Connect with us

Editorial

സ്വത്ത് വിവരം വെളിപ്പെടുത്തണം

Published

|

Last Updated

രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ജനസേവനമെന്ന് കരുതിയിരുന്ന തലമുറ വേരറ്റ് പോകുകയാണ്. പൊതുപ്രവര്‍ത്തനം ധനാഗമന മാര്‍ഗമാക്കി മാറ്റുന്നവരാണ് ഏറെ പേരും. കേന്ദ്രമന്ത്രിമാരടക്കമുള്ള പല രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥപ്രമുഖരും പല വിധം കുംഭകോണങ്ങളില്‍ പ്രതികളായി കോടതി കയറുന്നു. അവിഹിത സ്വത്ത് സമ്പാദനം കലയാക്കി മാറ്റിയവര്‍ ചില്ലറയല്ല. ഇതെല്ലാം പൊതുപ്രവര്‍ത്തകരേയും രാഷ്ട്രീയ പ്രവര്‍ത്തകരേയും കുറിച്ച് ജനങ്ങളില്‍ അവമതിപ്പ് ഉളവാക്കിയിട്ടുണ്ട്. രാഷ്ട്രീയക്കാരെയെല്ലാം അടച്ചാക്ഷേപിക്കുന്ന അവസ്ഥയും ഇന്നുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് ജനപ്രതിനിധികളും മന്ത്രിമാരുമെല്ലാം സ്വത്ത് വിവരം പ്രഖ്യാപിക്കണമെന്നും വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ നല്‍കണമെന്നും അനുശാസിച്ചിരിക്കുന്നത്. അതിനിടയിലാണ് കേന്ദ്രമന്ത്രിമാരില്‍ പലരും സമയപരിധി കഴിഞ്ഞിട്ടും അവരുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെന്ന വാര്‍ത്ത പുറത്തുവന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നയിക്കുന്ന കേന്ദ്രമന്ത്രിസഭയിലെ 35 പേര്‍ ഈ ഗണത്തില്‍ പെടുന്നു. ആഗസ്റ്റ് 31നകം മന്ത്രിമാര്‍ സ്വത്തുവിവരം വെളിപ്പെടുത്തണമെന്നായിരുന്നു നിഷ്‌കര്‍ഷ. ഇത് സംബന്ധിച്ച് ഓരോ വര്‍ഷവും കാബിനറ്റ് സെക്രട്ടറി മന്ത്രിമാരെ ഓര്‍മപ്പെടുത്താറുമുണ്ട്. എന്നിട്ടും 35 കേന്ദ്രമന്ത്രിമാര്‍ പെരുമാറ്റച്ചട്ടപ്രകാരമുള്ള ബാധ്യത നിറവേറ്റിയില്ലെന്നത് ഗൗരവമുള്ള കാര്യമാണ്.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി കാഴ്ച വെച്ച പൊതുജീവിത ശൈലി പിന്തുടരണമെന്ന് ഇന്ന് ആരെങ്കിലും ആഹ്വാനം ചെയ്താല്‍ അതിന് ആളെ കിട്ടില്ല. ലാല്‍ ബഹദൂര്‍ ശാസ്ത്രി, കെ കാമരാജ്, നൃപന്‍ ചക്രവര്‍ത്തി തുടങ്ങി സ്വജീവിതം തുറന്ന പുസ്തകമായി ജനങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവെച്ചവര്‍ നമുക്കുണ്ട്. പ്രതിരോധമന്ത്രി എ കെ ആന്റണി, കൃഷിമന്ത്രി ശരദ് പവാര്‍, ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, ധനമന്ത്രി പി ചിദംബരം, പെട്രോളിയം മന്ത്രി എം വീരപ്പമൊയ്‌ലി തുടങ്ങിയവര്‍ സമയപരിധിക്കകം സ്വത്ത് വിവരം വെളിപ്പെടുത്തിയപ്പോള്‍, ഗുലാം നബി ആസാദ്, അജിത് സിംഗ്, കപില്‍ സിബല്‍, ശശി തരൂര്‍ തുടങ്ങിയവര്‍ സമയപരിധി കഴിഞ്ഞിട്ടും പെരുമാറ്റ ചട്ടം പാലിക്കാത്തവരായുണ്ട്. ജോലിത്തിരക്ക് കാരണം സമയനിഷ്ഠ പാലിക്കാന്‍ കഴിയാതെ പോയതാണെന്ന് കരുതാനും വയ്യ. അത്രമാത്രം സഹായികള്‍ മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫിലുണ്ട്. തങ്ങള്‍ക്കെന്തിന് പെരുമാറ്റച്ചട്ടമെന്ന് കരുതുന്നതിനാലാണെങ്കില്‍ അത് പ്രധാനമന്ത്രിയെ അവമതിക്കലാണ്; രാജ്യത്തെ നിയമവ്യവസ്ഥയെ ചോദ്യം ചെയ്യലാണ്.
പാര്‍ലിമെന്റിലേക്കോ സംസ്ഥാന നിയമസഭകളിലേക്കോ മറ്റ് ജനപ്രതിനിധി സഭകളിലേക്കോ മത്സരിക്കുന്നവര്‍, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ അതിനൊപ്പം സ്വത്ത് വിവരവും പ്രഖ്യാപിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. നമ്മുടെ പാര്‍ലിമെന്റ് അംഗങ്ങളില്‍ മഹാഭൂരിപക്ഷവും കോടീശ്വരന്മാരാണെന്ന് ജനങ്ങള്‍ മനസ്സിലാക്കിയത് അടുത്ത കാലത്താണ്. മന്ത്രിപദമേറിയവരില്‍ പലരും ഈ കാലയളവില്‍ തങ്ങളുടെ ആസ്തി മൂന്നും നാലും മടങ്ങ് വര്‍ധിപ്പിച്ചതായി രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. രാജ്യത്ത് അഴിമതി കൊടികുത്തിവാഴുന്നു എന്നതിന് തെളിവായി നമ്മുടെ മുന്നില്‍ കുംഭകോണങ്ങളുടെ നീണ്ടനിര തന്നെയുണ്ട്. കാലിത്തീറ്റയുടെ പേരില്‍ നടന്ന കുംഭകോണക്കേസില്‍, ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ലാലുപ്രസാദ് യാദവ് അടക്കമുള്ളവരെ കോടതി ജയില്‍വാസത്തിന് ശിക്ഷിച്ചത് ഈ അടുത്ത കാലത്താണ്. 17 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വന്നതെന്നും നാം മറന്നുകൂട. അഴിമതിയുടെ കറപുരണ്ട ഇവര്‍ ഇക്കാലമത്രയും “ജനസേവനം” തുടരുകയായിരുന്നുവെന്ന് ചുരുക്കം. ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത കാലത്തേക്ക് കോടതി ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ തത്സ്ഥാനത്ത് തുടരുന്നതിന് അയോഗ്യരായിരിക്കുമെന്ന സുപ്രീം കോടതിയുടെ ഏറ്റവും പുതിയ വിധി ഈ ദുരവസ്ഥ ഒരു പരിധിവരെ അവസാനിപ്പിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
നൂറ് കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന നമ്മുടെ ഉദാത്തമായ ജുഡീഷ്യല്‍ കാഴ്ചപ്പാട് പലപ്പോഴും യഥാര്‍ഥ കുറ്റവാളികള്‍ക്കാണ് പ്രയോജനപ്പെടുന്നത്. നിതിപീഠം കാണിക്കുന്ന ഉദാര സമീപനവും നിയമത്തിലെ പഴുതുകളും ഉപയോഗപ്പെടുത്തുന്നതും ക്രിമിനലുകളാണ്. കോടതിയില്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിലുണ്ടാകുന്ന ന്യായീകരിക്കാനാകാത്ത കാലതാമസവും പ്രയോജനപ്പെടുന്നത് ഇക്കൂട്ടര്‍ക്കു തന്നെ. പണം വാരിവിതറി നിയമപോരാട്ടങ്ങള്‍ നടത്താന്‍ ശേഷിയുള്ളവര്‍ക്കും രാഷ്ട്രീയ പിന്‍ബലമുള്ളവര്‍ക്കും ഏത് കേസില്‍ നിന്നും ഊരിമാറാന്‍ കഴിയുമെന്നത് ദുഃഖകരമായ ഒരു സത്യമാണ്. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ തന്നെ അഴിമതിക്കാരുടെ സംരക്ഷകരായി മാറുന്ന അവസ്ഥയും യാഥാര്‍ഥ്യമാണ്. സ്വത്ത് വിവരം വെളിപ്പെടുത്താന്‍ ബാധ്യതപ്പെട്ടവര്‍ അത് പാലിക്കാന്‍ ശ്രമിക്കാത്തത് ജനങ്ങള്‍ക്കിടയില്‍ സംശയത്തിന് ഇടനല്‍കുന്നതാണ്. നമ്മുടെ മന്ത്രിമാര്‍ നിയമപരമായ ബാധ്യത താമസിയാതെ തന്നെ നിറവേറ്റുമെന്ന് നമുക്ക് പ്രത്യാശിക്കാം.