Connect with us

Articles

നൊബേല്‍ കാലത്തെ മരം പെയ്ത്തുകള്‍

Published

|

Last Updated

ഒരാള്‍ സമ്മാനിതനാകുകയെന്നുവെച്ചാല്‍ മറ്റു കുറേ പേര്‍ തിരസ്‌കൃതരാകുന്നു എന്നാണ് അര്‍ഥം. തിരസ്‌കൃതരാകുന്നവരുടെ കൂട്ടത്തില്‍ യോഗ്യന്‍മാര്‍ ഏറെയുണ്ടാകും. മഹായോഗ്യന്‍മാരും കുറവായിരിക്കില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടവന്‍ വല്ലാത്തൊരു മാനസികാവസ്ഥയിലേക്ക് എടുത്തെറിയപ്പെടും. അവന്/അവള്‍ക്ക് പുരസ്‌കാരം ഒരു ഭാരമോ മാനക്കേടോ ആയി അനുഭവപ്പെടും. അഭിമാനത്തിന് പകരം അപമാന ഹേതുവായി പുരസ്‌കാരങ്ങള്‍ രൂപാന്തരപ്പെടും. ഇത്ര നഗ്നമായ പിഴവുകള്‍ പുരസ്‌കാര നിര്‍ണയത്തില്‍ സംഭവിക്കുകയെന്നത് അപൂര്‍വമാകാം. പക്ഷേ, വിവാദം ഒരു നിത്യ സംഭവമാണ്. എല്ലാ പുരസ്‌കാരപ്രഖ്യാപനങ്ങള്‍ക്കും ശേഷം വിവാദങ്ങള്‍ പൊട്ടിമുളക്കുന്നു. അത് രായ്ക്കുരാമാനം പടര്‍ന്നു പന്തലിക്കുന്നു. ഈ വിവാദങ്ങളെ അനാവശ്യമെന്ന് തള്ളിക്കളയാനാകില്ല. ഓരോ വിവാദവും കാഴ്ചപ്പാടുകളില്‍ നിന്നും അതനുസരിച്ചുള്ള പ്രതികരണങ്ങളില്‍ നിന്നുമാണ് ഉണ്ടാകുന്നത്. അവ ജനാധിപത്യത്തെ സൂചിപ്പിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യത്തെയും. പക്ഷേ, ഒന്നുണ്ട്. വിവാദങ്ങള്‍ പുരസ്‌കാരങ്ങളുടെ നിറം കെടുത്തുന്നു.
ലോകത്തെ ഏറെ ആഘോഷിക്കപ്പെടുന്ന പുരസ്‌കാരമാണല്ലോ നൊബേല്‍. അതിന്റെ ചരിത്രം തന്നെ വലിയ വിവാദവിഷയമാണ്. ആല്‍ഫ്രഡ് നൊബേല്‍ എന്ന ശാസ്ത്രജ്ഞന്റെ കുറ്റബോധത്തില്‍ നിന്നാണ് നൊബേല്‍ പിറക്കുന്നത്. ഡൈനാമിറ്റ് കണ്ടെത്തിയ ആല്‍ഫ്രഡിന് ആ കണ്ടുപിടിത്തം മാനവ രാശിക്ക് വിനാശകരമാകുന്നത് തന്റെ ജീവിതത്തിനിടക്ക് കാണേണ്ടിവന്നു. ആയുധവ്യാപാരത്തിലൂടെ അതിസമ്പന്നനായെങ്കിലും തന്റെ പ്രതിച്ഛായ അദ്ദേഹത്തെ വേട്ടയാടി. തന്റെ പേരിലുള്ള പേറ്റന്റകളില്‍ ഭൂരിഭാഗവും മനുഷ്യരെ കൊന്നൊടുക്കാനുള്ള ഉപകരണങ്ങള്‍ക്കു വേണ്ടിയുള്ളതാണല്ലോ എന്ന് അദ്ദേഹം പരിതപിച്ചു. മരണവ്യാപാരിയെന്ന പദമായിരിക്കും തന്റെ മരണക്കുറിപ്പില്‍ മാധ്യമങ്ങള്‍ പ്രയോഗിക്കുക. മാനവരാശിക്ക് ഏറ്റവും ഭീഷണമായ കണ്ടുപിടിത്തങ്ങളുടെ പേരില്‍ മാത്രമേ ചരിത്രം തന്നെ ഓര്‍മിക്കുകയുള്ളൂ. പേടിയുടെ പര്യായമായി തന്റെ പേര്‍ അടയാളപ്പെടുത്തപ്പെടും. അങ്ങനെ വരാന്‍ പാടില്ല. അങ്ങനെയാണ് സമ്പത്തിന്റെ സിംഹ ഭാഗവും ഒരു ആഗോള പുരസ്‌കാരത്തിനായി നീക്കി വെച്ച് പ്രായശ്ചിത്തമാകാമെന്ന് അദ്ദേഹം തീരുമാനിച്ചത്. ആല്‍ഫ്രഡിന്റെ വില്‍പ്പത്രമനുസരിച്ച് സ്വീഡിഷ് അക്കാദമിയും നൊര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയും നൊബേല്‍ ഫൗണ്ടേഷനും നിലവില്‍ വരികയും അദ്ദേഹം മരിച്ച് അഞ്ച് വര്‍ഷത്തിനു ശേഷം ആദ്യ നൊബേല്‍ നല്‍കാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ നൊബേല്‍ പുരസ്‌കാരത്തിന്റെ ഖ്യാതിക്കൊപ്പം അതിന്റെ ഉപജ്ഞാതാവിന്റെ ജീവിതവും ചര്‍ച്ച ചെയ്യപ്പെട്ടു. അദ്ദേഹം ആഗ്രഹിച്ചതില്‍ നിന്ന് വഴി മാറി ആശങ്കപ്പെട്ട വഴികളിലൂടെയാണ് സംവാദം പടര്‍ന്നത്. ജീവിതത്തിന്റെ അടയാളങ്ങള്‍ വില്‍പ്പത്രം കൊണ്ട് മായ്ക്കാനാകില്ലെന്ന് ആ സംവാദങ്ങള്‍ വിളിച്ചു പറഞ്ഞു. കാലം പോകെ പുരസ്‌കാര പ്രഭ തന്നെ ജ്വലിച്ചു നിന്നു. ഇന്ന് നൊബേല്‍ എന്നാല്‍ ലോകത്തെ ഏറ്റവും കനപ്പെട്ട പുരസ്‌കാരം മാത്രമാണ്. ആല്‍ഫ്രഡ് എന്ന “മരണ വ്യാപാരി” എവിടെയുമില്ല.
നൊബേല്‍ കമ്മിറ്റിയുടെ രാഷ്ട്രീയമാണ് 1901 മുതല്‍ ഇന്നോളമുള്ള എല്ലാ പുരസ്‌കാരങ്ങളെയും സമീപിക്കുമ്പോള്‍ ആദ്യം കണ്ണില്‍ പെടുക. ശാസ്ത്രം, സാഹിത്യം തുടങ്ങി സര്‍വ മേഖലകളിലും പാശ്ചാത്യ ഉത്കൃഷ്ടതാ വാദത്തെ പരിപോഷിപ്പിക്കുന്നതായിരുന്നു നൊബേല്‍ പുരസ്‌കാരങ്ങള്‍. പൗരസ്ത്യ ആഫ്രിക്കന്‍ ലോകങ്ങളില്‍ ജീവിതമേയില്ലെന്ന തരത്തിലാണ് പ്രതിനിധാനങ്ങള്‍ നിറഞ്ഞത്. വശം ചരിഞ്ഞ ലോകക്രമത്തിന്റെ ഉദ്‌ഘോഷമായിരുന്നു ഓരോ പുരസ്‌കാരവും. അമേരിക്കന്‍ ആധിപത്യം, മുതലാളിത്ത മൂല്യ ബോധത്തിനുള്ള പ്രചാരണം, ഇടതുപക്ഷ മൂല്യങ്ങളോടുള്ള കലഹം, കമ്യൂണിസ്റ്റുകളോടുള്ള തൊട്ടുകൂടായ്മ, ജൂത ലോബികളുടെ സ്വാധീനം തുടങ്ങിയ വിമര്‍ശങ്ങള്‍ക്ക് ന്യായമായും ഇടം നല്‍കുന്ന നിര്‍ണയങ്ങളാണ് ഇക്കാലമത്രയും ഉണ്ടായിട്ടുള്ളത്.
ഇത്തവണയും ഈ പതിവുകള്‍ തെറ്റിയില്ല. സമാധാന നൊബേല്‍ തന്നെയാണ് സംവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. ഭൗതിക ശാസ്ത്ര നൊബേലിനെച്ചൊല്ലിയും ചോദ്യങ്ങളുയരുന്നുണ്ട്. ഭൗതിക ശാസ്ത്ര നൊബേല്‍ ഹിഗ്ഗ്‌സ് ബോസോണ്‍ കണത്തിന്റെ ഉപജ്ഞാതാക്കള്‍ക്കാണ് ലഭിച്ചത്. ദൈവകണമെന്ന് വാഴ്ത്തപ്പെടുന്നതും ദ്രവ്യത്തിന് പിണ്ഡം നല്‍കുന്ന കണമെന്ന് ഒരു സംഘം ശാസ്ത്രജ്ഞര്‍ വാദിക്കുന്നതുമായ ഹിഗ്ഗ്‌സ് ബോസോണിന്റെ ആധികാരികത ഇനിയും തെളിയിക്കാനിരിക്കുന്നതേ ഉള്ളൂ. മാത്രമല്ല, അര നൂറ്റാണ്ടായി നിലനില്‍ക്കുന്ന ഒരു നിഗമനത്തിന് ഇപ്പോള്‍ നൊബേല്‍ നല്‍കിയതിലെ ഔചിത്യവും ചര്‍ച്ചാ വിഷയമാണ്. ഇങ്ങനെയൊരു കണത്തിന്റെ അസ്തിത്വം 1964ല്‍ പ്രവചിച്ച പീറ്റര്‍ ഹിഗ്ഗ്‌സ് എന്ന ബ്രിട്ടീഷുകാരനും ഫ്രാന്‍സോ ആംഗ്ലെര്‍ എന്ന ബല്‍ജിയംകാരനുമാണ് നൊബേല്‍ പങ്കിട്ടത്. ഈ കണത്തിന്റെ സാധ്യത അംഗീകരിച്ചാല്‍ തന്നെ ഇതിന്റെ പിതൃത്വം ഈ രണ്ട് ശാസ്ത്രജ്ഞര്‍ക്ക് അവകാശപ്പെട്ടതാണോ എന്ന ചോദ്യം നിലനില്‍ക്കും. പീറ്റര്‍ ഹിഗ്ഗ്‌സ് രണ്ട് പേജ് മാത്രം വരുന്ന പ്രബന്ധത്തിലാണ് ഈ കണത്തെക്കുറിച്ച് വിശദീകരിച്ചത്. എന്നു വെച്ചാല്‍ അവ്യക്തമായ സൂചനകള്‍ മാത്രമായിരുന്നു അത്. ഈ പ്രബന്ധത്തെ ആസ്പദമാക്കി പിന്നീട് മൂവായിരത്തിലധികം ഗവേഷണങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഇവയാകെ ചേര്‍ന്നാണ് ഹിഗ്ഗ്‌സ് ബോസോണ്‍ എന്ന ആശയം രൂപപ്പെടുത്തിയത്. ഇനി ഫ്രാന്‍സോ ആംഗ്ലറുടെ കാര്യമെടുക്കാം. അദ്ദേഹം തന്റെ സുഹൃത്ത് റോബര്‍ട്ട് ബ്രൗട്ടുമായി ചേര്‍ന്നാണ് ഗവേഷണങ്ങള്‍ നടത്തിയതും ഫലം പ്രസിദ്ധീകരിച്ചതും. ആ നിലക്ക് ഇവര്‍ രണ്ട് പേര്‍ക്കും തുല്യ പങ്കാളിത്തമാണ്. 2011ല്‍ ബ്രൗട്ട് അന്തരിച്ചതിനാല്‍ അദ്ദേഹത്തെക്കുറിച്ച് പരാമര്‍ശമില്ലാതെ തന്നെ പുരസ്‌കാരം നല്‍കാന്‍ സാധിച്ചു. ഹിഗ്ഗ്‌സ് ബോസോണിലെ “ബോസ്” ഇന്ത്യന്‍ ശാസ്ത്രജ്ഞനായ സത്യേന്ദ്ര നാഥ ബോസിന് അവകാശപ്പെട്ടതാണ്. പല മനുഷ്യരുടെ പ്രവര്‍ത്തനഫലമായി രൂപപ്പെട്ട ഒരാശയത്തിന്റെ പേരില്‍ രണ്ട് പേരെ മാത്രം പുരസ്‌കരിച്ചുവെന്ന കുറ്റം ഈ പ്രാവശ്യത്തെ ഊര്‍ജ തന്ത്ര നൊബേലിനെ ഗ്രസിച്ചു നില്‍ക്കുമെന്ന് ചുരുക്കം. ഇത്തരമൊരു തീരുമാനത്തിലേക്ക് നൊബേല്‍ കമ്മിറ്റിയെ നയിച്ച ഘടകമെന്തെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
ഫ്രാന്‍സ്- സ്വിറ്റ്‌സര്‍ലാന്‍ഡ് അതിര്‍ത്തിയില്‍ കോടികള്‍ ചെലവിട്ട് സജ്ജീകരിച്ച ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ എന്ന കൂറ്റന്‍ തുരങ്ക പരീക്ഷണശാല പ്രവര്‍ത്തിക്കുന്നത് ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളുടെ സഹകരണത്തോടെയാണ്. ഇവിടെ നടക്കുന്ന കണികാ പരീക്ഷണം നിരര്‍ഥകമായ ധൂര്‍ത്താണെന്ന് ശാസ്ത്ര ലോകത്തെ തന്നെ പ്രമുഖര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പരീക്ഷണ മഹാമഹത്തില്‍ നിന്ന് ലഭിച്ച ഫലം എന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ടത് ഹിഗ്ഗ്‌സ് ബോസോണിന്റെ സ്ഥിരീകരണമാണ്. ഇനിയും സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഈ “സ്ഥിരീകരണ”ത്തിന് ആധികാരികതയൊരുക്കുകയെന്നത് തന്നെയായിരുന്നു ഈ പ്രാവശ്യത്തെ നൊബേല്‍ തിരഞ്ഞെടുപ്പിന്റെ ലക്ഷ്യം.
താലിബാന്റെ ആക്രമണത്തിനിരയായ സ്വാത്തുകാരി മലാല യൂസുഫ്‌സായിക്ക് പുരസ്‌കാരം ലഭിച്ചേക്കുമെന്നുള്ള അഭ്യൂഹമാണ് പ്രഖ്യാപനത്തിന് മുമ്പേ തന്നെ സമാധാന നൊബേലിനെ വാര്‍ത്തകളില്‍ നിറച്ചത്. ലണ്ടനില്‍ ചികിത്സ തേടി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു വരികയും യു എന്‍ അടക്കമുള്ള വേദികളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയും താലിബാന്റെ ക്രൂരതകള്‍ക്കെതിരെയും ശക്തമായി ശബ്ദമുയര്‍ത്തുകയും ചെയ്ത മലാല സമാധാന നൊബേല്‍ സാധ്യതാ പട്ടികയില്‍ ഏറെ മുന്നിലായിരുന്നു. ഈ ഘട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രതികരണങ്ങള്‍ വന്നത് സ്വാത്തില്‍ നിന്ന് തന്നെയാണ്. താലിബാന്റെ ഒളിത്താവളം മാത്രമായി ഈ ഭൂവിഭാഗത്തെ ബ്രാന്‍ഡ് ചെയ്യുന്ന സമ്രാജ്യത്വ അജന്‍ഡക്ക് വളം വെച്ചു കൊടുത്തുവെന്നതല്ലാതെ എന്താണ് ഈ പെണ്‍കുട്ടിയും പിതാവ് സിയാവുദ്ദീനും സ്വാത്തിന് ചെയ്തിരിക്കുന്നതെന്ന് മേഖലയില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകര്‍ തുറന്നടിച്ചു. കൊണ്ടാടപ്പെടാന്‍ നിന്നു കൊടുക്കുന്ന ഈ നിഷ്‌കളങ്കയായ പെണ്‍കുട്ടി വന്‍ ശക്തികളുടെ വലിയ കളിയിലെ കരു മാത്രമാണെന്ന് ചില പാശ്ചാത്യ മാധ്യമങ്ങള്‍ സ്വാത്തില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി. ഡ്രോണ്‍ ആക്രമണങ്ങളില്‍ തകര്‍ന്നു പോയ സ്വാത്തിനെ ഈ കുട്ടി കാണാത്തതെന്തെന്ന് അവര്‍ ചോദിക്കുന്നു. യൂറോപ്യന്‍ യൂനിയനും യു എന്നും അവളെ അംഗീകരിക്കുമ്പോള്‍ സ്വന്തം നാട് തിരസ്‌കരിക്കുന്നത് ഇവിടുത്തുകാര്‍ താലിബാനെ പേടിക്കുന്നത് കൊണ്ടല്ല. മറിച്ച് അവളുടെ കാഴ്ചകള്‍ ഏകപക്ഷീയമായതു കൊണ്ടാണെന്ന് അവര്‍ പറയുന്നു.
പിന്നെ പുരസ്‌കാരം പ്രതീക്ഷിക്കപ്പെട്ടിരുന്നത് സിറിയന്‍ പ്രതിസന്ധിക്ക് നയതന്ത്ര പരിഹാരം കാണുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച റഷ്യന്‍ പ്രസിഡന്റ് വഌദമീര്‍ പുടിന് ആയിരുന്നു. അമേരിക്കയുടെ ആക്രമണ ത്വരക്ക് തടയിടുക വഴി സമീപകാല ചരിത്രത്തില്‍ ആദ്യമായി ഒരു ബദല്‍ സ്വരം കേള്‍പ്പിക്കാന്‍ റഷ്യക്ക് സാധിച്ചു. ആ ഒരൊറ്റ കാരണം മതി പുടിന് നൊബേല്‍ കിട്ടാതിരിക്കാനെന്ന് ചിലര്‍ വിലയിരുത്തി. ആ പ്രവചനം പുലര്‍ന്നു. രാസായുധ നിരോധ സംഘടനക്ക് നറുക്ക് വീണു. നൊബേല്‍ നിര്‍ണയക്കാര്‍ക്ക് സിറിയ വിട്ടു പോകാനായില്ലെന്നത് തന്നെ വലിയ കാര്യം. അവാര്‍ഡ് പ്രഖ്യാപിച്ച ശേഷം വന്ന ഏറ്റവും മനോഹരമായ പ്രതികരണം സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിന്റെതായിരുന്നു. “ഞാനാണ് യു എന്‍ ഏജന്‍സിയെ രാസായുധ നശീകരണത്തിന് രാജ്യത്ത് പ്രവേശിപ്പിച്ചത്. അതുകൊണ്ട് എനിക്കാണ് അവാര്‍ഡ് തരേണ്ടത്”. തങ്ങളുടെ ബദ്ധശത്രുക്കളെന്ന് അമേരിക്ക പ്രഖ്യാപിച്ച അല്‍ഖാഇദ സിറിയയില്‍ അവരുടെ സുഹൃത്തുക്കളാണ്. പുതിയ ആക്രമണ മുന്നണി തുറക്കാന്‍ ബരാക് ഒബാമക്ക് മേല്‍ ആയുധ ലോബിയുടെ കടുത്ത സമ്മര്‍ദമുണ്ട്. ഈ സാഹചര്യത്തില്‍ ആക്രമണത്തിലേക്ക് എടുത്തുചാടാന്‍ തന്നെയായിരുന്നു അമേരിക്കയുടെ തീരുമാനം. ഈ നീക്കം തകര്‍ക്കേണ്ടത് തന്റെ രാജ്യത്തിന്റെ ആവശ്യമാണെന്ന് അസദ് തീര്‍ച്ചപ്പെടുത്തി. ഇസ്‌റാഈലുമായുള്ള താരതമ്യത്തില്‍ സിറിയ നിരായുധമാകുന്നതിന്റെ പ്രശ്‌നങ്ങള്‍ അവഗണിച്ച് രാസായുധ പരിശോധനക്ക് വിധേയമാകാന്‍ ബശര്‍ അല്‍ അസദ് തയ്യാറായത് നില്‍ക്കള്ളിയില്ലായ്മ കൊണ്ടായിരുന്നില്ല, മറിച്ച് ഒരു നയതന്ത്ര ഔചിത്യമായിരുന്നു അത്. പക്ഷേ, ഒരു “സ്വേച്ഛാധിപതി”ക്ക് കൊടുക്കാനുള്ളതല്ലല്ലോ നൊബേല്‍.
വിയറ്റ്‌നാം ആക്രമണത്തിന്റെ ക്രൂരതകള്‍ക്ക് മുഴുവന്‍ ഉത്തരവാദിയായ ഹെന്റി കിസിംജര്‍ക്ക് നല്‍കിയ നൊബേല്‍ ആണ് ഇതെന്നോര്‍ക്കണം. അന്ന് പുരസ്‌കാരം പങ്കിടാന്‍ വിധിക്കപ്പെട്ട വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ലി ഡോക് തോ നൊബേല്‍ നിരസിച്ചു. സമാധാനമില്ലാതെ എന്ത് സമാധാന നൊബേല്‍ എന്നാണ് അദ്ദേഹം ചോദിച്ചത്. ഇതേ നൊബേല്‍ നല്‍കിയാണ് യാസര്‍ അറഫാത്തിനെ വിലക്കെടുത്തത്. ഓസ്‌ലോ കരാറെന്ന ചതിയില്‍ അദ്ദേഹം തുല്യം ചാര്‍ത്തിയതിന് നല്‍കിയ ഉപകാര സ്മരണയായിരുന്നു നൊബേല്‍. അഫ്ഗാനിലും ഇറാഖിലും നടന്നതും നടക്കുന്നതുമായ മനുഷ്യക്കുരുതികളില്‍ ഒരു പശ്ചാത്താപവുമില്ലാത്ത ബരാക് ഒബാമക്ക് സമ്മാനിച്ച നൊബേല്‍. പാശ്ചാത്യ ഫണ്ട് സ്വീകരിച്ച് തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കുന്ന തട്ടമിട്ടവര്‍ക്ക് സമ്മാനിക്കുക വഴി വലിയ പ്രവണതകളിലേക്ക് മുതല്‍ മുടക്കാകുന്നതും ഈ സമാധാന നൊബേല്‍ തന്നെ. ഈ “മഹത്തായ” പുരസ്‌കാരത്തിന് മഹാത്മാ ഗാന്ധി അര്‍ഹനായില്ലെന്നുകൂടി ഒരു നൊബേല്‍ കാലം കൂടി പൊഴിയുമ്പോള്‍ ഓര്‍ക്കേണ്ടതാണ്.

musthafaerrakkal@gmail.com

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest