Connect with us

Wayanad

കുറുവാ ദ്വീപിലെ ചെടി കടത്തിയ സംഭവം: റിപ്പോര്‍ട്ട് പൂഴ്ത്തിയതായി ആരോപണം

Published

|

Last Updated

മാനന്തവാടി: വിനോദസഞ്ചാര കേന്ദ്രമായ കുറുവാ ദ്വീപില്‍ നിന്നും അനധികൃതമായി ചെടികള്‍ കടത്തിയ സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെയുള്ള നടപടി റിപ്പോര്‍ട്ട് പൂഴ്ത്തിയതായി ആരോപണം. മെയ് 22നാണ് 250 ഓളം ചെടികള്‍ മാനേജരുടെ ഒത്താശയോടെ മൂന്നു ജീവനക്കാര്‍ കടത്തിയത്. ഈ സംഭവം പുറത്തായതോടെ ചെടികള്‍ തിരിച്ച് കൊണ്ടു വെക്കുന്നത് നാട്ടുകാര്‍ തടഞ്ഞതോടെയാണ് സംഭവം വിവാദമായത്. ഇതോടെ ഡി ടി പി സി ജീവനക്കാരനായ മാനേജരെ സ്ഥലം മാറ്റി. ജീവനക്കാര്‍ക്കെതിരെ നടപടി ംടുക്കുന്നതിന് മന്ത്രി ചെയര്‍മാനായി ഡെസ്റ്റിനേഷന്‍ മാനേജിംഗ്കമ്മിറ്റിയെ ചുമതലപ്പെടുത്തി.
ഈ കമ്മിറ്റി മാനന്തവാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഡി എഫ് ഒ, സബ്കലക്ടര്‍ എന്നിവരടങ്ങുന്ന സബ്കമ്മിറ്റിയെ അന്വേഷണത്തിനായി നിയോഗിച്ചു. ഈ കമ്മിറ്റി ആരോപണ വിധേയരായ മൂന്നു ജീവനക്കാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും മൊഴിയെടുത്തതിന് ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ മാസം 15ന് നടപടി ആവശ്യപ്പെട്ട് മന്ത്രി പി കെ ജയലക്ഷ്മിക്ക് സമര്‍പ്പിച്ചു. എന്നാല്‍ പിന്നീട് തുടര്‍ നടപടികളൊന്നും തന്നെ ഉണ്ടായില്ല. മോഷണ വിവരം ബോധ്യപ്പെട്ടിട്ടും അധികൃതര്‍ പോലീസില്‍ പരാതി നല്‍കാന്‍ പോലും തയ്യാറായില്ല. ജീവനക്കാര്‍ക്കെതിരെ നടപടി വൈകുന്നതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.