Connect with us

Kerala

ആറ് പുതിയ ചികിത്സാ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

Published

|

Last Updated

തൃശൂര്‍: സംസ്ഥാന സര്‍ക്കാറിന് കീഴില്‍ പുതുതായി ആയുഷ് ഡിപ്പാര്‍ട്ട്‌മെന്റ് രൂപവത്കരിക്കുമെന്ന് മന്ത്രി വി എസ് ശിവകുമാര്‍. ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന ആറ് പുതിയ ചികിത്സാ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ആയുര്‍വേദം, സിദ്ധ വൈദ്യം, യുനാനി, ഹോമിയോ തുടങ്ങിയ ചികിത്സാ രീതികളെ ഇത് വഴി ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം ആയുഷിന്റെ വിവിധ കേന്ദ്രങ്ങളും സംസ്ഥാനത്ത് ആരംഭിക്കും. ആയുര്‍വേദം, സിദ്ധ വൈദ്യം, യുനാനി, ഹോമിയോ തുടങ്ങിയ ചികിത്സ ഇവിടെ നിന്ന് ലഭിക്കും. വിവിധ ചികിത്സാ രീതികളില്‍ ഏത് തിരഞ്ഞെടുക്കണമെന്ന് രോഗിക്ക് തീരുമാനിക്കാം.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ 36 പുതിയ ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ കൂടി ആരംഭിക്കും. സര്‍ക്കാറിന്റെ സൗജന്യ മരുന്ന് വിതരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു. വിളര്‍ച്ചാ രോഗത്തിനുള്ള ആയുര്‍വേദ പരിരക്ഷ പ്രസാദം, പെണ്‍കുട്ടികളിലെ കൗമാര ആരോഗ്യ ആയൂര്‍വേദ പരിരക്ഷ ഋതു, കുട്ടികളിലെ അമിത വണ്ണത്തിനുള്ള ആയൂര്‍വേദ പ്രതിവിധി കൗമാര സ്ഥൗല്യം, ടൈപ്പ് 2 പ്രമേഹത്തിനുള്ള സമഗ്ര ആയൂര്‍വേദ ആരോഗ്യ പരിരക്ഷ ജീവനി, പക്ഷാഘാത രോഗികള്‍ക്കുള്ള ആയൂര്‍വേദ പുനരധിവാസ പുനരുജ്ജീവന ചികിത്സ പുനര്‍ന്നവ, കുട്ടികളിലെ ഹൃസ്വദൃഷ്ടിക്കുള്ള ആയൂര്‍വേദ ചികിത്സാ പദ്ധതി ദൃഷ്ടി എന്നിവയാണ് പുതുതായി തുടക്കം കുറിച്ച പദ്ധതികള്‍. പ്രസാദം പദ്ധതി ആദ്യ ഘട്ടത്തില്‍ കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ നടപ്പാക്കും. 1000 കുട്ടികള്‍ക്ക് ചികിത്സ ലഭ്യമാക്കും. ഋതു പദ്ധതി കൊല്ലത്തും മലപ്പുറത്തും നടപ്പാക്കും. 200 കുട്ടികള്‍ക്ക് പ്രയോജനം ലഭിക്കും. കൗമാര സ്ഥൗല്യം പദ്ധതി തിരുവനന്തപുരത്താണ് ആദ്യം നടപ്പാക്കുന്നത്. 100 കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

 

Latest