Connect with us

Wayanad

പ്രശ്‌നങ്ങള്‍ തീര്‍ക്കാതെ കണക്ഷന്‍ നല്‍കുന്നത് നാട്ടുകാര്‍ തടഞ്ഞു

Published

|

Last Updated

പിണങ്ങോട്: കുടിവെള്ള പദ്ധതിയുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാതെ തന്നെ പ്രധാന പൈപ്പില്‍ നിന്ന് കൂടുതല്‍ പ്രദേശങ്ങളിലേക്ക് കണക്ഷന്‍ നല്‍കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. പിണങ്ങോട് പുഴക്കലിലെ എടത്തറക്കടവ് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം. നൂറുകണക്കിന് ഗാര്‍ഹിക ഉപഭോക്താക്കളടക്കം ഇവിടെയുണ്ട്. പിണങ്ങോട് മുക്കിലാണ് പ്രധാന ടാങ്കുള്ളത്. പുഴക്കലിലെ പമ്പ് ഹൗസില്‍ നിന്ന് ഈ ടാങ്കിലേക്ക് പമ്പ് ചെയ്താണ് പിണങ്ങോട് ടൗണ്‍, മുക്ക്, മൂരിക്കാപ്പ്, അടിവാരം, നെല്ലിക്കകുന്ന് തുടങ്ങിയ നിരവധി പ്രദേശങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. എന്നാല്‍ വര്‍ഷങ്ങളായി മുക്കിലുള്ള ടാങ്ക് ദുര്‍ബലമാണ്. വെള്ളം സംഭരിച്ചാല്‍ പലയിടത്തും ചോരുന്നുý്. പൂര്‍ണമായി നിറച്ചാല്‍ മാത്രമേ ഉയരത്തിലുള്ള പ്രദേശങ്ങളിലേക്ക് വെള്ളം എത്തൂ. എന്നാല്‍ ചോര്‍ച്ചയുള്ളതിനാല്‍ ഇതിന് കഴിയുന്നില്ല.
ഇതിനാല്‍ മാസങ്ങളായി നിരവധി വീട്ടുകാര്‍ക്ക് കുടിവെള്ളം കിട്ടുന്നില്ല. ടാങ്ക് നന്നാക്കുന്നതടക്കം കുടിവെള്ള പദ്ധതിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ജല അതോറിറ്റി അധികൃതര്‍ അവഗണിക്കുകയാണ്.
ഇതിനിടെയാണ് തരിയോട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്കും പുഴക്കലിലെ പമ്പ് ഹൗസില്‍ നിന്ന് വെള്ളം വിതരണം ചെയ്യാനുള്ള പ്രവൃത്തികള്‍ ആരംഭിച്ചത്. പിണങ്ങോട് ഭാഗത്തേക്ക് വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പില്‍ വാല്‍വ് ഘടിപ്പിച്ച് തരിയോട് ഭാഗത്തേക്കും വെള്ളം കൊണ്ടുപോവുകയായിരുന്നു ലഷ്യം. ഇത് യാഥാര്‍ത്ഥ്യമായാല്‍ പിണങ്ങോട് ഭാഗത്തേക്കുള്ള ജലവിതരണം മുടങ്ങാനോ തടസപ്പെടാനോ സാധ്യതയുണ്ട്. പ്രശ്‌നം തീര്‍ക്കാതെ പദ്ധതി വിപുലീകരിക്കുന്നത് നാട്ടുകാര്‍ മുമ്പും തടഞ്ഞിരുന്നു. എന്നാല്‍ വ്യാഴാഴ്ച മൂന്ന് തൊഴിലാളികളും കരാറുകാരനും സ്ഥലത്തെത്തി റോഡ് കുഴിച്ച് പൈപ്പ് സ്ഥാപിക്കുന്ന പണി തുടങ്ങുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ സംഘടിച്ചെത്തി പണി തടഞ്ഞ് പണി ആയുധങ്ങള്‍ പിടിച്ചുവച്ചു.
മുമ്പ് ഘടിപ്പിച്ച വാല്‍വ് പണിക്കാര്‍ തന്നെ നീക്കിയതോടെയാണ് പണി ആയുധങ്ങള്‍ തിരിച്ചുനല്‍കിയത്. പ്രധാനപൈപ്പ് മുറിച്ച ഭാഗം വീണ്ടും ചേര്‍ത്ത് ഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതിലൂടെ വെള്ളം ചോര്‍ച്ച തുടങ്ങിയിട്ടുണ്ട്.
പദ്ധതിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

 

---- facebook comment plugin here -----

Latest