Connect with us

Malappuram

ശബരിമല തീര്‍ത്ഥാടനം; മിനിപമ്പയിലും ചമ്രവട്ടത്തും സുരക്ഷാ സംവിധാനങ്ങളൊരുക്കും

Published

|

Last Updated

മലപ്പുറം: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് മിനിപമ്പയിലും ചമ്രവട്ടത്തും അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമൊരുക്കാന്‍ കെ ടി ജലീല്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ജില്ലാ കലക്റ്റര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരമാനിച്ചു. മറ്റ് ജില്ലകളില്‍ നിന്നും ഇതര സംസ്ഥാനങ്ങളിലും നിന്നും ശബരിമല തീര്‍ത്ഥാടനത്തിന് പോകുന്ന ഭക്തര്‍ ഇടത്താവളമായി മിനിപമ്പയിലും ചമ്രവട്ടത്തും എത്തുന്ന സാഹചര്യത്തിലാണിത്. കുറ്റിപ്പുറത്തും മിനിപമ്പയിലും പൊലീസ് ചെക്ക് പോസ്റ്റ് സ്ഥാപിച്ച് 10 പൊലീസുകാരുടെ സേവനം ലഭ്യമാക്കും.
തീര്‍ത്ഥാടനകാലം തീരുന്നതുവരെ ഫയര്‍ഫോഴ്‌സിന്റെയും മുങ്ങല്‍ വിദഗ്ദധരുടെയും സേവനമുണ്ടാകും. രോഗബാധിതര്‍ക്ക് ചികിത്സ നല്‍കുന്നതിനും അടിയന്തര സാഹചര്യങ്ങളില്‍ ഭക്തര്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനും ഡോക്റ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘം പ്രദേശത്ത് കാംപ് ചെയ്യും. ഒഴുക്കില്‍പ്പെടുന്നവരെ രക്ഷപ്പെടുത്തുന്നതിന് 10 ലൈഫ്ഗാര്‍ഡുകളുടെ സേവനവുമുണ്ടാവും.
ആധുനിക സൗകര്യങ്ങളോടെയുള്ള ആംബുലന്‍സും സജ്ജമാക്കും. കുറ്റിപ്പുറം പാലം മുതല്‍ തവനൂര്‍ വരെ റോഡിന്റ വശങ്ങള്‍ ടാര്‍ ചെയ്ത് വാഹന പാര്‍ക്കിങ്ങിനുള്ള സൗകര്യമൊരുക്കും. റോഡിലുള്ള അനധികൃത കച്ചവടവും കയ്യേറ്റങ്ങളും ഒഴിപ്പിക്കും. ഹൈമാസ്റ്റ് ലൈറ്റും സിഗ്നല്‍ ബോര്‍ഡുകളും സ്ഥാപിക്കും. മിനിപമ്പയിലും പരിസര പ്രദേശങ്ങളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ സ്ഥാപിക്കും. ഈ ഭാഷകളില്‍ തുടര്‍ച്ചയായി നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. നിലമ്പൂര്‍, ചമ്രവട്ടം എന്നിവിടങ്ങളില്‍ നിന്ന് മിനിപമ്പ വഴി കെ എസ്.ആര്‍ ടി സി. യുടെ പ്രത്യേക സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഭക്തര്‍ക്കാവശ്യമായ കുടിവെള്ളം നല്‍കുന്നതിന് തവനൂര്‍ പഞ്ചായത്ത് സംവിധാനമൊരുക്കും.
ശുചീകരണ പ്രവര്‍ത്തനങ്ങളും പഞ്ചായത്ത് നടപ്പാക്കും. ഭക്തര്‍ക്ക് വിരിവെക്കാനുള്ള സൗകര്യമൊരുക്കും. സീസണ്‍ അവസാനിക്കുന്നത് വരെ ബോട്ട് സര്‍വീസുണ്ടാവും. അടിസ്ഥാന സുരക്ഷാ സൗകര്യങ്ങളൊരുക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനത്തിനും തിരൂര്‍ ആര്‍ ഡി ഒ. കെ ഗോപാലന്‍ മേല്‍ നോട്ടം വഹിക്കും. ഇറിഗേഷന്‍ പൊന്നാനി ഡിവിഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഹരീന്ദ്രനെ മുഴുവന്‍ സമയ കോഡിനേറ്ററായും മിനിപമ്പയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് ഡി ടി പി സിയെയും ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ ബിജു അറിയിച്ചു. നവംബര്‍ 14 നകം മുഴുവന്‍ സൗകര്യങ്ങളുമൊരുക്കാന്‍ വിവിധ വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കലക്റ്റര്‍ നിര്‍ദേശം നല്‍കി.
ചമ്രവട്ടം അയ്യപ്പ ക്ഷേത്രവും ഭക്തര്‍ വിശ്രമിക്കുന്നതിനും താമസിക്കുന്നതിനുമായി അശ്രയിക്കുന്നതിനാല്‍ ഇവിടെയും ആവശ്യമായ സൗകര്യങ്ങളൊരുക്കും. ചമ്രവട്ടം പാലത്തില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നത് നവംബര്‍ 14 നകം പൂര്‍ത്തിയാക്കും. ചമ്രവട്ടത്ത് 10 ടോയ്‌ലറ്റുകള്‍ ഉടന്‍ നിര്‍മിക്കും. താത്ക്കാലിക ബണ്ട് നിര്‍മിക്കും. ബി.പി. അങ്ങാടി മുതല്‍ ചമ്രവട്ടം വരെയുള്ള റോഡിന്റെ പണി ഉടന്‍ പൂര്‍ത്തിയാക്കും.
മെഡിക്കല്‍ സംഘത്തെയും സുരക്ഷഗാര്‍ഡുകളെയും ഇവിടെയും നിയമിക്കും. കോഴി അവശിഷ്ടങ്ങള്‍ പുഴയില്‍ തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും.
ഭക്തര്‍ക്ക് ജനകീയ കൂട്ടായ്മയില്‍ അന്നദാനം നടത്തും. എ ഡി എം പി മുരളീധരന്‍, തിരൂര്‍ ആര്‍.ഡി.ഒ. കെ. ഗോപാലന്‍, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാലകൃഷ്ണന്‍, ഡി ടി പി സി. സെക്രട്ടറി വി ഉമ്മര്‍കോയ, തവനൂര്‍ ഗ്രാപഞ്ചായത്ത് പ്രസിഡന്റ് എ ടി സജിത, തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹഫ്‌സത്ത്, പൊന്നാനി തഹസില്‍ദാര്‍ രാമദാസ്, തിരൂര്‍ തഹസില്‍ദാര്‍ കെ. രാധാകൃഷ്ണന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ശശീന്ദ്രന്‍, ചമ്രവട്ടം അയ്യപ്പക്ഷേത്രം എക്‌സികൂട്ടീവ് ഓഫീസര്‍ കെ കെ. ബാബു, ധര്‍മശാസ്താ സമിതി പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.