Connect with us

Malappuram

അന്തര്‍ സംസ്ഥാന മോഷണ സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍

Published

|

Last Updated

കരുവാരകുണ്ട്: അന്തര്‍ സംസ്ഥാന മോഷണ സംഘത്തിലെ രണ്ടുപേരെ കരുവാരകുണ്ട് പോലീസ് അറസ്റ്റ് ചെയ്തു.
കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലായി നടത്തിയ 35ലധികം കവര്‍ച്ച കേസുകളിലെ പ്രതികളും തമിഴ്‌നാട് സ്വദേശികളുമായ എട്ടംഗസംഘത്തിലെ മുഖ്യകണ്ണികളായ രണ്ടുപേരാണ് പിടിയിലായത്. വെല്ലൂര്‍ ജില്ലയിലെ വാണിയമ്പാടി മണ്ടി സ്ട്രീറ്റിലെ അക്ബര്‍ ബാഷ (45), വാണിയമ്പാടി റേഷന്‍കട സ്ട്രീറ്റിലെ ഷാജഹാന്‍ (57)എന്നിവരെയാണ് എസ്‌ഐ. പി ദയാശീലനും സംഘവും അറസ്റ്റുചെയ്തത്.
വ്യാഴാഴ്ച അര്‍ധരാത്രി പോലീസ് സംഘം രാത്രികാല വാഹന പരിശോധന നടത്തവെ അരിമണലില്‍ വെച്ചാണ് ഇരുവരും വലയിലായത്. സംഘത്തിലെ മറ്റു നാലുപേര്‍ രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. രണ്ടുവര്‍ഷത്തിനിടെ അമ്പതിലധികം മോഷണങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. കമ്പ്യൂട്ടര്‍-, മൊബൈല്‍ഫോണ്‍ കടകള്‍, ആഭരണ ശാലകള്‍, ടെക്‌സ്റ്റൈല്‍സുകള്‍, ഓട്ടോ മൊബൈല്‍ ഷോപ്പുകള്‍ എന്നിവിടങ്ങളിലാണ് കവര്‍ച്ചകളേറെയും നടത്തിയത്. ഇവിടങ്ങളില്‍ നിന്ന് 1500ലേറെ മൊബൈല്‍ ഫോണുകളും നിരവധി കംപ്യൂട്ടറുകളും വിലിപിടിച്ച തുണിത്തരങ്ങളും ലക്ഷക്കണക്കിന് രൂപയുടെ ഓട്ടോ മൊബൈല്‍ പാര്‍ട്‌സുകളും ഇവര്‍ കൈക്കലാക്കിയതായും പോലീസ് പറഞ്ഞു. കളവുമുതലുകള്‍ തൊട്ടടുത്ത ദിവസം തന്നെ തീവണ്ടി മാര്‍ഗം തമിഴ്‌നാട്ടിലെത്തിക്കുകയാണ് ഇവരുടെ പതിവ്. ചെന്നൈ, സേലം, വാണിയമ്പാടി കര്‍ണാടകത്തിലെ ബംഗ്ലുരു, മൈസൂര്‍ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളില്‍ ഇവ വില്‍ക്കുകയും ചെയ്യും. ഇതുവഴി കിട്ടുന്ന പണം ഇവര്‍ തുല്യമായി വീതിക്കും.
നാലുമാസം കേരളത്തില്‍ ചെലവഴിച്ച് മോഷണം നടത്തുന്ന ഇവര്‍ അടുത്ത നാലുമാസം തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമായിരിക്കും. സംഘത്തിലെ മറ്റു രണ്ടുപേരായ അസ്‌ലം ബാഷ, റഫീഖ് ഭായ് എന്നിവര്‍ മറ്റൊരു മോഷണക്കേസില്‍ അറസ്റ്റിലായി സേലം സെന്‍ട്രല്‍ ജയിലിലാണ്. സംഘത്തലവനായ അക്ബര്‍ബാഷ പിടിയിലായതോടെ ബാക്കിയുള്ള നാലുപേര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
പെരിന്തല്‍മണ്ണ, മലപ്പുറം, പുളിക്കല്‍, ആനക്കയം, ചേളാരി, ചെര്‍പ്പുളശേരി, കോങ്ങാട്, കൊപ്പം, കടമ്പഴിപ്പുറം, തളിപ്പറമ്പ്, കൊടകര, മൊറയൂര്‍, കൊരട്ടി, പാലിയേക്കര, അടിമാലി, ചേലക്കര, കൊടുങ്ങല്ലൂര്‍, അങ്കമാലി, പയ്യോളി, കൊയിലാണ്ടി, മണ്ണാര്‍ക്കാട്, കോട്ടക്കല്‍, ഓമശേരി, കല്ലടിക്കോട്, പട്ടാമ്പി, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ നിരവധി കടകളില്‍ മോഷണം നടത്തിയതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.
പി മോഹന്‍ദാസ്, സി പി സന്തോഷ്, പി കെ അബ്ദുല്‍സലാം, സി പി മുരളി, ടി കൃഷ്ണകുമാര്‍, വി മണ്‍സൂര്‍ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം തുടരുമെന്ന് പോലീസ് അറിയിച്ചു.

Latest