Connect with us

Kerala

കാന്തപുരത്തിന്റെ അസം സന്ദര്‍ശനം: അന്തിമ രൂപമായി

Published

|

Last Updated

കോഴിക്കോട്: പശ്ചിമ ബംഗാള്‍, അസം, ത്രിപുര, മണിപ്പൂര്‍, ഒറീസ, ജാര്‍ഖണ്ഡ് തുടങ്ങിയ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍, മുസ്‌ലിം ന്യൂനപക്ഷ വികസനം തുടങ്ങിയവ കേന്ദ്രീകരിച്ച് സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമയുടെയും കീഴ്ഘടകങ്ങളുടെയും ആഭിമുഖ്യത്തില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന കര്‍മ പദ്ധതികള്‍ ലക്ഷ്യംവെച്ച് നവംബര്‍ എട്ട്, ഒമ്പത് തിയ്യതികളില്‍ നടക്കുന്ന കാന്തപുരത്തിന്റെ അസം സന്ദര്‍ശന പരിപാടികള്‍ക്ക് അന്തിമ രൂപമായി. നവംബര്‍ ഏഴിന് വൈകുന്നേരം മൂന്നിന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് അഞ്ച് മണിക്ക് ചെന്നൈയിലെത്തുന്ന കാന്തപുരത്തെ സംഘടനയുടെ തമിഴ്‌നാട് സംസ്ഥാന നേതാക്കളും പൗരപ്രമുഖരും ചേര്‍ന്ന് ഗുവാഹത്തിയിലേക്ക് യാത്രയാക്കും.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ഗുവാഹത്തി ജില്ലാ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടക്കുന്ന എലൈറ്റ് മീറ്റില്‍ കാന്തപുരം സംബന്ധിക്കും. വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കുന്ന പ്രസ്തുത ചടങ്ങ് അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് ഉദ്ഘാടനം ചെയ്യും. സുന്നി സംഘകുടുംബത്തിന്റെ നേതൃത്വത്തില്‍ ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സില്‍ പരിധിയിലാരംഭിക്കുന്ന ഭവന പദ്ധതിയുടെ ശിലാസ്ഥാപന കര്‍മം പ്രസ്തുത ചടങ്ങില്‍ നിര്‍വ്വഹിക്കപ്പെടും.
വൈകുന്നേരം അഞ്ച് മണിക്ക് ഹാതീഗാവ് ഈദ്ഗാഹ് മൗതാനിയില്‍ “വിജ്ഞാനം വിമോചനത്തിന്” എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന അസം ഇസ്‌ലാമിക് കോണ്‍ഫറന്‍സ് കാന്തപുരം ഉദ്ഘാടനം ചെയ്യും.
ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ബദര്‍പൂര്‍ നവീന്‍ ചന്ദ്ര കോളേജ് ഓഡിറ്റോറിയത്തില്‍ പ്രാസ്ഥാനിക സമ്മേളനത്തിലും രണ്ട് മണിക്ക് എസ്‌കലന്‍സി മീറ്റിലും അദ്ദേഹം സംബന്ധിക്കും. വൈകുന്നേരം ആറ് മണിക്ക് ബദര്‍പൂര്‍ ഈദ്ഗാഹില്‍ ബൊറാക്‌വാലി ഇസ്‌ലാമിക് കോണ്‍ഫെറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തും. അസം സംസ്ഥാന മന്ത്രിമാരായ സിദ്ദീഖ് അഹ്മദ്, ഹേമന്ത് വിശ്വശര്‍മ്മ, നസ്‌റുല്‍ ഇസ്‌ലാം തുടങ്ങിയവരും വിവിധ ജനപ്രതിനിധികളും സമ്മേളനത്തില്‍ സംബന്ധന്ധിക്കും.
അസം ഉള്‍പ്പെടയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ധാര്‍മിക മുന്നേറ്റം ലക്ഷ്യം വെച്ച് കാന്തപുരം നടത്തുന്ന യാത്രയില്‍ കേരളത്തിലെ സംഘടനാ നേതാക്കളും പൗരപ്രമുഖരും അനുഗമിക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ദിസപൂര്‍, ബദര്‍പൂര്‍ എന്നിവ കേന്ദ്രീകരിച്ച് സംഘാടക സമിതി രൂപവത്കരിച്ച് പ്രവര്‍ത്തനങ്ങളാരംഭിക്കുകയും രണ്ട് കേന്ദ്രങ്ങളിലെയും സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.