Connect with us

Editorial

ആശങ്കകളകറ്റിയാകണം പരിസ്ഥിതി സംരക്ഷണം

Published

|

Last Updated

പശ്ചിമ ഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് പകരം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചത് വീണ്ടും വിവാദങ്ങള്‍ക്കു വഴിമരുന്നിട്ടിരിക്കയാണ്. കേരളമടക്കം ആറ് സംസ്ഥാനങ്ങളിലായി കിടക്കുന്ന 60,000 ചതുരശ്ര കിലോമീറ്റര്‍ പശ്ചിമ ഘട്ട പ്രദേശത്തിന്റെ പാരിസ്ഥിതിക നിലനില്‍പ്പും ജൈവവൈവിധ്യ സംരക്ഷണവും സംബന്ധിച്ച ചര്‍ച്ചകളും തര്‍ക്കങ്ങളും അവിരാമം തുടരുമ്പോഴും പ്രായോഗിക വഴികള്‍ സംബന്ധിച്ച് മൗനമാണ് എല്ലാ തലങ്ങളിലും. മനുഷ്യന്റെ നിലനില്‍പ്പിനും ജീവന്റെ സംരക്ഷണത്തിനും ഉതകുംവിധം പ്രകൃതിയെ പ്രയോജനപ്പെടുത്തുന്ന രീതിയില്‍ പരിസ്ഥിതി സംരക്ഷിക്കപ്പെടുകയാണ് വേണ്ടത്. മറിച്ച് കാട് വെട്ടിത്തെളിച്ചും കൊള്ളയടിച്ചും പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്തും പ്രകൃതിയെ യഥേഷ്ടം ഉപയോഗിക്കുകയല്ല.
കാലപ്രവാഹത്തില്‍ പ്രകൃതിയും മാറ്റങ്ങള്‍ക്ക് വിധേയമാണ്. സമുദ്രനിരപ്പിന് താഴെ കിടക്കുന്ന പ്രദേശങ്ങള്‍ നേരത്തെ വനപ്രദേശമായിരുന്നിട്ടുണ്ട്. പാക്കിസ്ഥാനില്‍ ഈയിടെയുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് അറബിക്കടലില്‍ പുതിയൊരു ദ്വീപ് രൂപം പ്രാപിച്ചതായി ഭൂഗര്‍ഭ ശാസ്ത്രജ്ഞര്‍ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. . ഇത്തരം പ്രതിഭാസങ്ങള്‍ ലോകത്തെ പല സ്ഥലങ്ങളിലും അരങ്ങേറിയിട്ടുണ്ട്. ഈ സ്ഥിതി അനുസ്യൂതം തുടരുകയുമാണ്. ചുരുക്കത്തില്‍ മനുഷ്യനെക്കൊണ്ടു മാത്രം പ്രകൃതിയെ പിടിച്ചുനിര്‍ത്താനാകില്ലെന്ന് വ്യക്തം. . എന്നാല്‍ പ്രകൃതിയെയും പരിസ്ഥിതിയെയും ദ്രോഹിക്കാനും തകര്‍ക്കാനും മനുഷ്യനു കഴിയുമെന്നതില്‍ തര്‍ക്കവുമില്ല. . മനുഷ്യനും ജീവജാലങ്ങള്‍ക്കും, വേണ്ടിയുള്ളതാണ് പ്രകൃതി. ഒപ്പം നാളത്തെ തലമുറയും ഇതനുഭവിക്കേണ്ടവരാണ്. ഇതിനാല്‍ പ്രകൃതി സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും അടിയന്തരപ്രാധാന്യമുള്ളതാണ്.
ജൈവവൈവിധ്യത്തിന്റെ ഈറ്റില്ലമായ പശ്ചിമ ഘട്ട പ്രദേശങ്ങള്‍ പ്രകൃതിയുടെ പ്രത്യേകതകള്‍ ഏറെയുള്ള പ്രദേശമാണ്. മറ്റെവിടെയുമില്ലാത്ത ജൈവവൈവിധ്യം ഈ പ്രദേശത്തുണ്ടെന്നാണ് ഗവേഷക മതം. പശ്ചിമ ഘട്ടത്തിന്റെ കേരളത്തിലുള്ള പ്രദേശത്താണ് ജനസാന്ദ്രത കൂടുതലുള്ളത്. പശ്ചിമ ഘട്ട സംരക്ഷണത്തിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫ. മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായി സമിതിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. ഈ സമിതി കേരളത്തിലെ പശ്ചിമ ഘട്ട പ്രദേശങ്ങളില്‍ കാര്യമായ സന്ദര്‍ശനം പോലും നടത്താതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നു പരാതിയുയര്‍ന്നതാണ്. ് പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയില്‍പ്പെടുത്തി ഈ പ്രദേശത്തു ജനജീവിതം അസാധ്യമാക്കുന്ന റിപ്പോര്‍ട്ടിനെതിരേ കടുത്ത ജനകീയ പ്രതിഷേധമുയര്‍ന്നു.
അതേത്തുടര്‍ന്നാണു ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പോരായ്മകള്‍ പരിശോധിച്ചു പുതിയ റിപ്പോര്‍ട്ട് തയാറാക്കാന്‍ ഡോ. കസ്തൂരിരംഗന്‍ അധ്യക്ഷനായ പത്തംഗ സമിതിയെ നിയോഗിച്ചത്. ജനവാസകേന്ദ്രങ്ങളെ സംബന്ധിച്ചു കുറേക്കൂടി മൃദുവും പ്രായോഗികവുമായ നിലപാടാണ് ഡോ. കസ്തൂരിരംഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത്. എങ്കിലും പല കാര്യങ്ങളിലും ജനങ്ങള്‍ക്ക് ഇനിയും വിയോജിപ്പുണ്ട്. 60,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണു പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാന്‍ പോകുന്നത്. കേരളത്തിലെ 123 വില്ലേജുകള്‍ ഇതിന്റെ പരിധിയില്‍ വരും. ഈ പ്രദേശങ്ങളില്‍ താമസത്തിനും കൃഷിക്കും ഉപജീവനത്തിനുമൊക്കെ കടുത്ത നിയന്ത്രണങ്ങളുണ്ടാകുമെന്നാണ് സൂചന. സ്വാഭാവികമായും ജനങ്ങള്‍ ഈ പ്രദേശങ്ങള്‍ ഒഴിഞ്ഞുപോകേണ്ട സാഹചര്യം ഉടലെടുക്കും. ഇങ്ങനെയുള്ളവരെ പുനരധിവസിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കുകയും വിവിധ തലങ്ങളില്‍ ആലോചനകള്‍ നടത്തുകയും ചെയ്താകണം റിപ്പോര്‍ട്ട് നടപ്പാക്കേണ്ടത്. കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളെയും അവരുടെ ജീവിതായോധനമാര്‍ഗങ്ങളെയും ഗൗരവമായി ബാധിക്കുന്ന വിഷയമെന്ന നിലയില്‍ ഈ പ്രശ്‌നത്തില്‍ കൂട്ടായ ചര്‍ച്ചയും സമവായവും രൂപപ്പെടേണ്ടതുണ്ട്. ഈ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനാണ് 21ന് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചുകൂട്ടിയിരിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ലെന്നും അഭിപ്രായം എഴുതി നല്‍കാമെന്നുമാണു പ്രതിപക്ഷ നിലപാട്. സര്‍വ കക്ഷി യോഗം പ്രഹസനമാകാതിരിക്കാന്‍ സംസ്ഥാനത്തിന്റെ പൊതുതാത്പര്യം മുന്‍നിര്‍ത്തി എല്ലാവരും പങ്കാളികളാകണം. വിവാദങ്ങള്‍ക്ക് വോള്‍ട്ടേജ് ലഭ്യമാക്കാനുദ്ദേശിച്ച് കസ്തൂരിരംഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ഇടുക്കിയിലും വയനാട്ടിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് രാഷ്ട്രീയ മുതലെടുപ്പിനാണെങ്കില്‍ ഇത് ജനങ്ങളുടെ മേല്‍ കൂടുതല്‍ പ്രയാസങ്ങളടിച്ചേല്‍പ്പിക്കുകയല്ലാതെ പ്രയോജനപ്പെടില്ല. ഇടതുമുന്നണി സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധരാവുകയാണ് വേണ്ടത്, പ്രതിപക്ഷത്തെ യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ ഭരണപക്ഷത്തുനിന്നും ആത്മാര്‍ഥ സമീപനമുണ്ടാകുകയും വേണം. നാടിനെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഭിന്നത മറന്ന് രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒറ്റക്കെട്ടാകുയാണ് വേണ്ടത്. പ്രകൃതിയും പരിസ്ഥിതിയും മനുഷ്യന്റെ സംരക്ഷണത്തിനും ജീവന്റെ നിലനില്‍പ്പിനും പ്രയോജനപ്പെടും വിധം സംരക്ഷിക്കപ്പെടണം. ഇതിനാല്‍ തന്നെ വികസനോന്മുഖവും പ്രായോഗികവുമായ നിര്‍ദേശങ്ങള്‍ക്കാണ് എപ്പോഴും മുന്‍ഗണന നല്‍കേണ്ടത്.