Connect with us

Malappuram

യൂത്ത് ലീഗ് യുവജനജാഥ തിരഞ്ഞെടുപ്പ് ക്യാമ്പയിനാക്കി മാറ്റും

Published

|

Last Updated

മലപ്പുറം: ജനവികാര വസന്തത്തിന് നിലാവിന്റെ കൊടിയടയാളം എന്ന മുദ്രാവാക്യവുമായി ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 16 മുതല്‍ 31 വരെ സംഘടിപ്പിക്കുന്ന കാല്‍നടപദയാത്ര തിരഞ്ഞെടുപ്പ് ക്യമ്പയിനാക്കി മാറ്റാന്‍ പരിപാടികളാവിഷ്‌ക്കരിച്ചു.
ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് ചെയര്‍മാനും സെക്രട്ടറി ടി വി ഇബ്‌റാഹിം ജനറല്‍ കണ്‍വീനറുമായി രൂപവത്കരിച്ച സ്വാഗത സംഘത്തിനു കീഴില്‍ മുസ്‌ലിം ലീഗിന്റെ മുഴുവന്‍ സംഘടനാ ശക്തിയും യുവജന ജാഥക്കു വേണ്ടി ഉപയോഗപ്പെടുത്താനാണ് തീരുമാനം. മാസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ച പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ ജില്ലയിലെ മുസ്‌ലിം ലീഗ് എം എല്‍ എമാര്‍ ചെയര്‍മാന്‍മാരായ സ്വാഗതസംഘം ഉപസമിതികളുടെ യോഗങ്ങള്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കി. ദേശീയ രാഷ്ട്രീയം കൂടുതല്‍ സജീവമായി ചര്‍ച്ച ചെയ്തായിരിക്കും യുവജന ജാഥയുടെ പ്രയാണം. ഓരോ ദിവസത്തെയും ഉദ്ഘാടന സമാപന സമ്മേളനങ്ങളില്‍ മുന്നണിയുടെ നൂനത നേതാക്കളെ തന്നെ പങ്കെടുപ്പിക്കാനാണ് തീരുമാനം.ഡിസംബര്‍ 15ന് വൈകുന്നേരം ഏഴ് മണിക്ക് പൊന്നാനിയിലെ വെളിയങ്കോട്ട് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ജാഥാ ക്യാപ്റ്റന് പതാക കൈമാറി.
യുവജന ജാഥയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി ക്യാപ്റ്റനും ജനറല്‍ സെക്രട്ടറി ഉസ്മാന്‍ താമരത്ത് വൈസ്‌ക്യാപ്റ്റനുമായാണ് 16 ദിവസവും കാല്‍നടയായി യുവജനജാഥ ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരു ദിവസം ഒരു മണ്ഡലത്തില്‍ എന്ന രീതിയിലാണ് ജാഥ സംവിധാനിക്കുന്നത്. 31ന് മലപ്പുറത്ത് ജാഥയുടെ സമാപനം വന്‍ ജനപങ്കാളിത്തമുള്ള റാലിയാക്കി മാറ്റും. ജാഥയുടെ പ്രചാരണത്തിനായി സംഘടനാ തലത്തില്‍ പ്രതിനിധിസമ്മേളനങ്ങള്‍, പഞ്ചായത്ത്, മുനിസിപ്പല്‍ കണ്‍വെന്‍ഷനുകള്‍, ഉപജാഥകള്‍, ശാഖാസമ്മേളനങ്ങള്‍, പ്രചാരണ പൊതുയോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കും. ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ അനുബന്ധ സെമിനാറുകള്‍ നടക്കും. നവംബര്‍ 30ന് തിരൂര്‍, ഡിസംബര്‍ ഏഴിന് മലപ്പുറം, 10ന് വണ്ടൂര്‍, എന്നിവിടങ്ങളിലായിരിക്കും സമകാലിക വിഷയങ്ങളെ ആസ്ഥാനമാക്കിയുള്ള സെമിനാറുകള്‍.

 

---- facebook comment plugin here -----

Latest