Connect with us

Wayanad

മന്ത്രി കനിഞ്ഞു; അന്ധരായ കുട്ടപ്പനും കുടുംബത്തിനും പ്രാഥമിക ചികിത്സക്ക് രണ്ടര ലക്ഷം

Published

|

Last Updated

കല്‍പ്പറ്റ: മന്ത്രി പി കെ ജയലക്ഷ്മിയിലൂടെ കനിവില്‍ കുട്ടപ്പനും സഹോദരങ്ങളും പ്രതീക്ഷയുടെ ലോകത്തേക്ക് നടന്നടുക്കുന്നു. ആലപ്പുഴ ജില്ലയിലെ മുഹമ്മയില്‍ പപ്പാളിവെളിയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അന്ധരായ കുട്ടപ്പനും സഹോദരങ്ങളായ മുകുന്ദനും ഗോപിനാഥനും ഗോപിനാഥന്റെ രണ്ട് മക്കളും അടക്കം അഞ്ച് പേര്‍ക്കാണ് കാഴ്ച ലഭിക്കുന്നതിനുള്ള ചികിത്സക്ക് സഹായ ഹസ്തവുമായി പട്ടികവര്‍ഗ ക്ഷേമ-യുവജനകാര്യ മന്ത്രി പി കെ ജയലക്ഷ്മി നടപടി തുടങ്ങിയത്. പ്രാഥമിക ചികിത്സക്കായി രണ്ടര ലക്ഷം രൂപ അനുവദിച്ച് പട്ടികവര്‍ഗ വികസന വകുപ്പ് ഉത്തരവായി.
ജന്മനാ കാഴ്ചയില്ലാത്ത ഇവരും ക്യാന്‍സര്‍ രോഗിയായ അമ്മയും നീതിക്കായി മുട്ടാത്ത വാതിലുകളില്ല. പട്ടികവര്‍ഗക്കാരായ ഇവര്‍ 2013 മെയ് 20 മുതല്‍ ആലപ്പുഴ കലക്ടറേറ്റിനു മുമ്പില്‍ നടത്തിയ സത്യഗ്രഹ സമരത്തോടെയാണ് പ്രശ്‌നം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. ദ്രാവിഡ മുന്നേറ്റ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ നടന്ന സമരം മെയ് 27ന് ആലപ്പുഴ കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി. ഇതനുസരിച്ചുളള നടപടികളാണ് ഇപ്പോള്‍ നടന്നുവരുന്നത്.
ശരീരത്തിലെ ഒരു ജീനിന്റെ തകരാര്‍ മൂലമാണ് ഇവര്‍ക്കും അഞ്ച് പേര്‍ക്കും കാഴ്ചയില്ലാത്തത് എന്ന് മധുര അരവിന്ദ് കണ്ണാശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഏത് ജീനിനാണ് പ്രശ്‌നമെന്നറിയാന്‍ ഇവരുടെ ശരീരത്തില്‍ നിന്നെടുത്ത സാമ്പിളുകള്‍ അമേരിക്കയിലേക്ക് പരിശോധനക്ക് അയക്കും. റിസള്‍ട്ട് വന്നാലുടന്‍ ശസ്ത്രക്രിയ നടത്തും. തുടര്‍ ചികിത്സക്കുളള സംവിധാനങ്ങളും ഒരുക്കും. ക്യാന്‍സര്‍ ബാധിതയായ ഇവരുടെ മാതാവിന് ചികിത്സാ ധനസഹായമായി ആദ്യ ഘട്ടത്തില്‍ പതിനായിരം രൂപയും അനുവദിച്ചു. ഗോപിനാഥനും മുകുന്ദനും സ്വയം തൊഴിലായി ലോട്ടറി കച്ചവടം നടത്തുന്നതിന് അറുപത്തി അയ്യായിരം രൂപ വീതവും അനുവദിച്ചു.
ഭൂരഹിതരായ ഇവര്‍ക്ക് വീട് വെക്കാന്‍ ഭൂമി വാങ്ങാന്‍ പത്ത് ലക്ഷം രൂപ നല്‍കും. യു ഡി എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഭൂരഹിതരായ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങാന്‍ പത്ത് ലക്ഷം രൂപ നല്‍കുന്ന പദ്ധതിയിലെ ആദ്യ ഗുണഭോക്താവായിരിക്കും ഇവര്‍. ഈ പദ്ധതിയുടെ ഉത്തരവ് പുറത്തിറങ്ങി. മാനദണ്ഡങ്ങള്‍കൂടി വിജ്ഞാപനമായി പുറത്തിറങ്ങുന്നതോടെ പദ്ധതി ആരംഭിക്കും.
സംഗീതപരിപാടികള്‍ അവതരിപ്പിച്ച് ഉപജീവനം നടത്തുന്നവരാണ് ഇവരുടെ കുടുംബം. കുട്ടപ്പന് സംഗീത ഉപകരണമായ കീ ബോര്‍ഡ് വാങ്ങുന്നതിന് സാമ്പത്തിക സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇതിന് പട്ടികവര്‍ഗ വികസന വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഭ്യസ്തവിദ്യനായ കുട്ടപ്പന്‍ പി എസ് സിയുടെ അഞ്ച് റാങ്ക് ലിസ്റ്റുകളില്‍ ഒന്നാം റാങ്കുകാരനാണ്. എന്നാല്‍ നൂറ് ശതമാനം കാഴ്ചയില്ലാത്ത ആളായതിന്റെ പേരില്‍ ജോലി ലഭിച്ചിരുന്നില്ല. ടെലഫോണ്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ എവിടെയെങ്കിലും ഒഴിവുണ്ടെങ്കില്‍ നിയമനത്തിന് ശ്രമം ആരംഭിച്ചിട്ടുണ്ട്.