Connect with us

Kollam

പരിശോധനയില്ല; ക്വാറികളിലെ സ്‌ഫോടക വസ്തുക്കള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു

Published

|

Last Updated

കൊല്ലം: എക്‌സ്‌പ്ലോസീവ് ലൈസന്‍സോടു കൂടി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികളില്‍ സൂക്ഷിച്ചുവരുന്ന സ്‌ഫോടക വസ്തുക്കള്‍ സംസ്ഥാനത്ത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു. ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഈ നടപടിക്കെതിരെ യാതൊരുവിധ അന്വേഷണവും ഉണ്ടാകുന്നില്ല. കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിന് എക്‌സ്‌പ്ലോസീവ് ലൈസന്‍സ് നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ തീരുമാനമുണ്ടായത് രണ്ട് വര്‍ഷം മുമ്പാണ്. അതുവരെ യാതൊരു സുരക്ഷിതത്വവുമില്ലാതെ സ്‌ഫോടക വസ്തുക്കള്‍ കരിങ്കല്‍ ക്വാറികളില്‍ തന്നെ കരുതിവെക്കുകയായിരുന്നു പതിവ്.

സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ ഒട്ടേറെ അപകടങ്ങള്‍ ഇതുമൂലം സംഭവിച്ചിരുന്നു. കരിങ്കല്‍ ക്വാറികളില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ സാമൂഹികവിരുദ്ധ ശക്തികള്‍ കടത്തിക്കൊണ്ടു പോകുന്നതും പതിവായിരുന്നു. ദേശവിരുദ്ധ ശക്തികള്‍ പോലും ഇത്തരം സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി പോലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടും ഇത് തടയാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടായിട്ടില്ല. ഇതേത്തുടര്‍ന്നാണ് കരിങ്കല്‍ ക്വാറികളുടെ സുഗമമായ നടത്തിപ്പിന് എക്‌സ്‌പ്ലോസീവ് ലൈസന്‍സ് അധികൃതര്‍ നിര്‍ബന്ധമാക്കിയത്. ഇതും ഇപ്പോള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായാണ് പരാതികള്‍ ഉയരുന്നത്.
പോലീസ്, ഫയര്‍ ആന്‍ഡ് സേഫ്ടി, റവന്യു എന്നീ വകുപ്പുകളുടെ പരിശോധനകള്‍ക്ക് ശേഷമാണ് കരിങ്കല്‍ ക്വാറികള്‍ക്ക്, നിബന്ധനകള്‍ക്ക് വിധേയമായി എക്‌സ്‌പ്ലോസീവ് ലൈസന്‍സ് അനുവദിക്കുന്നത്. സുരക്ഷിതത്വ മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മിക്കുന്ന പ്രത്യേക ഗോഡൗണുകളിലാണ് ഇവ സൂക്ഷിക്കേണ്ടത്. സംഭരിക്കാവുന്ന സ്‌ഫോടക വസ്തുക്കളുടെ അളവും നിജപ്പെടുത്തിയിട്ടുണ്ട്. ക്വാറികളില്‍ സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ക്ക് പരിശീലനവും ലൈസന്‍സും ഉണ്ടായിരിക്കണമെന്നുമാണ് വ്യവസ്ഥ. കരിങ്കല്‍ ക്വാറിയുടെ ആവശ്യത്തിനല്ലാതെ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കരുതെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ ഈ മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെടുന്നില്ല എന്നതാണ് വസ്തുത. ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് വ്യക്തമായ വിവരം ലഭിച്ചിട്ടും നടപടി ഉണ്ടാകുന്നില്ല.
ലൈസന്‍സുള്ള കരിങ്കല്‍ ക്വാറികളില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ യഥേഷ്ടം അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് വില്‍പ്പന നടത്തിവരുന്നത് പതിവായിരിക്കുകയാണ്. സംസ്ഥാനത്ത് എക്‌സ്‌പ്ലോസീവ് ലൈസന്‍സുള്ള ക്വാറികളേക്കാള്‍ പതിന്മടങ്ങാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്നവ. കൊല്ലം ജില്ലയില്‍ മാത്രം 300ലധികം അനധികൃത ക്വാറികള്‍ പ്രവര്‍ത്തിച്ചുവരുന്നതായാണ് കണക്ക്. ഈ അനധികൃത ക്വാറികളുടെ പ്രവര്‍ത്തനത്തിന് സ്‌ഫോടക വസ്തുക്കള്‍ വില്‍ക്കുന്ന സൈഡ് ബിസിനസായി മാറിയിട്ടുണ്ട് എക്‌സ്‌പ്ലോസീവ് ലൈസന്‍സ്.
ആറുകളിലും തോടുകളിലും ജലാശയങ്ങളിലും തോട്ട പൊട്ടിച്ച് മീന്‍ പിടിക്കുന്നതിനും ഈ സ്‌ഫോടക വസ്തുക്കള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. ഇത് സംബന്ധിച്ച് മത്സ്യത്തൊഴിലാളി സംഘടനകള്‍ നേരത്തെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഏറെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തം. ലൈസന്‍സുള്ളവര്‍ വില്‍ക്കുന്ന സ്‌ഫോടക വസ്തുക്കള്‍ ദേശവിരുദ്ധ ശക്തികളുടെ പക്കല്‍ എത്തിച്ചേരാനുള്ള സാധ്യതയും വളരെ കൂടുതലാണെന്നാണ് പൊതു വിലയിരുത്തല്‍.
ഒരു എക്‌സ്‌പ്ലോസീവ് ലൈസന്‍സ് ഉപയോഗിച്ച് ഒട്ടനവധി ക്വാറികളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായി വ്യക്തമായിട്ടുണ്ട്. ഒരു വില്ലേജില്‍പ്പെട്ട ഒരു ക്വാറിക്ക് നല്‍കുന്ന ലൈസന്‍സ് മറ്റ് വില്ലേജുകളിലെ അനധികൃത ക്വാറി നടത്തിപ്പിനുവരെ ഉപയോഗിച്ചുവരുന്നുണ്ട്. ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍.