Connect with us

Articles

നിസ്‌കാരപ്പായയും ഹോമകുണ്ഡവും

Published

|

Last Updated

ഡി വൈ എഫ് ഐ നടത്തിയ രണ്ടാം ഗുരുവായൂര്‍ സത്യഗ്രഹത്തിനു ജനങ്ങളുടെ മുക്തകണ്ഠ പ്രശംസ ലഭിച്ചിരുന്നു. പക്ഷേ, അക്കാലയളവില്‍ ശിവസേനയുടെ കേരള രാജ്യ പ്രമുഖനായ എം എസ് ഭുവനചന്ദ്രന്‍ ഉള്‍പ്പെടെയുള്ള തീവ്ര ഹിന്ദുത്വവാദികള്‍ പറഞ്ഞുകൊണ്ടിരുന്നതും മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചുവന്നതുമായ ഒരു കാര്യം സി പി എം കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുത്വ പാര്‍ട്ടിയാണെന്നതായിരുന്നു. രണ്ടാം സത്യഗ്രഹ സമരം സംഘടിപ്പിച്ചത് അതിന്റെ തെളിവാണെന്നും ചിലര്‍ വാദിച്ചു. ഏതാണ്ട് ഇതേ കാലയളവിലാണ് “ഇടതുപക്ഷ ഹിന്ദുത്വ”ത്തെക്കുറിച്ച് ഞാന്‍ ദേശാഭിമാനി വാരികയില്‍ ലേഖനം എഴുതിയത്. ഹിന്ദുത്വത്തിന്റെ വൈകാരികവും വൈചാരികവുമായ ശക്തിയെ സാമ്രാജ്യത്വവിരുദ്ധമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് മുതല്‍ കൂട്ടാനായി ബോധപൂര്‍വം ഉപയോഗപ്പെടുത്തിക്കൊണ്ട് ചില ഇടപെടലുകള്‍ നടത്താന്‍ ഇടതുപക്ഷ കക്ഷികള്‍ തയ്യാറാകേണ്ടതുണ്ടെന്നും അത് ചെയ്യാത്ത പക്ഷം ഇന്ത്യയിലെ ബഹുഭൂരിപക്ഷ ജനതയെ, ആള്‍ദൈവങ്ങളുടെ ആള്‍ക്കൂട്ടം മാത്രമാക്കി സാമ്രാജ്യത്വം അവര്‍ക്കനുകൂലമായി അധഃപതിപ്പിക്കും എന്നൊക്കെയായിരുന്നു എന്റെ വാദഗതികള്‍. ഇടതുപക്ഷ ഹിന്ദുത്വത്തെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടന്നു. കൂട്ടത്തില്‍ ഇടതുപക്ഷ ഹിന്ദുത്വം എന്നത് സി പി എമ്മിനെ ആര്‍ എസ് എസ് വത്കരിക്കാനുള്ള ഒളിജയന്‍ഡകളോടുകൂടി ഒരു കപട സന്യാസിയുടെ തന്ത്രമാണെന്ന് ആരോപിച്ചുകൊണ്ടും അധിക്ഷേപിച്ചുകൊണ്ടും ഉസ്മാന്‍ പാലക്കീഴ് എന്നൊരു മുജാഹിദ് സഹയാത്രികന്‍ ഒരു ലേഖനം എഴുതി. ആ ലേഖനത്തിന് ഈ ലേഖകന്‍ മറുപടിയും നല്‍കി.
ഇതിനൊക്കെ പുറമെ മുത്തപ്പന്‍ മടപ്പുരകളുടെ നടത്തിപ്പ് കമ്മിറ്റിയിലും മറ്റും സി പി എം അനുഭാവികള്‍ സജീവമായി പങ്കെടുക്കുന്നതും ഇടതുപക്ഷം ഹിന്ദുത്വവത്കരിക്കപ്പെടുന്നതിന് തെളിവുകളായി ഉപരിപ്ലവ ബുദ്ധിജീവികള്‍ ചിത്രീകരിച്ചിരുന്നു. ഇതേ മനോഭാവമുള്ളവര്‍ സി പി എം സമ്മേളനങ്ങളുടെ പ്രചാരണ ബാനറുകളിലും മറ്റും സ്വാമി വിവേകാനന്ദനും ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും മറ്റും ഇടം പിടിക്കുന്നതിനേയും വല്ലാത്ത പ്രാധാന്യത്തോടെ വാര്‍ത്തകളാക്കി വന്നിരുന്നു. ഇവ്വിധത്തിലൊക്കെ സി പി എം ഒരു ഹിന്ദുത്വ പാര്‍ട്ടിയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ദുരുദ്ദേശ്യത്തോടെ ചെറുതും വലുതുമായ ധാരാളം പ്രചാരണങ്ങള്‍ കേരളത്തില്‍ നടന്നുവരുന്നു.
എന്നാലിപ്പോള്‍, ഇതേ ആളുകള്‍ തന്നെ ആവര്‍ത്തിച്ചു പറഞ്ഞു പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് സി പി എം മുസ്‌ലിം പ്രീണനത്തിന്റെയും ഹിന്ദുവിരുദ്ധതയുടെയും പാര്‍ട്ടിയാണെന്നാണ്. ഈയിടെ കണ്ണൂരില്‍ നടന്ന “ഇടതുപക്ഷവും മുസ്‌ലിംകളും” എന്ന സെമിനാറാണ് പൊടുന്നനെ ഈ പ്രചാരണത്തിന് തത്പര കക്ഷികള്‍ക്ക് ആവേശം പകര്‍ന്നിരിക്കുന്നത്. കണ്ണൂര്‍ സമ്മേളനത്തില്‍ പങ്കെടുത്ത മുസ്‌ലിംകള്‍ക്ക് നിസ്‌കരിക്കാന്‍ പായ വിരിച്ചുകൊടുത്ത സി പി എം ഒരു ബ്രാഹ്മണ സമ്മേളനം വിളിച്ചുകൂട്ടി അവര്‍ക്ക് ഹോമം നടത്താന്‍ ഹോമകുണ്ഠം തയ്യാറാക്കിക്കൊടുക്കുമോ എന്നൊക്കെയാണ് പുനത്തില്‍ കുഞ്ഞബ്ദുല്ല പിണറായി വിജയനോട് ചോദിച്ചിരിക്കുന്നത്.
ഇസ്‌ലാം മതവിശ്വാസികളായ മനുഷ്യര്‍ക്ക് നിസ്‌കാരം എന്നത് നിര്‍ബന്ധമായ മത ബാധ്യതയാണ്. അതേപ്പറ്റിയൊക്കെ മുസ്‌ലിംകളായ മാതാപിതാക്കളുടെ മകനായി ജനിച്ച പുനത്തില്‍ എന്ന ഗണനീയനായ നോവലിസ്റ്റിന് അനുഭവാധിഷ്ഠിതമായ അറിവുകളും ഉണ്ടാകാം. പക്ഷേ, ബ്രാഹ്മണര്‍ ഉള്‍പ്പെടെയുള്ള ഹിന്ദു മത വിശ്വാസികളായ മനുഷ്യര്‍ക്ക് ഹോമം ചെയ്യല്‍ നിര്‍ബന്ധമാണെന്നുള്ളത് പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ തെറ്റിദ്ധാരണ മാത്രമാണ്. എന്റെ അറിവില്‍, കേരളത്തിലെ ഹിന്ദുക്കളായ ഭക്തജനങ്ങള്‍ക്ക് അങ്ങേയറ്റം സമാദരണീയനും അവിസ്മരണീയനുമായ ജ്ഞാനപ്പാനയുടെ കര്‍ത്താവായ പൂന്താനം നമ്പൂതിരി ഒരു ഹോമവും ചെയ്യുന്ന തരക്കാരനായിരുന്നില്ല. ജീവിതത്തില്‍ ഒരു ഹോമവും ചെയ്തിട്ടില്ലാത്ത ഗാന്ധിജിയും ചട്ടമ്പി സ്വാമികളും ശ്രീനാരായണ ഗുരുവും ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയും വാഗ്ഭടാനന്ദനും സ്വാമി ആനന്ദ തീര്‍ഥനും സഹോദരന്‍ അയ്യപ്പനും ഉള്‍പ്പെടെയുള്ളവരും അവരുടെ അനുയായികളായ മനുഷ്യരും നിലവിലുള്ള ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ഹിന്ദുക്കള്‍ തന്നെയാണ്. അതിനാല്‍, ഹിന്ദുവാകാന്‍ ഹോമം ചെയ്യണമെന്നും ഹിന്ദുമത വിശ്വാസികളുടെ ഒത്തുകൂടല്‍ സമ്മേളനം സി പി എം സംഘടിപ്പിക്കുന്ന പക്ഷം അവര്‍ ഹോമകുണ്ഡം ഒരുക്കണമെന്നും മറ്റും പുനത്തില്‍ പറഞ്ഞത് അദ്ദേഹത്തിന് ഹിന്ദു മത വിശ്വാസത്തെ സംബന്ധിച്ചും അതിന്റെ ചരിത്രത്തെ സംബന്ധിച്ചും എത്രത്തോളം അജ്ഞത ഉണ്ടെന്നതിനല്ലാതെ മറ്റൊന്നിനും തെളിവാകുന്നില്ല.
സ്വാമി ലക്ഷ്മണാനന്ദ എന്ന കാവിഭീകരന്റെ ഭൂതഗണങ്ങളാല്‍ വേട്ടയാടപ്പെട്ട് വീടും കുടിയും നഷ്ടപ്പെട്ട ഒഡീഷയിലെ ക്രൈസ്തവ സഹോദരങ്ങള്‍ക്ക്, മതവിശ്വാസപ്രകാരമുള്ള കുര്‍ബാന നടത്താന്‍ പാര്‍ട്ടി ഓഫീസിനകത്ത് സൗകര്യം ഒരുക്കിക്കൊടുത്ത പാരമ്പര്യം സി പി എമ്മിനുണ്ട്. ഈഴവരും അവരില്‍ താഴ്ന്ന ജാതിക്കാരുമായ മനുഷ്യര്‍ക്ക് ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ പ്രവേശം ഉറപ്പാക്കുന്നതിനു വേണ്ടി തല്ല് കൊണ്ടും കൊടുത്തും പോരാടിയവരില്‍ പി കൃഷ്ണ പിള്ളയും എ കെ ജിയും വഹിച്ച പങ്കും പ്രസിദ്ധമാണല്ലോ. ഇതൊക്കെ കണക്കിലെടുക്കുമ്പോള്‍ മതമേതായാലും മനുഷ്യനെ മാനിക്കാനും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നിടത്തൊക്കെ പോരാടാനും സന്നദ്ധതയുള്ള ഒരു മതേതര ജനാധിപത്യ പ്രസ്ഥാനമാണം സി പി എമ്മും സി പി ഐയും അടക്കമുള്ള ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ എന്നേ സാരഗ്രാഹികള്‍ക്ക് വിലയിരുത്താനാകൂ.
ഈ ചരിത്ര പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍, ഇസ്‌ലാം മതവിശ്വാസ പ്രകാരം അനുശാസിക്കപ്പെട്ട സമയത്ത് നിസ്‌കരിക്കാന്‍ സമ്മേളന സംഘാടകരായ സി പി എം പായ കൊടുത്ത നടപടി, ചില സമ്മേളനങ്ങള്‍ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നതു പോലെ തന്നെ സ്വാഭാവികവും വിശ്വാസികളെയും അവിശ്വാസികളെയും മനുഷ്യരെന്ന നിലയില്‍ ഉള്‍ക്കൊണ്ടുകൊണ്ട് മര്‍ദിതരുടെ മോചനത്തിന് വേണ്ടിയുള്ള പോരാട്ടനിര സുസജ്ജമാക്കാനുള്ള വിശാല രാഷ്ട്രീയ വിവേകം കൊണ്ട് ഗണനീയവുമാണെന്നേ വിലയിരുത്താനാകൂ. മറിച്ചു തോന്നുന്നവര്‍ ഒന്നുകില്‍ മുസ്‌ലിം ലീഗുകാരായിരിക്കും. അല്ലെങ്കില്‍ ആര്‍ എസ് എസുകാരായിരിക്കും. പുനത്തില്‍ കുഞ്ഞബ്ദുല്ല ഇതിലേതാണെന്ന് ബി ജെ പി ടിക്കറ്റില്‍ മത്സരിച്ചതു വഴി കേരളീയര്‍ക്ക് മനസ്സിലായിട്ടുണ്ട്.
വിശുദ്ധ ഖുര്‍ആന്‍ കത്തിക്കണമെന്ന് പറഞ്ഞ ഹിന്ദുത്വവാദിയും ഇപ്പോള്‍ ബി ജെ പി നേതാവുമായ ഡോ. സുബ്രഹ്മണ്യം സ്വാമിയെക്കൊണ്ടാണ് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി അവരുടെ ആചാര്യനായ ചേകനൂര്‍ മൗലവിയുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യിച്ചത്. അതിനെതിരെ “കമാ” എന്നൊരക്ഷരം ഉരിയാടാതെ ഒളിച്ചിരുന്ന പുനത്തില്‍ കുഞ്ഞബ്ദുല്ല, സി പി എം ഇടതുപക്ഷവും മുസ്‌ലിംകളും എന്ന വിഷയത്തിലൊരു സെമിനാര്‍, നിസ്‌കരിക്കാനുള്ള സൗകര്യങ്ങളോടു കൂടി സംഘടിപ്പിച്ചുവിജയിപ്പിച്ചത് കണ്ടപ്പോഴേക്കും ഹാലിളകി പരിഹാസ പ്രസ്താവന നടത്തിയതില്‍, രാഷ്ട്രീയ ദുഷ്ടലാക്കുകള്‍ യാതൊന്നും ഇല്ലെന്ന് കരുതാവുന്ന വിധം മൗഢ്യമൊന്നും മലയാളികള്‍ക്കില്ല. തീര്‍ച്ചയായും സി പി എമ്മിന്റെ ഇത്തരം സമ്മേളനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ചൂരും ചുവയും ഒക്കെ ഉണ്ടാകാം. എന്നാലും, ഇന്ത്യാ രാജ്യത്തെ മര്‍ദിത ജനവിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന മുസ്‌ലിംകളുമായി ഇടതുപക്ഷം കൈ കോര്‍ക്കേണ്ടതുണ്ടെന്ന സി പി എം നിലപാട് ആഴത്തില്‍ ചിന്തിക്കുമ്പോള്‍ സ്വാഗതാര്‍ഹമാണ്.

---- facebook comment plugin here -----

Latest