Connect with us

National

ഹിന്‍ഡാല്‍കോക്ക് കല്‍ക്കരിപ്പാടം ന്യായീകരണവുമായി പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: ഒഡീഷയിലെ കല്‍ക്കരിപ്പാടങ്ങള്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഹിന്‍ഡാല്‍കോക്ക് അനുവദിച്ചതില്‍ തെറ്റൊന്നുമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. പരിശോധനാ സമിതിയുടെ നിര്‍ദേശങ്ങള്‍ മറികടന്ന് കുമാരമംഗലം ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള ഹിന്‍ഡാല്‍കോക്ക് അധിക ബ്ലോക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച തീരുമാനം പൂര്‍ണമായും ഉചിതമായിരുന്നുവെന്നും യോഗ്യതകള്‍ പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. ഇതാദ്യമായാണ് അന്നത്തെ കല്‍ക്കരി മന്ത്രാലയം സെക്രട്ടറിയായിരുന്ന പി സി പരേഖിന് വ്യക്തമായ പിന്തുണ നല്‍കി പ്രധാനമന്ത്രി രംഗത്തു വരുന്നത്. കല്‍ക്കരിപ്പാടം കുംഭകോണ കേസിന്റെ എഫ് ഐ ആറില്‍ പി സി പരേഖിന്റെയും കുമാരമംഗലം ബിര്‍ളയുടെയും പേര് സി ബി ഐ ഉള്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം നല്‍കുന്നത്. കേസില്‍ താന്‍ പ്രതിയായാല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പ്രതിയാകുമെന്ന് പരേഖ് പറഞ്ഞിരുന്നു.
കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച് തീരുമാനമെടുത്തതിന്റെ വിവിധ ഘട്ടങ്ങള്‍, പരിശോധനാ സമിതി നല്‍കിയ ശിപാര്‍ശയില്‍ നിന്ന് അന്തിമ തീരുമാനത്തിലെത്തിയത് എന്നിവ വിശദമാക്കുന്ന പത്രക്കുറിപ്പാണ് പുറത്തിറക്കിയിട്ടുള്ളത്. ഒഡീഷയിലെ തലാബിറ രണ്ട്, മൂന്ന് ബ്ലോക്കുകള്‍ ഹിന്‍ഡാല്‍കോക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് 2005 മെയിലാണ് പ്രധാനമന്ത്രിക്ക് ബിര്‍ള അപേക്ഷ നല്‍കിയത്. തലാബിറ രണ്ട് ബ്ലോക്ക് പൊതുമേഖലാ സ്ഥാപനമായ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന് (എന്‍ എല്‍ സി) അനുവദിക്കാന്‍ പരിശോധനാ സമിതി തീരുമാനിച്ചതായുള്ള ഫയല്‍ കല്‍ക്കരി മന്ത്രാലയം ആഗസ്റ്റില്‍ പ്രധാനമന്ത്രിക്ക് കൈമാറുകയായിരുന്നു.
മഹാനദി കോള്‍ ലിമിറ്റഡുമായി (എം സി എല്‍) ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഹിന്‍ഡാല്‍കോക്ക് അവസരം നല്‍കിയിട്ടും അത് ഉപയോഗപ്പെടുത്തിയില്ലെന്നും അതിനാലാണ് എന്‍ എല്‍ സിക്ക് കല്‍ക്കരിപ്പാടം കൈമാറാന്‍ നിര്‍ദേശിച്ചതെന്നുമാണ് സമിതി പറയുന്നത്. എന്നാല്‍, ഹിന്‍ഡാല്‍കോയാണ് കല്‍ക്കരിപ്പാടം ലഭിക്കാന്‍ ആദ്യ അപേക്ഷ നല്‍കിയതെന്നാണ് ബിര്‍ളയുടെ വാദം.
ഹിന്‍ഡാല്‍കോക്ക് ആദ്യ പരിഗണന നല്‍കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ കത്ത് ലഭിച്ചിരുന്നു. പട്‌നായിക്കിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ വിഷയം പുനഃപരിശോധിക്കാന്‍ കല്‍ക്കരി മന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു. രണ്ട് പാടങ്ങളും ഒന്നായെടുത്ത് എം സി എല്‍, എന്‍ സി എല്‍, ഹിന്‍ഡാല്‍കോ എന്നീ കമ്പനികള്‍ യഥാക്രമം 70, 15, 15 അനുപാതത്തില്‍ വീതിക്കാനാണ് കല്‍ക്കരി മന്ത്രാലയം നിര്‍ദേശിച്ചത്. ഒഡീഷ സര്‍ക്കാറിന്റെ ശിപാര്‍ശ കണക്കിലെടുത്താണ് ഹിന്‍ഡാല്‍കോയെ ഉള്‍പ്പെടുത്തിയത്. എന്‍ എല്‍ സിയുടെയും ഹിന്‍ഡാല്‍കോയുടെയും ഉടമസ്ഥാവകാശം 22.5, 7.5 എന്ന ക്രമത്തിലേക്ക് പ്രധാനമന്ത്രി മാറ്റുകയായിരുന്നുവെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.
മൂന്ന് കാര്യങ്ങളിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന ഊന്നുന്നത്. ഒഡീഷ സര്‍ക്കാറിന്റെ ശിപാര്‍ശയനുസരിച്ചാണ് തീരുമാനമെടുത്തതെന്നതാണ് അതില്‍ പ്രധാനം. ഇതനുസരിച്ച് 2005 ഒക്‌ടോബര്‍ പത്തിന് സംയുക്ത സംരംഭത്തിനാണ് കല്‍ക്കരി പാടം അനുവദിച്ചത്. ഹിന്‍ഡാല്‍കോക്ക് നല്‍കിയ ദീര്‍ഘകാല അനുമതി ഇപ്പോള്‍ വേണമെങ്കില്‍ പുനഃപരിശോധിക്കാവുന്നതാണ്. സി ബി ഐ നടത്തുന്ന അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും പി എം ഒ വ്യക്തമാക്കുന്നു. ഹിന്‍ഡാല്‍കോക്ക് കല്‍ക്കരി ഖനനത്തിന് ആദ്യം അനുമതി നിഷേധിച്ച പി സി പരേഖിന് പിന്നീട് അനുമതി നല്‍കിയതെന്തിനെന്ന് വിശദീകരിക്കാനാകുന്നില്ലെന്നാണ് സി ബി ഐ നിലപാട്.

Latest