാന്‍സര്‍ സെന്ററും മലബാര്‍ കാന്‍സര്‍ സെന്ററും ഉള്‍പ്പെടെ സമാനമനസ്‌കരായ സ്ഥാപനങ്ങള്‍ ചേര്‍ന്നുള്ള ടുബാക്കോ ഫ്രീ കേരളയാണ് പുകയില ഉപയോഗം മൂലമുണ്ടാകുന്ന ശാരീരിക- മാനസ്സിക പ്രശ്‌നങ്ങളും സാമ്പത്തിക – സാമൂഹ്യപ്രശ്‌നങ്ങളും ഉള്‍പ്പെടെയുള്ള വിഷയങ്ങളെപ്പറ്റി പൊലീസ് ഓഫീസര്‍മാര്‍ക്കുവേണ്ടി ശില്‍പശാല സംഘടിപ്പിച്ചത്. ഓരോ വര്‍ഷവും പത്തുലക്ഷം ഇന്ത്യാക്കാര്‍ പുകയില ഉപയോഗത്താല്‍ മരിക്കുന്നുണ്ടെന്നതും കേരളത്തിലിത് 19,000 ജീവനുകളാണ് അപഹരിക്കുന്നതെന്നതുമുള്‍പ്പെടെയുള്ള വിവരങ്ങളാല്‍ സമ്പന്നമായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്കായുള്ള അവതരണം. ഇന്ത്യയില്‍ പ്രതിദിനം 3000 പേരാണ് പുകയില ഉപയോഗത്താല്‍ മരിക്കുന്നതെന്നും ഇത് പത്തു വിമാനാപകടങ്ങളില്‍ സംഭവിക്കുന്ന മരണത്തിനു തുല്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പുകയില ഉല്‍പന്നങ്ങളുടെ ഇരകള്‍ തങ്ങളുടെ അനുഭവം വിവരിക്കുന്ന ഡോക്യുമെന്ററികളും പൊലീസ് ഉദ്യോഗസ്ഥര്‍ക്കു വേണ്ടി പ്രദര്‍ശിപ്പിച്ചു.
വായ്ക്കുള്ളില്‍ അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് നാവ് മുറിച്ചുമാറ്റിയ യുവാവ് വിദഗ്ദ്ധ ചികില്‍സ ലഭ്യമായിട്ടും അകാല മരണം വരിച്ചതിനെപ്പറ്റിയും ഒരു വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.
ഫാക്കല്‍റ്റി അംഗമായ റിട്ട. എസ്പി എന്‍. സുഭാഷ് ബാബു കോട്പയിലെ വിവിധ വകുപ്പുകളെപ്പറ്റിയും പുകയില ഉല്‍പന്നങ്ങള്‍ നിയന്ത്രിക്കാനുള്ള നിയമങ്ങളെപ്പറ്റിയും വിശദീകരിച്ചു. കോട്പയിലെ നാലാം വകുപ്പു പ്രകാരം പൊതുസ്ഥലങ്ങളില്‍ പുകവലിച്ചാല്‍ 200 രൂപ വരെ പിഴയീടാക്കാവുന്ന കുറ്റമായി അത് കണക്കാക്കും. പൊതുസ്ഥലങ്ങളെന്ന നിര്‍വ്വചനത്തില്‍ പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, റെസ്റ്റോറന്റുകള്‍, സിനിമാ തിയേറ്ററുകള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളുടെ പ്രവേശന കവാടത്തിലും അകത്തും നിശ്ചിത വലിപ്പത്തിലും രീതിയിലും “പുകവലി നിരോധിത മേഖല” എന്ന ബോര്‍ഡു വയ്‌ക്കേണ്ടതും ഈ നിയമപ്രകാരം നിര്‍ബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചാം വകുപ്പ് പുകയില പരസ്യങ്ങള്‍ നിരോധിക്കുമ്പോള്‍ ആറാം വകുപ്പ് പ്രകാരം പുകയില ഉല്‍പന്നങ്ങള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കു വില്‍ക്കുന്നതും അവര്‍ വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറു വാര (91.4 മീറ്റര്‍) പരിധിക്കുള്ളില്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതും നിരോധിച്ചിരിക്കുന്നു. എല്ലാ പുകയില ഉല്‍പന്നങ്ങളുടെ പായ്ക്കറ്റുകളിലും നിയമപ്രകാരമുള്ള ആരോഗ്യമുന്നറിയിപ്പ് ഉണ്ടായിരിക്കണമെന്ന് ഏഴാം വകുപ്പും നിര്‍ദ്ദേശിച്ചിരിക്കുന്നു. കോട്പയെപ്പറ്റി നന്നായി മനസ്സിലാക്കാന്‍ ഈ ശില്‍പശാല ഉപകരിച്ചതായി ജില്ലാ പൊലീസ് മേധാവി കെ കെ ബാലചന്ദ്രന്‍ പറഞ്ഞു. നിയമം കൂടുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ ഇതു സഹായകമാകും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള പുകയിലനിയന്ത്രണ പരിപാടികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ താഴെത്തട്ടുകളിലുള്ളവരിലേക്ക് പുകയില ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റിയുള്ള അവബോധം എത്തിക്കേണ്ടതിന്റെ അനിവാര്യതയെപ്പറ്റിയും അദ്ദേഹം ചൂണ്ടിക്കാട്ടി.പരിപാടിയില്‍ പങ്കെടുത്ത എല്ലാ പൊലീസ് ഓഫീസര്‍മാരും പുകയില ഉപയോഗത്തിനെതിരേയും അതിന്റെ നിയന്ത്രണത്തിനു വേണ്ടിയുമുള്ള പ്രതിജ്ഞയില്‍ ഒപ്പുവച്ചു.

Latest