Connect with us

Kerala

ജനന, മരണ, വിവാഹ രജിസ്‌ട്രേഷന്‍: മലപ്പുറം ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ ജില്ലയാകുന്നു

Published

|

Last Updated

മലപ്പുറം: ഒരു മൗസ് ക്ലിക്കിനപ്പുറത്ത് ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ ജില്ലയാകാന്‍ മലപ്പുറമൊരുങ്ങുന്നു.
ജില്ലയിലെ 100 പഞ്ചായത്തുകളിലും 1970 മുതലുള്ള 26 ലക്ഷം പേരുടെ ഡാറ്റകളാണ് ഡിജിറ്റലൈസ് ചെയ്തിരിക്കുന്നത്. ഇതിലൂടെ ലോകത്ത് എവിടെയിരുന്നും ഓണ്‍ലൈന്‍ വഴി ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. അഞ്ച് മാസം തുടര്‍ച്ചയായുള്ള പ്രവര്‍ത്തനഫലമായാണ് മലപ്പുറം മറ്റൊരു ചരിത്രനേട്ടം കൈവരിക്കുന്നത്.
ജില്ലയിലെ മുഴുവന്‍ സിവില്‍ രജിസ്‌ട്രേഷനുകളും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സാങ്കേതിക സഹായത്തോടെ ലോകത്തെവിടെയും ലഭ്യമാക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ലക്ഷ്യമിടുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നൂറ് ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി പ്രഖ്യാപിച്ചത്. എല്ലാ തദ്ദേശ സ്ഥാപനങ്ങളോടും നിര്‍ദേശമുണ്ടായിരുന്നെങ്കിലും ഡിജിറ്റലൈസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ല വേഗത്തിലാക്കുകയായിരുന്നു.
ഓരോ പഞ്ചായത്തിലും ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കുകയും മാസം തോറും അവലോകനം നടത്തുകയും ചെയ്തു. പഴയ രേഖകള്‍ കണ്ടെത്തി ഡിജിറ്റല്‍ രൂപത്തിലാക്കുക എന്ന വെല്ലുവിളി നിറഞ്ഞ ജോലി ശ്രമകരമായിരുന്നുവെന്ന് മലപ്പുറം ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പ് സീനിയര്‍ സൂപ്രണ്ട് പി നവാസ് പറഞ്ഞു.
14500 പേരുടെ വിവരങ്ങളാണ് തിരൂരങ്ങാടി ഗ്രാമ പഞ്ചായത്ത് ഡിജിറ്റല്‍ രൂപത്തിലാക്കിയത്. മലപ്പുറത്ത് ഏറ്റവും കൂടുതല്‍ പേരുടെ വിവരങ്ങള്‍ ചേര്‍ത്തതും ഇവിടെ നിന്നാണ്. ജില്ലയുടെ പേര്, തദ്ദേശ സ്ഥാപനത്തിന്റെ പേര്, ജനന തീയതി, മാതാവിന്റെ പേരിന്റെ ആദ്യ മൂന്ന് അക്ഷരങ്ങള്‍ എന്നിവ നല്‍കിയാല്‍ വിവരങ്ങള്‍ ലഭ്യമാകും. പ്രത്യേക ബാര്‍ കോഡുകള്‍ ഉള്ളതിനാല്‍ ഇവ പ്രിന്റെടുത്ത് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.
ഏത് പഞ്ചായത്തിലാണോ രജിസ്റ്റര്‍ ചെയ്തത് അതേ പഞ്ചായത്തില്‍ നിന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുക. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാനും സംവിധാനമുണ്ടാകും. അപേക്ഷ നല്‍കിയതിന്റെ പ്രിന്റെടുത്ത് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നല്‍കി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച ശേഷമായിരിക്കും പേരുകള്‍ ചേര്‍ക്കാനാകുക.
സംസ്ഥാനത്ത് പതിനാല് ജില്ലകളിലായി ഈ വര്‍ഷം 37,2043 ജനനങ്ങളും 162,243 മരണങ്ങളും രജിസ്റ്റര്‍ ചെയ്ത് ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്.
ജില്ലയിലെ സമ്പൂര്‍ണ ഡിജിറ്റലൈസ് ചെയ്തതിന്റെ ജില്ലാതല പ്രഖ്യാപനം ഈ മാസം 24ന് മലപ്പുറത്ത് നടക്കും.

Latest