Connect with us

Gulf

പാം ജുമൈറയില്‍ ഹോട്ടല്‍ പദ്ധതികള്‍ പുനരാരംഭിച്ചു

Published

|

Last Updated

ദുബൈ: മാന്ദ്യത്തിന്റെ പിടിയില്‍ അമര്‍ന്നതിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിവെച്ച പാം ജുമൈറ ഹോസ്പിറ്റാലിറ്റി പ്രൊജക്ട് പുനരാരംഭിച്ചു. സാമ്പത്തിക മാന്ദ്യകാലത്ത് നിര്‍ത്തിവെച്ച ഹോട്ടലുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പാം ജുമൈറ ഹോസ്പിറ്റാലിറ്റി പദ്ധതിയുടെ കീഴില്‍ പുനരാരംഭിച്ചിരിക്കുന്നത്. ആറു ഹോട്ടല്‍ പദ്ധതികളായിരുന്നു ഇതില്‍ ഉള്‍പ്പെട്ടിരുന്നത്.
ആറെണ്ണത്തില്‍ ഒന്നായ അനന്തര കഴിഞ്ഞ സെപ്തംബറില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. മറ്റൊരു ഹോട്ടല്‍ പദ്ധതിയായ സോഫിടെലും ഈയിടെ ഉദ്ഘാടനം ചെയ്യപ്പെട്ടിരുന്നു. വിനോദകേന്ദ്രങ്ങളായ സൂപ്പര്‍ ക്ലബ്ബ്, ജുമൈറ സബീല്‍ സാറെയിലെ മ്യൂസിക് ഹാള്‍ എന്നിവയും ഇവിടെ അടുത്തകാലത്തായി തുറന്നിട്ടുണ്ട്. ദുബൈയില്‍ അടുത്തിടെയായി ദൃശ്യമായ സാമ്പത്തിക ഉയര്‍ച്ച പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് സഹായകമാവുമെന്നാണ് ഹോട്ടല്‍ മേഖലയില്‍ മുതല്‍മുടക്കുന്നവര്‍ പ്രതീക്ഷിക്കുന്നത്. ദ്വീപ് മേഖലയായ പാം ജുമൈറക്ക് പുതിയ പദ്ധതികള്‍ പൂര്‍ത്തിയാവുന്നതോടെ കൂടുതല്‍ ആകര്‍ഷണീയത കൈവരുമെന്നാണ് ഇവിടെ താമിസിക്കുന്നവരുടെ കണക്കുകൂട്ടല്‍.
ജുമൈറ സബീല്‍ സാറെയുടെ ജനറല്‍ മാനേജര്‍ സ്റ്റീഫന്‍ സ്‌കൂപബാക്കും പാം ജുമൈറ ജനറല്‍ മാനേജര്‍മാരും പദ്ധതിയുടെ ചര്‍ച്ചക്കായി കൂടിക്കാഴ്ച നടത്തിയിരുന്നു. മേഖലയില്‍ പരസ്പരം മത്സരിക്കാതെ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു ഇവരുടെയും കൂടിക്കാഴ്ച. ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്, പരസ്പരം മത്സരിക്കാനല്ലെന്ന് സ്റ്റീഫന്‍ വ്യക്തമാക്കി. ഞങ്ങള്‍ ആശയങ്ങള്‍ പങ്കിടാനാണ് ആഗ്രഹിക്കുന്നത്.
ഏതെല്ലാം വെല്ലുവിളികളാണ് പദ്ധതി നടപ്പാക്കുന്നതില്‍ സംഭവിക്കുകയെന്നും അവയെ എങ്ങിനെ ഫലപ്രദമായി ചെറുക്കാമെന്നതുമാണ് ഞങ്ങളുടെ മുമ്പിലുള്ള പ്രധാന വിഷയം. ആറു ഹോട്ടലുകളാണ് മേഖലയില്‍ വരാനിരിക്കുന്നത്. ഇതില്‍ ഉള്‍പ്പെട്ട മൂന്നാമത്തെ ഹോട്ടലായ കെംപെസ്‌കി ഭാഗികമായി തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. ഒരെണ്ണം ഉടന്‍ ആരംഭിക്കും. ബാക്കിയുള്ളവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഈ വര്‍ഷം രണ്ട് ഹോട്ടലുകള്‍ക്ക് കൂടിയുള്ള പ്ലോട്ട് വില്‍പ്പന നടത്തും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രമുഖ നിര്‍മാണ കമ്പനിയായ നഖീലിന് ഇവിടെ സ്വന്തമായി ഹോട്ടലും മാളും നിര്‍മിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. പോയന്റി എന്ന പേരില്‍ ഒരു വിനോദ കേന്ദ്രവും ഇവിടെ ആരംഭിക്കും. താമസകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ വികസന പദ്ധതികളും ആലോചനയിലാണ്. പാം ജുമൈറ ദ്വീപ് വികസന കുതിപ്പ് നടത്തുമെന്ന കാര്യത്തില്‍ ഞങ്ങള്‍ ശുഭാപ്തിവിശ്വാസക്കാരാണ്. കൂടുതല്‍ മികച്ച ബിസിനസ് അവസരം മേഖലയില്‍ സൃഷ്ടിക്കപ്പെടുമെന്നതില്‍ തര്‍ക്കമില്ലെന്നും സ്റ്റീഫന്‍ പറഞ്ഞു.
പെട്ടെന്ന് ഹോട്ടല്‍ തുറക്കാന്‍ സാധിച്ചത് പാം ജുമൈറയെക്കുറിച്ച് ആളുകള്‍ക്ക് കൂടുതല്‍ അറിയാന്‍ സഹായകമായതായി അനന്താര ഹോട്ടലിന്റെ ജനറള്‍ മാനേജര്‍ ജീന്‍ ഫ്രാങ്കോയിസ് ലോറന്റ് അഭിപ്രായപ്പെട്ടു. ജുമൈറ ബീച്ച് റെസിഡന്‍സ് അറിയപ്പെടുന്ന ഒരു കേന്ദ്രമായത് ഹോട്ടലിന് മുതല്‍ക്കൂട്ടായിരിക്കയാണ്. മേഖലയില്‍ കൂടുതല്‍ റെസ്‌റ്റോറന്റുകളും കഫേകളും ഉണ്ടാവുന്നതില്‍ പ്രദേശവാസികള്‍ സന്തുഷ്ടരാണ്. ഇത് മേഖലയുടെ സര്‍വ്വനോന്‍മുഖമായ വികസനത്തിന് ഇടയാക്കുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. യൂറോപ്പില്‍ പാം മേഖലയെക്കുറിച്ച് നല്ല മതിപ്പാണ്. ഒരു വേറിട്ടിടം എന്ന ധാരണയാണുള്ളത്. ഇത് പരമാവധി സുക്ഷിച്ചുകൊണ്ടുള്ള നിര്‍മാണങ്ങളും വികസന പ്രവര്‍ത്തനങ്ങളുമാണ് ഇവിടെ ഉണ്ടാവുക. ഹോട്ടലുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത് ഇവിടുത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുമെന്നും അദ്ദേഹം പറഞ്ഞു.

Latest