Connect with us

Malappuram

തൊഴില്‍ സംരംഭങ്ങളെ ക്യാമ്പസുകളുമായി ബന്ധിപ്പിക്കും: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

Published

|

Last Updated

മലപ്പുറം: തൊഴില്‍ സംരംഭങ്ങളെ ക്യാമ്പസുകളുമായി ബന്ധിപ്പിച്ച് അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളജ് ടീച്ചേഴ്‌സ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകം ഇന്ന് തുറന്ന പുസ്തകമാണ്. എല്ലാം വിരല്‍തുമ്പില്‍ ലഭ്യമാണ്. ക്യാമ്പസുകളാണ് ആശയങ്ങള്‍ കൊണ്ടു വരുന്നത്. തൊഴില്‍ സംരംഭങ്ങളെ ക്യാമ്പസുകളുമായി ബന്ധിപ്പിച്ച് അവസരങ്ങള്‍ ഉണ്ടാക്കും. പുതിയ തലമുറകള്‍ക്ക് വേണ്ടിയുള്ള സംരംഭങ്ങള്‍ കേരളത്തില്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച വിദ്യാഭ്യാസ സംഘാടകനുളള അവാര്‍ഡ് കുഞ്ഞാലിക്കുട്ടിയും മികച്ച അധ്യാപകനുള്ള അവാര്‍ഡ് മന്ത്രി അബ്ദുര്‍റബ്ബും സമ്മാനിച്ചു. അക്കാദമിക് സെഷന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് ഉദ്ഘാടനം ചെയ്തു.
കോടതി വിധി സര്‍ക്കാറിന് അനുകൂലമായാല്‍ മലബാറിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് എല്ലാ പഞ്ചായത്തുകളിലും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. ചില തത്പര കക്ഷികള്‍ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചതാണ് ഇപ്പോഴുളള തടസം. സര്‍ക്കാറും ഇതിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നതിന് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. 26 കോളജുകളാണ് ഇതിന് അപേക്ഷ നല്‍കിയിട്ടുള്ളത്. കമ്മിറ്റിയുടെ പരിശോധനകള്‍ക്ക് ശേഷമാണ് സ്വയംഭരണാവകാശം നല്‍കുന്നതിനെ കുറിച്ചുള്ള തീരുമാനമുണ്ടാവുക. ഉന്നത വിദ്യാഭ്യാസ മേഖലക്ക് കഴിഞ്ഞ സര്‍ക്കാറുകള്‍ വേണ്ടത്ര ശ്രദ്ധ നല്‍കിയിട്ടില്ല. ഇപ്പോള്‍ 38 കോളജുകളില്‍ 54 പുതിയ കോഴ്‌സുകള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കോളജുകളില്ലാത്ത 29 നിയമസഭാ മണ്ഡലങ്ങളില്‍ കോളജ് അനുവദിക്കാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. സൈനുല്‍ ആബിദ് കോട്ട അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി ഉബൈദുല്ല എം എല്‍ എ, ഡോ പി അന്‍വര്‍, ടിവി ഇബ്‌റാഹിം, പ്രൊഫ. പാമ്പള്ളി മഹമൂദ്, ഡോ. ടിപി അഷറഫലി, പ്രൊഫ. കെപി മുഹമ്മദ് ബഷീര്‍, പ്രൊഫ. എംകെ അബ്ദുറഹീം പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന സെമിനാര്‍ അഡ്വ. കെഎന്‍എ ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ഡോ പി അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. പ്രൊഫ. കെഎസ് മാധവന്‍, പ്രൊഫ. കെ കെ അഷ്‌റഫ്, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, ഡോ ആബിദ് ഫാറൂഖി, നൗഷാദ് മണ്ണിശ്ശേരി, വിപി സലീം, എം അഹമ്മദ്, പ്രൊഫ പിഎസ് ഷിബിനു പ്രസംഗിച്ചു.

 

Latest