Connect with us

Wayanad

സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങുന്നതിനുള്ള ഫണ്ടില്ല: കെ എസ് ആര്‍ ടി സിക്ക് ഇനി വിശ്രമ കാലം

Published

|

Last Updated

മാനന്തവാടി: കെഎസ്ആര്‍ടിസിക്ക് സ്‌പെയര്‍പാര്‍ട്‌സ് വാങ്ങുന്നതുനുള്ള ഫണ്ട് മുടങ്ങിയതോടെ ബസ്സുകള്‍ക്കിത് വിശ്രമകാലഘട്ടമായി മാറി. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ സ്‌പെയര്‍പാര്‍ട്‌സ് ഇനത്തില്‍ മാത്രം ലഭിക്കാനുള്ള ഒന്നര ലക്ഷത്തോളം രൂപയാണ് മുടങ്ങിയത്.

ഇതോടെ ജില്ലയിലെ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ ഡിപ്പോകളിലായി ഇരുപതോളം ബസ്സുകളാണ് കട്ടപ്പുറത്ത് വിശ്രമിക്കുന്നത്. മാനന്തവാടി ഡിപ്പോയില്‍ മാത്രം എട്ടോളം ബസ്സുകളാണ് കട്ടപ്പുറത്തുള്ളത്. ഇതില്‍ തന്നെ അന്തര്‍സംസ്ഥാന മുതല്‍ ദീര്‍ഘദൂര ബസ്സുകള്‍ വരെയുണ്ട്.കഴിഞ്ഞ എല്‍ഡിഎഫ് കാലത്ത് തിരുവനന്തപുരത്തെ സെന്ററല്‍ സ്‌പെയര്‍പാര്‍ട്‌സ് സ്‌റ്റോറില്‍ സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലേക്കും ആവശ്യത്തിനു വേണ്ട സ്‌പെയര്‍പാര്‍ട്‌സകള്‍കൃത്യമായി വിതരണം ചെയ്തിരുന്നു. ഈ സെന്റര്‍ലൈസ്ഡ് പര്‍ച്ചേസ് കൃത്യമായി നടക്കാത്തതാണ് ഇപ്പോഴത്തെ ക്ഷാമത്തിനു കാരണം. നെട്ട്, ബോള്‍ട്ട്, ടയര്‍ ട്യൂബുകള്‍, ടയര്‍ ഡിസ്‌ക്, ബ്രേക്ക് ലൈനര്‍ തുടങ്ങി എഞ്ചിന്‍ ബോക്‌സു വരെയുള്ള ചെറുതും വലുതുമായ സ്‌പെയര്‍പാര്‍ട്‌സുകള്‍ക്കാണ് പ്രധാനമായും ക്ഷാമം നേരിടുന്നത്. ഇവയില്‍ പല സ്‌പെയര്‍പാര്‍ട്‌സുകള്‍ക്കും നിസാര വിലമാത്രമാണുള്ളത്.
ഇത് ലഭിക്കാതായയോടെ നല്ല വരുമാനമുള്ള ബസ്സ് റൂട്ടുകളിലൂടെ പോലും കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് സര്‍വ്വീസ് നടത്താനും കഴിയില്ല.
ഒരു ബസ്സിന് മാസത്തില്‍ 500 രൂപയാണ് ലോക്കല്‍ പര്‍ച്ചേസ് ഇനത്തില്‍ നല്‍കുന്നത്. ഈ തുക പോലും ലഭിക്കാതായതോടെ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം പരിപൂര്‍ണ്ണമായും തടസ്സപ്പെട്ടു. തൊഴിലാളികള്‍ പിരിവിട്ട് ബസ്സുകള്‍ക്ക് സ്‌പെയര്‍പാര്‍ട്‌സ് വാങ്ങേണ്ട അവസ്ഥയാണ്.ജില്ലയിലെ ബത്തേരി ഡിപ്പോവില്‍ സിഐടിയു നേതൃത്വത്തില്‍ തൊഴിലാളികള്‍ പിരിവിട്ട് ബസ്സിന് സ്‌പെയര്‍പാര്‍ട്‌സ് വാങ്ങി നല്‍കി നിരത്തിലിറക്കിയിരുന്നു.
കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയാണ് ബസ്സുകള്‍ കട്ടപ്പുറത്തിരുത്തിയത്. ബസ്സുകള്‍ ഓടാതാകുന്നത് ഗ്രമീണമേഖലയില്‍ നിന്നും കണ്‍സെഷന്‍ നിരക്കില്‍ യാത്രചെയ്യുന വിദ്യാര്‍ഥികളും മറ്റു യാത്രക്കാരുമാണ് വലയുന്നത്. എവിടേക്കെങ്കിലും സഞ്ചരിക്കണമെങ്കില്‍ കീശ കാലിയാകുന്ന അവസ്ഥയിലാണ്. പൊതു ഗതാഗത സംവിധാനമായ കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടാന്‍ തയ്യാറാകണം.

Latest