Connect with us

Kerala

മീഡിയേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ബോധവത്കരണം നടത്തണം: ജസ്റ്റിസ് മദന്‍ ബി ലോകൂര്‍

Published

|

Last Updated

കൊച്ചി: മധ്യസ്ഥതയിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് രൂപവത്കരിച്ച മീഡിയേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണമെന്ന് സുപ്രീം കോടതി ജസ്റ്റിസ് മദന്‍ ബി ലോകൂര്‍. കക്ഷികള്‍ തമ്മിലുള്ള ചര്‍ച്ചകളിലൂടെ ക്രിമിനല്‍, സിവില്‍ കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനാണ് മീഡിയേഷന്‍ സെന്ററുകള്‍ ആരംഭിച്ചത.് എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അഡ്വക്കറ്റുമാര്‍ക്കുള്‍പ്പെടെ കാര്യമായ ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞു. “മീഡിയേഷന്‍ രംഗത്തെ നേട്ടങ്ങള്‍/വെല്ലുവിളികള്‍, ഭാവി” എന്ന വിഷയത്തില്‍ എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലില്‍ സംഘടിപ്പിച്ച ദക്ഷിണ മേഖലാ മീഡിയേഷന്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൈലറ്റ് പദ്ധതിയായി കേരളം, ഒഡീഷ, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് മീഡിയേഷന്‍ സെന്ററുകള്‍ ആരംഭിച്ചത്. .ഇതില്‍ കേരളം, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എറണാകുളത്തും തൃശൂരുമാണ് അദ്യഘട്ടമായി പദ്ധതി നടപ്പാക്കിയത്. എന്നാല്‍ മീഡിയേഷന്‍ ഉദ്യോഗസ്ഥരുടെ എണ്ണത്തിനനുസൃതമായ ഫലം ഈ മേഖലയില്‍ നിന്നും ലഭിക്കുന്നില്ല. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും സാമ്പത്തിക പ്രതിസന്ധിയും ഇതിനു കാരണമാകുന്നുണ്ട്. വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ പലതും തീര്‍പ്പുകല്‍പ്പിക്കാന്‍ ഇതുവഴി കഴിഞ്ഞിട്ടുണ്ട്. മിഡിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വ്യാപിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്റ്റേറ്റ് മീഡിയേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായിരുന്നു.
ജസ്റ്റിസുമാരായ എ കെ സിക്രി, എസ് എസ് നിജ്ജാര്‍, എസ് സിരിജഗന്‍, ഹാറൂണ്‍ അല്‍ റഷീദ് പ്രസംഗിച്ചു. ചടങ്ങില്‍ കേരളത്തിലെ മിഡിയേഷന്‍ രംഗത്തെ കാര്യങ്ങള്‍ വിശദീകരിക്കുന്ന “അനുരഞ്ജനം” മാഗസിന്‍ ജസ്റ്റിസ് എ കെ സിക്രി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന് നല്‍കി പ്രകാശനം ചെയ്തു. തുടര്‍ന്ന് മീഡിയേഷന്‍ രംഗത്തെ സാധ്യതകളേയും വെല്ലുവിളികളേയും കുറിച്ച് വിദഗ്ധര്‍ വിഷയമവതരിപ്പിച്ചു. ആന്ധ്ര, കര്‍ണാടക, തമിഴിനാട്, പോണ്ടിച്ചേരി, കേരളം എന്നിവിടങ്ങളില്‍ നിന്നായി 400ഓളം പ്രതിനിധികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

Latest