Connect with us

Palakkad

നാടിന് നഷ്ടമായത് അനുഗൃഹിതനായ ഭിഷഗ്വരനെ

Published

|

Last Updated

പാലക്കാട്: രോഗി അടുത്ത്എത്തുമ്പോള്‍ തന്നെ രോഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഗ്രഹിക്കുവാന്‍ കഴിവുള്ള അനുഗ്രഹിതനായ ഭിഷഗ്വരനായിരുന്നു വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി.
രോഗനിര്‍ണയം കടുകിട തെറ്റില്ല.“രോഗനിര്‍ണയവും ഫലപ്രാപ്തിയും കൃത്യമാണെന്ന് അനുഭവസാക്ഷ്യം പറയാന്‍ ഇന്ന് ഏറെ പേര്‍ ഉണ്ട്. ചികിത്സിച്ച വി ഐ പികളുടെ പേര് ഒരുപാടുണ്ട്. എല്ലാവര്‍ക്കും രോഗശാന്തിയെപ്പറ്റി നൂറു നൂറു കഥകളും പറയാന്‍ കാണും. കാരണവന്മാരുടെ അനുഗ്രഹം. മുത്തച്ഛന്റെ ശിക്ഷണം. പിന്നെ പരിചയവും പഠനവുംകൊണ്ടു കൈവന്ന ശേഷിയും എന്ന് മാത്രമാണ് മറുപടി.
മുത്തച്ഛന്‍ അഷ്ടവൈദ്യന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരിയുടെ കണിശതയാണ് തന്റെ ഉയര്‍ച്ചയ്ക്കു കാരണമെന്നു ചെറിയനാരായണന്‍ നമ്പൂതിരി പറയുമായിരുന്നു. പഠിപ്പിനെക്കാള്‍ വലിയ കാര്യമാണ് ഒപ്പം നടന്നുള്ള കാണലും ചെയ്യലും. ഏതു പുസ്തകത്തില്‍നിന്നു ലഭിക്കുന്ന അറിവിനെക്കാള്‍ വലിയ കാര്യാണത്. അദ്ദേഹം അതു ഭംഗിയായി നിറവേറ്റി. അതാണ് എന്നെ ഞാനാക്കിയത്. 1950ല്‍ തന്നെ വൈദ്യശാലയില്‍ പോയി തുടങ്ങിയ ചെറിയനാരായണന്‍ നമ്പൂതിരിയില്‍ വൈദ്യമഠത്തിന്റെ കൈപ്പുണ്യം കാണുവാന്‍ അന്ന് തന്നെ തുടങ്ങിയിരുന്നതായി പഴമക്കാര്‍ പറഞ്ഞിരുന്നു.
പ്രതിഫലം ചോദിച്ച് വാങ്ങാത്ത വൈദ്യനായിരുന്നു ചെറിയ നാരായണന്‍ നമ്പൂതിരി. പണം കിട്ടിയേ ചികിത്സിക്കൂ എന്നില്ല. തന്നാല്‍ വേണ്ടെന്നു പറയാറുമില്ല. തരുന്നതു നോക്കാറുമില്ല എന്നതാണ് പക്ഷം. പണം ഇല്ലെന്ന കാരണത്താല്‍ ഇവിടെ ആര്‍ക്കും ചികിത്സ മുടങ്ങിയിട്ടില്ല. കാന്‍സര്‍ രോഗികള്‍ക്കുവേണ്ടി എല്ലാ മാസവും ഇവിടെ പരിശോധനാക്യാംപ് നടത്തുന്നുണ്ട്. നിര്‍ധനരായവര്‍ക്കു തികച്ചും സൗജന്യമായിത്തന്നെ മരുന്നും ലഭ്യമാക്കുന്നുണ്ട്. എല്ലാമാസവും അവസാന ഞായറാഴ്ചയാണ് വൈദ്യമഠത്തിലെ കാന്‍സര്‍ ചികിത്സാ ക്യാംപ്. ആയുര്‍വേദം, അലോപ്പതി, ഹോമിയോപ്പതി വിഭാഗങ്ങള്‍ സംയുക്തമായാണ് ചികിത്സ നിശ്ചയിക്കുന്നത്.
വിപുലമായ ഗ്രന്ഥശേഖരംതന്നെ വൈദ്യശാലയിലെ ലൈബ്രറിയിലുണ്ട്.2009 ല്‍ കേരള സര്‍ക്കാര്‍ ആയുര്‍വേദ ആചാര്യ പുരസ്‌ക്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. ശ്രീരാമസത്രസമിതിയുടെ ശ്രീരാമാനുഗ്രഹ പുരസ്‌കാരം, ഭക്തശിരോമണി വാഴകുന്നം സ്മാരക പുരസ്‌ക്കാരം,കോയമ്പത്തൂര്‍ ആയുര്‍വേദ ഫാര്‍മസിയുടെ ബൃഹത്രയീരത്‌ന പുരസ്‌ക്കാരം ,ഡല്‍ഹി മലയാളി സാംസ്‌ക്കാരിക സംഘടനയുടെ ഗായത്രി പുരസ്‌ക്കാരം, ശ്രീകൃഷ്ണപുരം വി ടി ബി കോളജിലെ വി ടി അനുസ്മരണ സമിതിയുടെ വി ടി പുരസ്‌ക്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.
അച്ഛനോടുള്ള ബഹുമാനാര്‍ത്ഥം വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരി ദക്ഷിണാമുര്‍ത്തി ട്രസ്റ്റ് എന്ന പേരില്‍ ഒരു ട്രസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്.
കോരല്ലൂര്‍ കൃഷ്ണവാരിയരാണ് ആദ്യഗുരു. ഭാഗവതോത്തമന്‍ വൈശ്രവണത്ത് രാമന്‍ നമ്പൂതിരി, വൈദ്യന്‍. വി കെ ആര്‍ തിരുമുല്‍പ്പാട്, വിദ്വാന്‍. കലക്കത്ത് രാമന്‍ നമ്പ്യാര്‍ എന്നിവരില്‍ നിന്ന് സംസ്‌കൃതം പഠിച്ചു. ഇതിനിടയില്‍ ഒറ്റപ്പാലം ഹൈസ്‌ക്കൂളില്‍ ആറാം ക്ലാസില്‍ ഒരുകൊല്ലം പഠിയ്ക്കുകയും അത്രതന്നെകാലം ശ്രീമാന്‍ തൃത്താല സുന്ദരയ്യരുടെ അടുത്ത് പ്രൈവറ്റായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുകയും ചെയ്തു. ഇരുപതാം വയസ്സില്‍ മുത്തച്ഛനില്‍നിന്ന് ആയുര്‍വേദ പഠനം ആരംഭിച്ചു.
1981 ല്‍ ചെറിയനാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ വൈദ്യശാല പാര്‍ട്ണര്‍ഷിപ്പ് ഫേമാക്കി ഉയര്‍ത്തി. വൈദ്യമഠം വൈദ്യശാല നഴ്‌സിംങ് ഹോം എന്നാക്കി. 2003 ല്‍ വൈദ്യശാലയ്ക്ക് ജി എം പി സര്‍ട്ടിഫിക്കറ്റ് നേടിക്കൊടുക്കുകയും ചെയ്തു. ഇതുവഴി കാന്‍സര്‍ രോഗത്തില്‍ ഗവേഷണവും ചികിത്സയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യമായി മരുന്നും നല്‍കി.
കേരളത്തിലെ സര്‍വ്വകലാശാലകളില്‍നിന്ന് അതതുകൊല്ലം ഫസ്റ്റ് റാങ്ക് നേടുന്ന ആയുര്‍വ്വേദ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്നുണ്ട്.വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയുടെ ദേഹവിയോഗത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ സി ജോസഫും, ആരോഗ്യ വകുപ്പ് മന്ത്രി വി എസ് ശിവകുമാറും അനുശോചനം രേഖപ്പെടുത്തി.

Latest