Connect with us

Kozhikode

ഭൂരഹിതരില്ലാത്ത കേരളം: നഗരസഭയില്‍ 444 പേര്‍ക്ക് പട്ടയം

Published

|

Last Updated

കോഴിക്കോട്: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ വിതരണത്തിനായി കണ്ടെത്തിയ കോര്‍പ്പറേഷന്‍ പരിധിയിലെ 4.27 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയുടെ ലിസ്റ്റിന് ജില്ലാ കലക്ടര്‍ സി എ ലതയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ഭൂമിപതിവ് കമ്മിറ്റി അംഗീകാരം നല്‍കി.
ബേപ്പൂര്‍, നെല്ലിക്കോട്, ചെറുവണ്ണൂര്‍ വില്ലേജുകളിലായാണ് ഭൂമി കണ്ടെത്തിയിട്ടുളളത്. കോര്‍പ്പറേഷന്‍ പരിധിയില്‍ നിന്ന് ലഭിച്ച 4309 അപേക്ഷകളും കമ്മിറ്റി പരിഗണിച്ചു. ഇതില്‍ ഏറ്റവും അര്‍ഹതയുളളതായി കണ്ടെത്തിയ 444 പേര്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ പട്ടയം വിതരണം ചെയ്യുന്നത്. ബേപ്പൂര്‍ വില്ലേജില്‍ 112 പ്ലോട്ടുകളും നെല്ലിക്കോട് വില്ലേജില്‍ 19 പ്ലോട്ടുകളും ലഭ്യമാണ്. ബാക്കിയുളളവര്‍ക്ക് താലൂക്കിലെ വിവിധ വില്ലേജുകളിലാണ് പട്ടയം നല്‍കുന്നത്.
ജോലി ചെയ്ത് നിത്യവൃത്തിക്ക് പോലും പണം കണ്ടെത്താനാകാത്ത അഗതികള്‍, കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം, തളര്‍വാതം തുടങ്ങിയ രോഗങ്ങള്‍കൊണ്ട് അവശത അനുഭവിക്കുന്ന കുടുംബാംഗങ്ങളുളളവര്‍, 50 ശതമാനത്തിലേറെ അംഗവൈകല്യമുളളവര്‍, വിധവകള്‍, വിവാഹബന്ധം വേര്‍പെടുത്തിയ വനിതകള്‍, പട്ടികജാതിക്കാര്‍ എന്നിവര്‍ക്ക് പ്രഥമ പരിഗണന നല്‍കിയാണ് പട്ടയം നല്‍കുന്നത്.
പദ്ധതിക്കായി കണ്ടെത്തിയ താലൂക്കിലെ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ 13 വില്ലേജുകളിലെ 38.48 ഏക്കര്‍ ഭൂമിയുടെയും 39 വില്ലേജുകളിലെ 2893 അപേക്ഷകളും കോഴിക്കോട് തഹസില്‍ദാര്‍ രോഷ്ണി നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന താലൂക്ക്തല ഭൂമിപതിവ് കമ്മറ്റി നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ഇതില്‍ താലൂക്ക് തലത്തില്‍ കണ്ടെത്തിയ 592 പ്ലോട്ടുകള്‍ സര്‍ക്കാര്‍ അംഗീകരിച്ച മാനദണ്ഡങ്ങള്‍ പ്രകാരം മുന്‍ഗണന ലഭിച്ച ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യാമെന്ന് കണ്ടെത്തുകയും ലിസ്റ്റ് അതത് വില്ലേജ് ഓഫീസുകളില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
തലക്കുളത്തൂര്‍, കുരുവട്ടൂര്‍, ചാത്തമംഗലം, നീലേശ്വരം, കുമാരനെല്ലൂര്‍, കൊടിയത്തൂര്‍, കക്കാട്, മാവൂര്‍, പുത്തൂര്‍, രാരോത്ത്, കാക്കൂര്‍, നന്മണ്ട, താഴക്കോട് വില്ലേജുകളിലായാണ് പതിച്ചുകൊടുക്കാനുദ്ദേശിക്കുന്ന ഭൂമിയുളളത്.

Latest