Connect with us

Malappuram

കല്ലാമൂല വനമേഖലയില്‍ കാട്ടാനകളുടെ വിളയാട്ടം തുടരുന്നു

Published

|

Last Updated

കാളികാവ്: ഏതാനും ദിവസങ്ങളുടെ ഇടവേളക്ക് ശേഷം കാട്ടാനകള്‍ കല്ലാമൂല വനമേഖലയില്‍ വിളയാട്ടം തുടരുന്നു. വ്യാഴാഴ്ച രാത്രിയും കാട്ടാനക്കൂട്ടം വേപ്പന്‍കുന്നിലെ ജനവാസ കേന്ദ്രത്തിനടുത്ത കൃഷിയിടങ്ങളില്‍ ഇറങ്ങി.
നാട്ടുകാരും കര്‍ഷകരും ചേര്‍ന്ന് കാട്ടാനകളെ ശബ്ദമുണ്ടാക്കി തുരത്തുകയായിരുന്നു. റബര്‍ തോട്ടങ്ങളില്‍ ഇടവിളയായി പാട്ടത്തിന് വാഴ കൃഷി നടത്തുന്നത് നിര്‍ത്തിവെക്കാന്‍ ഭൂവുടമകള്‍ തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കാട്ടാനകള്‍ വാഴകള്‍ ഭക്ഷണമാക്കുന്നതോടൊപ്പം റബര്‍ തൈകള്‍ കേട് വരുത്തുകയും ചെയ്യുകയാണ്. വനമേഖലയോട് ചേര്‍ന്ന സ്വകാര്യ ഭൂമിയില്‍ കാട്ടാനകളെ തുരത്തുന്നതിന് കര്‍ഷകര്‍ വന്‍തോതില്‍ പടക്കങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്നത് സാമ്പത്തികമായി വന്‍ ചിലവാണ് വരുന്നത്.
ഏറുമാടങ്ങള്‍ ഉണ്ടാക്കി രാത്രി കാലങ്ങളില്‍ കാവല്‍ നിന്നും പകല്‍ സമയത്ത് കൃഷിപ്പണികള്‍ ചെയ്തുമാണ് കര്‍ഷകര്‍ കൃഷി സംരക്ഷിക്കുന്നത്. ഒരു ദിവസം കാവല്‍ നില്‍കാന്‍ കഴിയാതെ വന്നാല്‍ കൃഷിയിടത്തില്‍ കാട്ടാനകള്‍ നിരങ്ങും. വേപ്പിന്‍ കുന്നില്‍ ബുധനാഴ്ച കൃഷി സ്ഥലത്ത് കാവല്‍ ഇല്ലാത്തതാണ് കാട്ടാനകള്‍ ഇറങ്ങാനിടയായത്. ചേനപ്പാടി മുതല്‍ വള്ളിപ്പൂള വരേയുള്ള പുല്ലങ്കോട് എസ്‌റ്റേറ്റിന്റെ വനത്തോട് ചേര്‍ന്ന അതിര്‍ത്തികളില്‍ വൈദ്യുത വേലി സ്ഥാപിച്ചിരുന്നു. എന്നാല്‍ വേലികള്‍ തകര്‍ത്താണ് കാട്ടാനകള്‍ എസ്റ്റേറ്റിലൂടെ നാട്ടിലേക്കിറങ്ങുന്നത്.